Connect with us

Kasargod

രാത്രികാലങ്ങളിലെ മാലിന്യനിക്ഷേപം തടയാന്‍ നഗരസഭാ ജീവനക്കാരുടെ സ്‌ക്വാഡ്

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് നഗരം അടക്കം നഗരസഭാപരിധിയിലെ വിവിധഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ നടത്തുന്ന മാലിന്യനിക്ഷേപം തടയാന്‍ നഗരസഭാജീവനക്കാരുടെ സ്‌ക്വാഡ് രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാത്രികാലങ്ങളില്‍ നഗരസഭാപ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതേ പോലെ തന്നെ മാലിന്യങ്ങള്‍ തള്ളുന്നുണ്ടെന്നും ഇതിനെതിരെ സത്വരനടപടിയെടുക്കുമെന്നും സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.
മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നഗരസഭാജീവനക്കാരുടെ സ്‌ക്വാഡിന് രൂപം നല്‍കിയത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് മുകളില്‍ പകര്‍ച്ചവ്യാധിഭീഷണി ഉയര്‍ത്തുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ കൗണ്‍സില്‍ യോഗം നിര്‍ദേശിച്ചു. കൗണ്‍സിലര്‍ പി രമേശ് ആണ് മാലിന്യപ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചത്.
കാസര്‍കോട് നഗരം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്ന് രമേശ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. താളിപ്പടുപ്പില്‍ ഒരാളുടെ മരണത്തിനിടയാക്കിയ പകര്‍ച്ചവ്യാധിയെക്കുറിച്ച് അന്വേഷണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.