Connect with us

Kerala

ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കുന്നതിന് നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്കും മറ്റു നിക്ഷേപ പദ്ധതികള്‍ക്കും ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കുമ്പോള്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇളവ് ലഭിക്കുന്ന ഓരോ ഏക്കറിലും പത്ത് കോടി നിക്ഷേപവും 20 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നതുമാണ് വ്യവസ്ഥ. വ്യവസായം, ഐ ടി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകള്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.
ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും ഈ ആനുകൂല്ല്യം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമിയുടെ ലഭ്യത കുറയുകയും ഭൂമിക്ക് മേല്‍ സമ്മര്‍ദം കൂടി വരികയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇളവ് നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇളവ് നേടി ഭൂമി ദുര്‍വിനിയോഗം ചെയ്യുന്നത് തടയും. നിക്ഷേപ പദ്ധതിക്കായതിനാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കില്ല. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് 15 ഏക്കറില്‍ കൂടുതലുള്ള ഭൂമി മിച്ച ഭൂമിയായാണ് കണക്കാക്കുന്നത്. അങ്ങനെയുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്ലാന്റേഷന്‍ മേഖലയിലും ഈ ആനുകൂല്യം ലഭിക്കില്ല. അവിടെ അഞ്ച് ശതമാനം ഭൂമി ടൂറിസം ഉള്‍പ്പെടെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കേന്ദ്ര പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഇളവ് പരിഗണിക്കും. ഓരോ പദ്ധതിയുടെയും സ്വഭാവം മനസ്സിലാക്കിയാകും ഇത്. ഭൂപരിധി നിയമത്തില്‍ ഇളവ് നേടി കുറഞ്ഞ നിക്ഷേപം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഇളവ് നേടിയ ശേഷം ഭൂമി വെറുതെ ഇടുന്നതും തടയും. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പലഫോറങ്ങളിലും ഇക്കാര്യം ചര്‍ച്ചാവിഷയമായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest