Connect with us

National

നിതീഷ് കുമാറിനെ പുകഴ്ത്തിയും മോദിയെ വിമര്‍ശിച്ചും കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തിയും മോദിയെ രൂക്ഷമായി പരിഹസിച്ചും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിതീഷ് കുമാര്‍ കൂടി പങ്കെടുത്ത വേദിയിലായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം. പ്രധാനമന്ത്രി തന്നെ നക്‌സല്‍ എന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് വിളിച്ചിരുന്നതെന്നും ഇപ്പോള്‍ ബീഹാറിലെ ജനങ്ങളുടെ ഡി എന്‍ എയെ കുറ്റം പറയുന്ന അദ്ദേഹം അത് ആവര്‍ത്തിക്കുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ മാനസികാവസ്ഥ തന്നെയാണ് ഡല്‍ഹിക്കും എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദി പറഞ്ഞുകൊണ്ടിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ഡല്‍ഹിയുടെ മനസ്സ് മോദി തിരിച്ചറിഞ്ഞത്. എഴുപതില്‍ 67 സീറ്റും എ എ പിക്ക് ലഭിച്ചു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവിടുത്തെ ജനങ്ങളുടെ മനസ്സും മോദി തിരിച്ചറിയുമെന്നും കെജ്‌രി വാള്‍ പരിഹസിച്ചു.
ഡല്‍ഹിയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ബീഹാറികളോട് ഒരു അഭ്യര്‍ഥനയും കെജ്‌രിവാള്‍ നടത്തി. ബീഹാറിലുള്ള തങ്ങളുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് നിതീഷ് കുമാറിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടണം എന്നതായിരുന്നു അത്. ഡല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് ആവശ്യപ്പെട്ട് ഒരാഴ്ചക്കകം ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനില്‍ അനുവദിച്ച നിതീഷ് കുമാറിനോട് കെജ്‌രിവാള്‍ നന്ദി പറഞ്ഞു.
മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബീഹാര്‍ പാക്കേജിനെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു. മോദിയുടെ കൈയില്‍ അത്രക്കും പണമുണ്ടെങ്കില്‍ ജന്തര്‍മന്തറില്‍ മാസങ്ങളായി സമരം ചെയ്യുന്ന വിമുക്തഭടന്മാര്‍ ആവശ്യപ്പെടുന്നത് പോലെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ അദ്ദേഹം തയ്യാറാകുകയാണ് വേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.