Connect with us

National

പാക് ചര്‍ച്ചക്ക് ക്ഷണിച്ച ഹൂറിയത് വിഘടനവാദി നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കി, പിന്നീട് വിട്ടയച്ചു

Published

|

Last Updated

ജമ്മു: പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജമ്മു കാശ്മീരിലെ ഹൂറിയത് വിഘടനവാദി നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനി, മോഡറെയ്റ്റ് ഹുറിയത്ത് വിഭാഗം ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ്, അബാസ് അന്‍സാരി, ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസിന്‍ മാലിക്ക് എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് ഹുറിയത്ത് തീവ്ര വിഭാഗം നേതാവ് സയിദ് അലീഷാ ഗിലാനി, മിതവാദി വിഭാഗം നേതാവ് മിര്‍വെയിസ് ഒമര്‍ ഫറൂഖ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളേ പാകിസ്താന്‍ അധികൃതര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നത്.

കാഷ്മീര്‍ വിഘടനവാദികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച പാക്കിസ്ഥാനു ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. അടുത്ത ദിവസം ഡല്‍ഹിയില്‍ എത്തുന്ന പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താസ് അസീസുമായി ചര്‍ച്ച നടത്തുന്നതിനാണ് വിഘടനവാദി നേതാക്കളെ പാക്കിസ്ഥാന്‍ ക്ഷണിച്ചത്. പാക് സുരക്ഷ ഉപദേഷ്ടാവുമായി നേതാക്കള്‍ക്ക് അത്താഴ വിരുന്നും തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് പോലീസ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

ഡല്‍ഹിയില്‍ വെച്ച് അടുത്തയാഴ്ച നടക്കുന്ന ചര്‍ച്ചക്ക് ഹുറിയത്ത് നേതാക്കളെ ക്ഷണിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.

ഒരു വര്‍ഷത്തിനു ശേഷമാണ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ക്കു മുമ്പ് പാകിസ്താന്‍ ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ജൂലായില്‍ ഇന്ത്യ ചര്‍ച്ച റദ്ദാക്കിയിരുന്നു.

Latest