Connect with us

Gulf

കറുവപ്പട്ടക്ക് പകരം കാസിയ; പാശ്ചാത്യ നാടുതകളില്‍ എലിവിഷം

Published

|

Last Updated

അല്‍ ഐന്‍: കറുവപ്പട്ട എന്ന ലേബലില്‍ വിപണിയില്‍ ലഭ്യമാകുന്നത് കറുവപ്പട്ടയുടെ അതേ രൂപവും അതിലേറെ രുചിയുമുള്ള കാസിയ. മാരകമായ കമറിന്‍ അടങ്ങിയ വിഷം ഇതിലുണ്ട്. ഇന്ത്യയിലും യു എ ഇ യിലുമടക്കം വിപണിയില്‍ സുലഭമായി ലഭ്യമാവുന്നത് വൈരുധ്യം. എളുപ്പത്തില്‍ തിരിച്ചറിയാനാവാത്ത ഇവ വ്യാപകമാകുമ്പോള്‍ ഉപഭോക്താക്കളും കച്ചവടക്കാരും ഒരുപോലെ വഞ്ചിക്കപ്പെടുകയാണ്.
കരുവപ്പട്ടയുടെ മൂന്നിലൊന്ന് മാത്രം വിപണിയില്‍ വിലയുള്ള ഈ വിഷം ആയുര്‍വേദ മരുന്ന് നിര്‍മാണം മുതല്‍ ഹോട്ടലുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്ക് വരെ പ്രിയമുള്ളതായി മാറിയിട്ടുണ്ട്. കറുവയുടെ ഇന്ത്യന്‍ വിപണിയിലെ ശരാശരി വില 350 രൂപയാണെങ്കില്‍ കാസിയ കിലോക്ക് 100 രൂപയ്ക്കും അതിന് താഴെയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. റിയാദിലെ കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയിലും അമേരിക്കയിലെ മിസിസിപ്പി യൂണിവേഴ്‌സിറ്റിയിലും നടന്ന ഗവേഷണങ്ങളില്‍ കരള്‍ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന മാരകമായ കമറിന്‍ (Coumarin) വിഷം കണ്ടെത്തിയ കാസിയക്കു യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ യു എ ഇ യിലെ നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഇപ്പോഴും വ്യാപകമായി കാസിയ കാണപ്പെടുന്നുണ്ട്. കമറിന്‍ കണ്ടെത്തിയതിനാല്‍ ഇത് എലിവിഷത്തിന് വേണ്ടിയാണ് പ്രധാനമായും അമേരിക്കയുള്‍പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. വിഷാംശം കണ്ടെത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ പത്ത് രൂപയായി വിലയിടിഞ്ഞ ഈ വിഷത്തിന് ഇപ്പോള്‍ പ്രധാനവിപണി ഇന്ത്യയാണ്. ചൈന, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കാസിയ ഇപ്പോഴും ഇന്ത്യയിലെത്തുന്നു.
കമറിന്‍ അടങ്ങിയതിനാല്‍ കാസിയ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി സംസ്ഥാനങ്ങള്‍ക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കിയിട്ടും വിപണിയില്‍ ഇപ്പോഴും കാസിയ സുലഭമായി വില്‍ക്കപ്പെടുന്നു. ഏറെ സാമ്യമുള്ള കറുവയും കാസിയയും നല്ല ശ്രദ്ധയോടെ പരിശോധിച്ചാല്‍ നമുക്കും തിരിച്ചറിയാനാകും.
കരുവപ്പട്ട ഘനം കുറഞ്ഞതിനാല്‍ പച്ചയില്‍ ചുരുട്ടുമ്പോള്‍ അഞ്ചും ആറും കറുവത്തോലുകള്‍ അടുക്കിവെച്ച് ചുരുട്ടി ഉണക്കിയാണ് കയറ്റി അയക്കുന്നത്. കൈകൊണ്ട് തന്നെ പൊട്ടിക്കാനാകും. കാസിയ ഘനവും ഉറപ്പും കൂടിയതിനാല്‍ ഒറ്റത്തൊലിയായി അത് തന്നെ അധികം ചുരുളാതെ മടങ്ങിക്കിടക്കുന്നു. ഇരുമ്പോ മറ്റോ ഉപയോഗിച്ച് പൊട്ടിക്കേണ്ടി വരുന്നു.ഇളം തവിട്ട് നിറമാണ് യഥാര്‍ഥ കരുവക്ക് ഉണ്ടാവുക. എന്നാല്‍ കാസിയ കടും തവിട്ട് നിറത്തില്‍ കാണുന്നു. ചിത്രത്തില്‍ അടയാളപ്പെടുത്തിയത് കാണുക
കറുവപ്പട്ട കടിച്ച് നോക്കിയാല്‍ സ്വാദിഷ്ടമായ ഇളം എരിവും പുളിയും മധുരവും കലര്‍ന്നതാണ്. എന്നാല്‍ കാസിയ എരിവും മധുരവും വാസനയും പതിന്‍മടങ്ങായി അനുഭവപ്പെടുന്നു. കണിക്കൊന്ന പോലെ മഞ്ഞ നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന മരമാണ് കാസിയ. കരുവപ്പെട്ട കേരളത്തില്‍ സുലഭമായി കണ്ടുവരുന്നതാണ്. വിലകുറഞ്ഞ കാസിയ സുലഭമായതോടെ കണ്ണൂര്‍ ജില്ലയിലടക്കം കറുവ കര്‍ഷകര്‍ കൃഷി ഒഴിവാക്കേണ്ട അവസ്ഥയിലണുള്ളത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Latest