Connect with us

Kozhikode

അറബിക് സര്‍വ്വകലാശാല സര്‍ക്കാര്‍ നിലപാട് ജനവഞ്ചന - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് : സംസ്ഥാനത്ത് അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തില്‍ നിന്നുള്ള യു ഡി എഫ് സര്‍ക്കാറിന്റെ പിന്‍മാറ്റം ജനവഞ്ചനയാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. സാമുദായിക പ്രശ്‌നം ചൂണ്ടിക്കാട്ടി പദ്ധതിയോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നത് സംഘ്പരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാഷയെ മതവല്‍കരിക്കുകയും അതുവഴി വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യാനുള്ള നീക്കം ഉത്കണ്‍ഠാജനകമാണ്. മതേതര മുദ്രാവാക്യങ്ങളുയര്‍ത്തി അധികാരത്തിലേറിയവരില്‍ നിന്നുണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ സംസ്ഥാനത്ത് വര്‍ഗീയ സംഘടനകള്‍ക്ക് വേരുറപ്പിക്കാനുള്ള അവസരമൊരുക്കും.
അറബിക് സര്‍വ്വകലാശാലയെന്ന ആവശ്യം സാമുദായികമല്ല. ഭാഷയെ ആശയവിനിമയോപാധിയായി കാണുന്നതിനു പകരം സങ്കുചിത മനസ്സോടെ സമീപിക്കാനാണ് ചിലര്‍ തിടുക്കപ്പെടുന്നത.് അറബിക് സര്‍വ്വകലാശാലയെന്ന ആവശ്യത്തില്‍ വര്‍ഗ്ഗീയ താത്പര്യമുണ്ടെന്ന് ഭയക്കുന്നവര്‍ക്ക് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഈ തിരിച്ചറിവുണ്ടായില്ലെന്നത് ആശ്ചര്യകരമാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് ഒരു ഭാഷയെ മുഖ്യ വിനിമയ മാധ്യമമാക്കി സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ അനൗചിത്യമുണ്ടാകേണ്ടതില്ല. ഭരണത്തിന്റെ അവസാന നാളുകളിലെങ്കിലും പഴയ വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാര്‍ ഇഛാശക്തി കാട്ടണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എന്‍ വി അബുദുറസാഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ്, ഉമര്‍ ഓങ്ങല്ലൂര്‍, പി എ മുഹമ്മദ് ഫാറൂഖ് നഈമി, കെ അബ്ദുറശീദ് , കെ സൈനുദ്ദീന്‍ സഖാഫി, മുഹമ്മദലി കിനാലൂര്‍, സി കെ റാശിദ് ബുഖാരി, സി എന്‍ ജഅ്ഫര്‍, സികെ ശക്കീര്‍, ഡോ നൂറുദ്ദീന്‍, അശ്‌റഫ് അഹ്‌സനി, മുനീര്‍ നഈമി സംബന്ധിച്ചു

---- facebook comment plugin here -----

Latest