Connect with us

Articles

പ്രതീക്ഷകള്‍ക്ക് നടുവില്‍ വിഴിഞ്ഞം

Published

|

Last Updated

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ പദ്ധതി അദാനിയുടെ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രൗഢമായ ചടങ്ങില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സന്തോഷ് മഹാപാത്രയും സംസ്ഥാന സര്‍ക്കാറിന് വേണ്ടി തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസുമാണ് കരാറില്‍ കൈയൊപ്പ് ചാര്‍ത്തിയത്.
കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് നിര്‍മ്മാണോദ്ഘാടനം നടത്താനാണ് പദ്ധതി. ആയിരം ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതി ഇനി നടക്കും എന്ന തോന്നലിലേക്ക് കാര്യങ്ങളെത്തിയെന്ന് ചുരുക്കം. എങ്കിലും ഒന്നും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സമയമായിട്ടുമില്ല. ആദ്യമായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് വിഴിഞ്ഞം പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയ ചരിത്രമുണ്ട്. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ഒരിക്കല്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയ പദ്ധതിയാണിത്. ഓരോ തറക്കല്ലിന് മുകളിലും പുതിയൊരു കല്ല് വന്നതാണ് ഇന്നലെ വരെയുള്ള ചരിത്രം. ടെന്‍ഡറും ബിഡും കരാറുമെല്ലാം പല തലങ്ങളില്‍ ചര്‍ച്ചയായതിനപ്പുറം ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ലെന്ന് മാത്രം. ഇപ്പോള്‍ കാര്യങ്ങളെല്ലാം അദാനിയില്‍ ചെന്ന് അവസാനിച്ചിരിക്കുന്നു.
വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും അതിലേറെ വിവാദങ്ങളും നിറഞ്ഞുനിന്ന പദ്ധതിയെന്നാകും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കാവുന്ന ഒരു നിര്‍വ്വചനം. അദാനിയുമായി കരാര്‍ ഒപ്പ് വെച്ച ശേഷവും അതേപടി ഇതെല്ലാം തുടരുന്നുമുണ്ട്. പദ്ധതിയെ അപ്പാടെ എതിര്‍ക്കുന്നവര്‍, കരാറിലെ വ്യവസ്ഥകളെ എതിര്‍ക്കുന്നവര്‍, അദാനിയെ എതിര്‍ക്കുന്നവര്‍, പദ്ധതി വരുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും തൊഴില്‍ രഹിതരാകുന്നവരുടെയും പ്രതിഷേധം, തുടങ്ങി ചെറുതും വലുതുമായ തടസവാദങ്ങള്‍ പൂര്‍ണ്ണമായി നീക്കാന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല.
കരാറിലെ വ്യവസ്ഥകളെ ചൊല്ലിയുള്ള സംശയങ്ങളും പൂര്‍ണ്ണമായി നീക്കുന്നതില്‍ സര്‍ക്കാറിന് വിജയിച്ചോയെന്ന സംശയവും ബാക്കിയാണ്. കേന്ദ്രവും സംസ്ഥാനവും മുടക്കുന്ന തുകക്ക് ആനുപാതികമായൊരു നിക്ഷേപം സ്വകാര്യ കമ്പനിയില്‍ നിന്നുണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ഒരു പരാതി. മുല്ലപ്പെരിയാര്‍ ജലം തമിഴ്‌നാടിന് നല്‍കാന്‍ കരാര്‍ ഒപ്പിട്ടത് പോലെ വിഴിഞ്ഞം അദാനിക്ക് തീറെഴുതുന്നുവെന്ന് പറയുന്നവരുമുണ്ട്.
7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതില്‍ തന്നെ 1635 കോടി അദാനിക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതല്‍മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നില്‍ താഴെ മാത്രമാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതാകട്ടെ നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ബേങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി സമാഹരിക്കാന്‍ തീരുമാനിച്ച 2500 കോടിയിലേതിനേക്കാള്‍ കുറവാണെന്നും പ്രതിപക്ഷം പറയുന്നു. സര്‍ക്കാര്‍ ഈ കണക്കുകള്‍ തള്ളുന്നു. 5552 കോടി രൂപ മുതല്‍മുടക്കുള്ള ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ 3600 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്ത് നിന്ന് ലഭിക്കുമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് പദ്ധതിയോടല്ല, കരാറിലെ വ്യവസ്ഥകളോടാണ്. പദ്ധതി കേരളത്തിന് വേണ്ടതാണെന്നതില്‍ സമവായം സാധ്യമായിട്ടുമുണ്ട്. സംശയങ്ങളുടെയും തടസവാദങ്ങളുടെയും അടിസ്ഥാനം രാഷ്ട്രീയമാണെന്ന് അനുമാനിക്കുന്നവരുമുണ്ട്. എന്തായാലും വിഴിഞ്ഞം തുറമുഖം അതിന്റെ നിര്‍മ്മാണ കാലയളവിലും നടത്തിപ്പു കാലയളവിലും കേരളത്തിന്റെ വന്‍തോതിലുള്ള വികസനത്തിനു വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാനെത്ത ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഇത്രയും വലിയൊരു നിക്ഷേപം ഇതാദ്യമായാണ്.
നിര്‍മാണ കാലയളവില്‍ പ്രത്യക്ഷ പരോക്ഷ നികുതിയിനത്തില്‍ സംസ്ഥാനത്തിനു ഗണ്യമായ വരുമാനം ലഭിക്കും. പദ്ധതിയില്‍ നിന്നും നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടാതെ തുറമുഖത്തിനായി ഇവിടെ ഉണ്ടാകുന്ന അനുബന്ധ വ്യവസായങ്ങളിലൂടെ അനേകം തൊഴിലവസരങ്ങള്‍ പരോക്ഷമായി സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിംഗ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങള്‍ സംസ്ഥാനത്ത് വളരും. ഒരു തുറമുഖത്തിന്റെ വരവോടുകൂടി അത് സൃഷ്ടിക്കുന്ന സാമ്പത്തിക പുരോഗതിയിലും ഉത്പാദനക്ഷമതയുടെ വര്‍ധനവിലും ആകൃഷ്ടരായി നിരവധി പുതിയ വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ വിഴിഞ്ഞം സാധ്യതയൊരുക്കും.തുറമുഖത്തിനൊപ്പം തുറമുഖത്തിനു സമീപമുള്ള പ്രദേശങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി തുറമുഖേതര പ്രവര്‍ത്തനങ്ങളായ പോര്‍ട്ട് എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റും വിഴിഞ്ഞം പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ഇത് കാലക്രമേണ നിക്ഷേപത്തിനും അതുമൂലമുള്ള വികസനത്തിനും വഴിയൊരുക്കുമെന്നാണ് കണക്ക് കൂട്ടല്‍. കേരളത്തിലെ നിലവിലുള്ള റോഡുകളുടെ പരിമിതമായ വികസന സാധ്യതയും ചരക്കു ഗതാഗതത്തിനുള്ള അനുദിനം വര്‍ദ്ധിക്കുന്ന ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ കടല്‍ മാര്‍ഗ്ഗമുള്ള ചരക്കു ഗതാഗതത്തിന്റെ വളര്‍ച്ചക്ക് കരുത്ത് പകരാന്‍ വിഴിഞ്ഞം തുറമുഖത്തിനു കഴിയും. ദക്ഷിണ കേരളത്തിനും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ക്കും ആവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതിയും അണിയറയില്‍ വിഭാവനം ചെയ്യുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ സര്‍ക്കാറിന് കഴിയണം. പ്രദേശ വാസികളെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കടലിനോട് മല്ലടിക്കുന്ന മത്സ്യതൊഴിലാളികളെ. വിഴിഞ്ഞം പ്രദേശത്തുള്ളവരാരും പദ്ധതിയെ എതിര്‍ക്കുന്നവരല്ല. എതിര്‍ത്തവരും കോടതിയില്‍ പോയവരും ആ മേഖലയിലെ റിസോര്‍ട്ട് ലോബികളായിരുന്നു. പാവപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ നാട് വികസിക്കുന്നത് സ്വപ്‌നം കാണുന്നവരാണ്. അങ്ങിനെയുള്ളവരെ കുടിയിറക്കി വഴിയാധാരമാക്കുന്ന സാഹചര്യം ഉണ്ടാകരുത്. പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പ്രകാരം വലിയ കടപ്പുറം പ്രദേശത്തെ 75 കമ്പവല തൊഴിലാളികളും മുല്ലൂര്‍ മേഖലയിലെ 250 ചിപ്പിത്തൊഴിലാളികളും ഉള്‍പ്പെടെ 325 പേര്‍ക്ക് മാത്രമെ തൊഴില്‍ നഷ്ടപ്പെടൂവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇവരുടെയും കൂടാതെ പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ 2000 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാകുമെന്നും ഔദ്യോഗികമായി കണക്കാക്കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം ഈ കണക്കില്‍ ഒതുങ്ങുമെന്ന് കരുതാന്‍ വയ്യ. അവര്‍ക്കെല്ലാമായി നല്ലയൊരു പാക്കേജ് രൂപപ്പെടുത്തണം.
തീരദേശ വ്യതിയാനമുണ്ടാകുമെന്നാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്ന മറ്റൊരാശങ്ക. പരിസ്ഥിതി പഠനത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ ഈ വിഷയം അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് എര്‍ത്ത് സര്‍വ്വീസിന്റെ കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസുമായി സഹകരിച്ച്, തീരദേശ ആഘാതം സംബന്ധിച്ച് “മോഡലിംഗ്” ഉള്‍പ്പെടെയുള്ള പഠനം പാരിസ്ഥിതികാഘാത പഠനത്തിന്റെ ഭാഗമായി നടത്തിയിരുന്നു. പദ്ധതി മൂലം തീരദേശ വ്യതിയാനം ഉണ്ടാവുകയില്ലെന്നാണ് പ്രസ്തുത പഠന പ്രകാരം കണ്ടെത്തിയിട്ടുള്ളതെങ്കിലും ആശങ്കയകറ്റാന്‍ ഇത് പര്യാപ്തമല്ല

 

---- facebook comment plugin here -----

Latest