Connect with us

National

ജയം അവകാശപ്പെട്ട് കോണ്‍ഗ്രസും

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ബി ജെ പിയും കോണ്‍ഗ്രസും ഒരു പോലെ അവകാശവാദവുമായി രംഗത്ത്. ബി ജെ പിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നു.
എന്നാല്‍, ഫലം കോണ്‍ഗ്രസിന് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. വസുന്ധരാ രാജെക്കെതിരായ അഴിമതി ആരോപണങ്ങള്‍ ജനം ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് ഫലമെന്നും അവര്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ് 40 മുന്‍സിപ്പാലിറ്റികളില്‍ മുന്നിലെത്തുകയും 17 എണ്ണത്തില്‍ ബി ജെ പിക്ക് ഒപ്പത്തിനൊപ്പം എത്തുകയും ചെയ്ത് തിരിച്ചുവരവ് നടത്തിയെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം പ്രവര്‍ത്തകരുടെ മനോവീര്യം തകരാതെ നോക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ് ഏതാനും മാസമായി വസുന്ധരാ രാജെക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ ജനം തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് ഫലമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ വ്യാപം കേസില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചാരണവും ഏശിയിരുന്നില്ലെന്ന് അവിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പും തെളിയിച്ചിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബി ജെ പിക്കേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് തിരിച്ചടിച്ചത്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ട് മുന്‍സിപ്പാലിറ്റിയിലും ജയിച്ചത് കോണ്‍ഗ്രസാണ്. ബി ജെ പിക്ക് 36 ശതമാനം വോട്ടാണ് നേടിയത്. കോണ്‍ഗ്രസിന് അതിന്റെ തൊട്ടുതാഴെയും. 64 ശതമാനം പേരും വോട്ട് ചെയ്തത് ബി ജെ പിക്ക് എതിരാണെന്നും ഇത് യഥാര്‍ഥ ജനവികാരം ആര്‍ക്ക് എതിരാണെന്ന് വ്യക്തമാക്കുന്നുവെന്നൂം പൈലറ്റ് വിശദീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി എറെ മുന്നോട്ട് പോകാന്‍ പാര്‍ട്ടിയെ സഹായിച്ച പ്രവര്‍ത്തകരോട് അദ്ദേഹം നന്ദി പറഞ്ഞു. പാര്‍ട്ടി തിരിച്ചു വരവിന്റെ പാതയിലാണെന്നതിന് തെളിവാണെന്ന് ഈ വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു.