Connect with us

Kozhikode

അഗസ്ത്യന്‍ മുഴിയില്‍ കടയുടെ പൂട്ട് തകര്‍ത്ത് അര ലക്ഷം കവര്‍ന്നു

Published

|

Last Updated

മുക്കം: മുക്കത്തെ കച്ചവടക്കാരെയും ജനങ്ങളെയും ഞെട്ടിച്ച് മുക്കത്ത് വീണ്ടും മോഷണം. അഗസ്ത്യന്‍മുഴി അങ്ങാടിയിലെ ചായക്കടയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. കടയുടെ പിറകുവശത്തെ കതകിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന നാല്‍പത്തി രണ്ടായിരം രൂപയാണ് മോഷ്ടാവ് കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക് കടയുടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. അഗസ്ത്യന്‍മുഴിയിലെ എ കെ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മുക്കം പോലീസെത്തി അന്വേഷണമാരംഭിച്ചു. മുക്കം ഭാഗത്ത് കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. കഴിഞ്ഞ മാസം 29ന് 78 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും ഒരു റാഡോ വാച്ചും പതിനയ്യായിരം രൂപയുമടക്കം 15 ലക്ഷം രൂപയുടെ മോഷണമാണ് നടന്നത്. ഈ മാസം 12ന് മുക്കം അഭിലാഷ് ജംഗ്ഷനിലെ വിസ്മയ ഗോള്‍ഡിന്റെ ചുമരും ലോക്കറും തകര്‍ത്ത് മൂന്ന് കിലോ സ്വര്‍ണവും നാലര കിലോ വെള്ളിയും നാല് ലക്ഷം രൂപയും കൊള്ളയിടിച്ചിരുന്നു. മോഷണം തുടര്‍ക്കഥയാകുകയും ഒരു കേസിലും പ്രതികളെ പിടികൂടാതിരിക്കുകയും ചെയ്തതോടെ മുക്കത്തെയും പരിസരങ്ങളിലെയും കച്ചവടക്കാരും ജനങ്ങളും ഭീതിയിലാണ്. ജ്വല്ലറി കവര്‍ച്ചകേസുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ട് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കേസന്വേഷണം കൃത്യമായ ദിശയിലെത്തിക്കാനായിട്ടില്ല. മുക്കം പോലീസ് സ്റ്റേഷനു തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടക്കുന്നതെന്നും ശ്രദ്ധേയമാണ്.

Latest