Connect with us

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി മരിച്ച സംഭവം: നരഹത്യക്ക് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ശ്രീകാര്യം സി ഇ ടിയില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് മനഃപൂര്‍വമുള്ള നരഹത്യക്ക് കേസെടുത്തു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജുവടക്കം പതിനൊന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവസമയത്ത് ബൈജുവാണ് ജീപ്പ് ഓടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്യാമ്പസിലെ മെന്‍സ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ്കുമാര്‍ ഗരുഡ് നേതൃത്വം നല്‍കി.
ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ ബൈജുവിന്റെ മുറിയില്‍ നിന്ന് രക്തക്കറ പുരണ്ട ഷര്‍ട്ടും മുണ്ടും പോലീസ് കണ്ടെത്തിയിരുന്നു. ഹോസ്റ്റലിന്റെ പരിസരത്ത് നിന്ന് കുറുവടികളും കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന മാരുതി വാനും ഹോസ്റ്റല്‍ മുറികളില്‍ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെത്തിയതായും പോലീസ് പറഞ്ഞു. കാര്യവട്ടം ക്യാമ്പസിന്റെ പിറകില്‍ നിന്ന് വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട ജീപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. തുറന്ന ജീപ്പ് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നുവെന്നും ഇവരെല്ലാം ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്.
ക്യാമ്പസിനകത്തേക്ക് തുറന്ന വാഹനങ്ങളിലെത്തിയ വിദ്യാര്‍ഥിസംഘത്തിന്റെ ജീപ്പിടിച്ച് തലക്ക് സാരമായി പരുക്കേറ്റാണ് സിവില്‍ എന്‍ജിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി വഴിക്കടവ് സ്വദേശിനി തെസ്‌നി ബഷീര്‍ മരിച്ചത്. മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 12.30 ഓടെ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം, വൈകീട്ട് 4.50 ഓടെ സ്വദേശമായ നിലമ്പൂരിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10.30ന് വഴിക്കടവ് മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ബുധനാഴ്ച വൈകുന്നേരം നാല് മണിക്കുണ്ടായ അപകട വിവരം രാത്രി ഒമ്പത് മണിക്കാണ് കോളജ് അധികൃതര്‍ പോലീസിനെ അറിയിച്ചതെന്ന് പരാതിയുണ്ട്. മദ്യലഹരിയിലായിരുന്ന വിദ്യാര്‍ഥികളെ കോളജ് അധികൃതരും സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഈ പശ്ചാത്തലത്തില്‍ അപകട വിവരം കോളജ് അധികൃതര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത് സംബന്ധിച്ചും അന്വേഷിക്കും. സംഭവത്തെ തുടര്‍ന്ന് ഇന്നലെ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

Latest