Connect with us

Kerala

സര്‍ക്കാര്‍ സമ്മര്‍ദം നടക്കില്ല; തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ

Published

|

Last Updated

തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികളും നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ കോടതിയുടെ അംഗീകാരം ലഭിച്ച 28 പുതിയ മുനിസിപ്പാലിറ്റികളിലും പഴയ രീതിയില്‍ പഞ്ചായത്ത് ആയി തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. കോടതി ശരിവെച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും പുതിയ വിഭജനം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നഗരകാര്യ സെക്രട്ടറി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെങ്കിലും കമ്മീഷന്‍ ഇത് അംഗീകരിക്കില്ല.
സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷനെ കോടതി അധികാരപ്പെടുത്തിയ സാഹചര്യത്തില്‍ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നഗരകാര്യ വകുപ്പിന്റെ ആവശ്യം കമ്മീഷന്‍ തള്ളും. മാത്രമല്ല, പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും അംഗീകരിച്ചാല്‍ ഇതിന് അനുസൃതമായി ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനും വിഭജിക്കേണ്ടതുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടതോടെ ഇനി ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിനും തടസ്സമുണ്ട്. ഈ സാഹചര്യത്തില്‍ 2010ലെ വിഭജനം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തുകയെന്ന നിലപാടിലേക്ക് കമ്മീഷന്‍ നീങ്ങും. അങ്ങനെ വരുമ്പോള്‍ ഒക്‌ടോബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിക്കും. തിങ്കളാഴ്ച സര്‍ക്കാറുമായി ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കാമെന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്.
പുതിയ 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ നഗരസഭയിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കാണിച്ച് നഗരകാര്യ വകുപ്പ് സെക്രട്ടറി ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ഡിവിഷന്‍ ബഞ്ച് വിധി എതിരായപ്പോള്‍, കോടതി നിര്‍ദേശം അനുസരിക്കുമെന്നും അപ്പീല്‍ പോകില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും അതിന് പിന്നാലെ കത്ത് നല്‍കിയത് സമ്മര്‍ദതന്ത്രമായാണ് വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കത്ത് നല്‍കിയത് സാധാരണ നടപടിയാണെന്നാണ് നഗരകാര്യ വകുപ്പിന്റെ വിശദീകരണം. 33 പഞ്ചായത്തുകള്‍ വിഭജിച്ചും കൂട്ടിച്ചേര്‍ത്തുമാണ് 28 മുനിസിപ്പാലിറ്റികള്‍ നിലവില്‍ വരുന്നത്. ഇവയുടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായില്ല. ഇതിനായി വാര്‍ഡ് വിഭജന സമിതിയുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
28 മുനിസിപ്പാലിറ്റികളും ഒരു നഗരസഭയും രൂപവത്കൃതമാകുന്നതോടെ, അതനുസരിച്ചുള്ള മാറ്റങ്ങള്‍, പഞ്ചായത്തുകള്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലും വരേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് രണ്ട് മാസമെടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 2010ലെ വാര്‍ഡ് വിഭജനത്തെ അടിസ്ഥാനമാക്കിയേ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുകയുള്ളൂവെന്ന് കോടതിയെയും സര്‍ക്കാറിനെയും കമ്മീഷന്‍ അറിയിച്ചതാണ്. തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടപ്പാക്കാന്‍ കമ്മീഷനെ സര്‍ക്കാര്‍ സഹായിക്കണമെന്ന കോടതി നിര്‍ദേശവും നിലനില്‍ക്കെ നഗരകാര്യ വകുപ്പിന്റെ കത്ത് പുതിയ ഏറ്റമുട്ടലിന് വഴിവെക്കും. കോടതി അംഗീകരിച്ച 28 മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ പിന്നാക്കം പോകില്ലെന്ന നിലപാടില്‍ ലീഗ് ഉറച്ച് നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. പഴയ പടി മതിയെന്ന നിലപാടില്‍ കമ്മീഷന്‍ ഉറച്ചുനിന്നാല്‍ സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുകയും ചെയ്യും.

---- facebook comment plugin here -----

Latest