Connect with us

Kozhikode

ജില്ലയിലെ മൂന്നൂറോളം കുട്ടികളില്‍ കിഡ്‌നി രോഗബാധ

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ 336 ഓളം കുട്ടികള്‍ക്ക് കിഡ്‌നി സംബന്ധിച്ച അസുഖങ്ങള്‍ കണ്ടെത്തി. 2013 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ജൂലൈ വരെ 125 വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 195 ആണ്‍കുട്ടികള്‍ക്കും 141 പെണ്‍കുട്ടികള്‍ക്കും രോഗലക്ഷണം കണ്ടെത്തിയത്.
ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് പരിശോധന നടന്നത്. കിഡ്‌നി രോഗികളെ സഹായിക്കുന്നതിനായുള്ള സ്‌നേഹസ്പര്‍ശം മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്. പൊതുജനങ്ങള്‍ക്കായി നടത്തിയ 590 ക്യാമ്പുകളില്‍ 986 പേര്‍ക്ക് കിഡ്‌നി രോഗം കണ്ടെത്തിയതായും ഇവര്‍ അറിയിച്ചു.
കിഡ്‌നി സംബന്ധിച്ച അസുഖങ്ങള്‍ മുതിര്‍ന്നവര്‍ക്ക് പുറമെ കുട്ടികളിലും വര്‍ധിച്ചുവരുന്ന സഹാചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് സ്വാന്തനമാകുന്ന സ്‌നേഹ സ്പര്‍ശം പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. സ്‌നേഹസ്പര്‍ശം കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം പിന്നാക്ക- ചേരി പ്രദേശങ്ങളിലേക്കും പട്ടികജാതി- വര്‍ഗ കോളനികളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കലക്ടര്‍ എന്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇതിനുള്ള രൂപരേഖ തയ്യാറാക്കി. ഇഖ്‌റഅ് ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീനിക് പ്രവര്‍ത്തിക്കുക. ഒക്‌ടോബര്‍ രണ്ടിന് വെള്ളിമാട്കുന്ന് വൃദ്ധസദനത്തില്‍ രോഗപരിശോധന നടത്തും. യോഗത്തില്‍ ഡി ഡി ഇ ഡോ. ഗിരീഷ് ചോലയില്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. പീയുഷ് നമ്പൂതിരിപ്പാട്, ഡോ. പി സി അന്‍വര്‍, പി വി ജഅ്ഫര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest