Connect with us

Gulf

ദുരിതങ്ങളുടെ മാറാപ്പുമായി അവര്‍ വരുന്നു

Published

|

Last Updated

വേനലവധി കഴിയാറായി. നാട്ടില്‍ നിന്ന് ധാരാളം ആളുകള്‍ ഗള്‍ഫിലേക്ക് മടങ്ങിവരുന്ന സമയമാണ്. മടക്ക ടിക്കറ്റുമായി ഇവിടെ നിന്ന് പോയവര്‍ ഭാഗ്യവാന്മാര്‍. ഇപ്പോഴത്തെ നിരക്ക് ശരാശരി 35,000 രൂപയാണ്. ഇത്, “ഏകയാത്ര”ക്കാണെന്ന് ഓര്‍ക്കണം. അടുത്തമാസം രണ്ടാം വാരം വരെ കേരളത്തില്‍ നിന്ന് ടിക്കറ്റ് എളുപ്പം കിട്ടാനുമില്ല. മടക്കടിക്കറ്റില്ലാതെ, കുടുംബവുമായി നാട്ടിലേക്ക് പോയവര്‍ കുത്തുപാളയെടുക്കും. മൂന്നംഗ കുടുംബത്തിന് ടിക്കറ്റിനത്തില്‍ മാത്രം ലത്തിലധികം രൂപ വേണ്ടിവരും.
തിരിച്ചെത്തുന്നതും വലിയ ചെലവുള്ള മാസത്തിലേക്കാണ്. വേനലവധിക്കു ശേഷം വിദ്യാലയം തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് പുത്തനുടുപ്പുകള്‍ വേണം, പഠന സാമഗ്രികള്‍ വേണം. തൊട്ടുപിന്നാലെ വിശേഷ ദിവസങ്ങള്‍ വരുന്നു. ഓണാഘോഷങ്ങളുടെ ബാക്കി, വലിയ പെരുന്നാള്‍ എന്നിങ്ങനെ എല്ലാത്തിനും അധികചെലവുണ്ട്.
വാടകയുടമയുടെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് മാറാന്‍ ആഗ്രഹിക്കുന്നവര്‍ നിരാശരാകും. വാടക കുത്തനെ കൂട്ടിക്കൊണ്ടിരിക്കുകയാണ് കെട്ടിടമുടമകളും റിയല്‍ എസ്റ്റേറ്റ് കമ്പനികളും. മനസിനിണങ്ങിയ വീട് കിട്ടാന്‍ പ്രയാസം. വാടകക്കരാര്‍ ഇല്ലാതെ, ഷെയറിംഗ് ആയി താമസിക്കുന്നവരില്‍ ചിലര്‍ക്ക്, മുറി ഒഴിഞ്ഞു കൊടുക്കേണ്ടിവന്നേക്കാം. അത്തരക്കാര്‍ പെരുവഴിയിലാകും. വേറൊരു സ്ഥലം കണ്ടുപിടിക്കാനിറങ്ങുന്നവര്‍, വാടക തുക കേട്ട് തലകറങ്ങി വീഴാതിരുന്നാല്‍ ഭാഗ്യം.
ഇന്ധന നിരക്ക് പകുതിയായത്, വിമാനക്കമ്പനികള്‍ അറിഞ്ഞമട്ട് കാണിക്കുന്നില്ല. ഇന്ധന നിരക്ക് പത്തുരൂപ കൂടിയാല്‍, ടിക്കറ്റിനുമേല്‍ ആറുരൂപ കൂട്ടുന്നവരാണവര്‍. അവരുടെ പ്രവര്‍ത്തനച്ചെലവു കുറഞ്ഞത്, യാത്രക്കാര്‍ക്ക് ഗുണകരമാകുന്നില്ല.
മുമ്പ്, ടിക്കറ്റ് നിരക്ക് ക്രമാതീതമായി വര്‍ധിക്കുമെന്ന് കണ്ടാല്‍ ഭരണകൂടം ഇടപെട്ട്, പൊതുവിമാനക്കമ്പനികളെക്കൊണ്ട് അധിക സേവനം നടത്തിക്കുമായിരുന്നു. ഇന്ത്യയില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ പിറവി തന്നെ അത്തരമൊരു സാഹചര്യത്തിലായിരുന്നു. ഭരണകൂടം, കോര്‍പറേറ്റുകളുടെ പിടിയിലായതോടെ ജനങ്ങളെ മറന്നു. വിവാദങ്ങള്‍ കുത്തിപ്പൊക്കി സാമാന്യ ജനങ്ങളുടെ ദുരിതം മറച്ചുപിടിക്കാന്‍ കഴിയുമെന്നും ജനരോഷം ഭയക്കേണ്ടതില്ലെന്നും ഭരണകൂടങ്ങള്‍ക്കറിയാം. അല്ലെങ്കില്‍, സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി ശ്രദ്ധ തിരിക്കും. കാലിനടിയിലെ മണ്ണൊഴുകുന്നത് സാധാരണക്കാര്‍ അറിയുന്നേയില്ല.
നാട്ടില്‍, സാമൂഹിക ജീവിതം അരക്ഷിതമാണെന്നതാണ് കടല്‍കടക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. എന്നാല്‍, മനഃസമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് 50 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവിച്ചാലും വേണ്ടില്ല, ഗള്‍ഫിലെത്തിപ്പെടാം എന്ന് ഏറെ പേരും കരുതുന്നത്.
ഇവിടെയും കുളംകലക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇഷ്ടനേതാക്കള്‍ക്ക് പരവതാനി വിരിച്ച്, രാഷ്ട്രീയം പറയിപ്പിച്ച്, കുളംകലക്കി മീന്‍ പിടിക്കാനാണ് അത്തരക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരവാദിത്വ ബോധമുള്ള നേതാവാണെങ്കില്‍ ഗള്‍ഫ് ഇന്ത്യന്‍ സമൂഹത്തില്‍ രാഷ്ട്രീയ, മത ചേരിതിരിവ് ഉണ്ടാക്കില്ല. പ്രവാസികള്‍ക്കുവേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കാനാണ് തുനിയുക.
നാട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടാം എന്ന് കരുതുന്നവര്‍ക്ക് കഴുത്തിലെ കുരുക്കാണ് ഈയിടെ പ്രഖ്യാപിക്കപ്പെട്ട ഇ-മൈഗ്രേറ്റ് സംവിധാനം. ഇവിടെയുള്ള തൊഴിലുടമ, സ്ഥാപനത്തിന്റെയും വിസയുടെയും വിവരങ്ങള്‍ നിശ്ചിത വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ അസല്‍ രേഖ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ സമര്‍പിക്കണം. ഇന്ത്യന്‍ നയതന്ത്രകാര്യാലയം തൊഴിലുടമയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും അന്വേഷണം നടത്തും. തൊഴിലുടമ സമര്‍പിച്ച വിവരങ്ങള്‍ എല്ലാം ശരിയാണെന്നു ബോധ്യമായാല്‍ മാത്രമെ നാട്ടില്‍ നിന്ന് ഉദ്യോഗാര്‍ഥിക്ക് ഇങ്ങോട്ടുവരാന്‍ കഴിയൂ. ഇക്കാലത്ത് തൊഴില്‍ ലഭിക്കുക എളുപ്പമല്ലെന്ന് അറിയുന്നവരാണ് നാട്ടിലെ ഭരണാധികാരികള്‍. നാട്ടിലും വിദേശത്തും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ഭരണകൂടത്തിന്റെ ബാധ്യത. കോടിക്കണക്കിന് തൊഴില്‍ രഹിതരുള്ള ഇന്ത്യയില്‍, ഇതൊന്നും പ്രത്യേകിച്ച് പറയേണ്ടകാര്യമില്ല. ഇ-മൈഗ്രേറ്റ് സംവിധാനത്തിലെ സങ്കീര്‍ണത കാരണം ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വെളുക്കാന്‍ തേച്ചത് പാണ്ടായി.
ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഗള്‍ഫിലെ തൊഴിലുടമകള്‍ക്ക് ഇപ്പോള്‍ താല്‍പര്യമില്ല. ഫിലിപ്പൈന്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട്‌ചെയ്യാന്‍ കടമ്പകളില്ല. ഇന്ത്യക്കാരുടെ അഹങ്കാരം കാണേണ്ടതില്ല.
മുമ്പ്, പെണ്‍വാണിഭത്തിന് തടയിടാന്‍ നഴ്‌സുമാരുടെയും മറ്റും റിക്രൂട്ട്‌മെന്റിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പൊല്ലാപ്പായത് പോലെ ഇ-മൈഗ്രേറ്റും. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന് സമാനമാണ് ഇതൊക്കെ. റിക്രൂട്ട്‌മെന്റുകളിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതാണ് ഇന്ത്യന്‍ സാഹചര്യത്തിലെ യുക്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദര്‍ശിച്ച് മടങ്ങിയിട്ട്, ദിവസങ്ങളായി. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഇപ്പോഴുമുണ്ട്. ഇന്ത്യയിലേക്ക് 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തുമെന്നതടക്കം ചില പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോഴും ഗള്‍ഫ് ഇന്ത്യക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സ്പര്‍ശിച്ചില്ല. ഇടത്തരക്കാരെയും തൊഴിലാളികളെയും പ്രധാനമന്ത്രിക്കും കൂട്ടര്‍ക്കും ആവശ്യമില്ലെന്ന് അവരുടെ ശരീരഭാഷയും സംസാര ഭാഷയും ഒരേപോലെ വ്യക്തമാക്കി. അബുദാബി ഐക്കാഡ് സിറ്റിയിലെ തൊഴിലാളി ക്യാമ്പില്‍ പത്തുമിനുട്ടായിരുന്നു സന്ദര്‍ശനം. “സെല്‍ഫി” എടുക്കാന്‍ കുറച്ചുപേര്‍ക്ക് അനുവാദം ലഭിച്ചു എന്നതിനപ്പുറം സാധാരണക്കാര്‍ക്ക് വേണ്ടതൊന്നും അദ്ദേഹം പറഞ്ഞില്ല. ഒരു സാന്ത്വനവാക്ക് പോലും ഉണ്ടായില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു കഥാപാത്രം വിസ്മയം കൊണ്ടതുപോലെ, ഹൊ എന്തൊരു ജനക്കൂട്ടം എന്നു പറഞ്ഞ്, യാഥാര്‍ഥ്യ ബോധത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു പലരും.
ഗള്‍ഫ് ഇന്ത്യക്കാരന്റെ മിക്ക പ്രശ്‌നങ്ങളുടെയും ഉറവിടം സ്വന്തം നാടാണ്. അവ പരിഹരിക്കേണ്ടത് അവിടെയുള്ള ഭരണകൂടങ്ങളാണ്. ആദ്യം വിമാനടിക്കറ്റ് നിരക്കിലെ ക്രമാതീത വര്‍ധനക്ക് തടയിടൂ.