Connect with us

National

ശബീര്‍ ഷായെ തടഞ്ഞുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യാ- പാക് ദേശീയ സുരക്ഷാ ഉപദേഷ്ടൃതല ചര്‍ച്ചക്ക് മുന്നോടിയായി കാശ്മീരി വിഘടനവാദി നേതാവ് ശബീര്‍ ഷായെയും ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് ബിലാല്‍ ലോണിനെയും തടഞ്ഞുവെച്ചു. ഇന്നലെ ഡല്‍ഹിയില്‍ വാമാനമിറങ്ങിയ ഉടനെയായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി പോലീസിനോടൊപ്പം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ കേന്ദ്ര സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ശബീര്‍ ഷാ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കി. അതിന് ശേഷം ഷായെയും കൂടെയുള്ള രണ്ട് പേരെയും അങ്ങോട്ട് കൊണ്ടുപോകുകയായിരുന്നു. ഷായെ കൂടാതെ മറ്റ് രണ്ട് വിഘടനവാദി നേതാക്കളായ മുഹമ്മദ് അബ്ദുല്ല താരി, സമീര്‍ അഹ്മദ് ശൈഖ് എന്നിവരെയാണ് തെക്കന്‍ ഡല്‍ഹിയിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയത്.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചുതന്നെയാണ് ബിലാലും കസ്റ്റഡിയിലായത്. ഇയാളെയും പിന്നീട് തെക്കന്‍ ഡല്‍ഹിയിലെ വാടകവീട്ടിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ എ ബി വാജ്‌പേയി, മന്‍മോഹന്‍ സിംഗ്, ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി എന്നിവരുടെ നിലപാടുകള്‍ തെറ്റായിരുന്നോ എന്ന് ഇന്ത്യയിലെ ജനങ്ങളോട് താന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഡല്‍ഹിക്കുള്ള യാത്രാ മധ്യേ ശ്രീനഗറില്‍ വെച്ച് ശബീര്‍ ഷാ ചോദിച്ചിരുന്നു. ഡല്‍ഹിയിലെത്തുന്ന പാക് ഉദ്യോഗസ്ഥരുമായ കൂടിക്കാഴ്ച നടത്താ ന്‍ ഇവരാരും തന്നെ തങ്ങളെ അനുവദിക്കാതിരുന്നിട്ടില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ എന്നത് സുപ്രധാന വിഷയമാണ്. പാക്കിസ്ഥാന്റെ നിലപാടാണ് ശരി. തങ്ങള്‍ക്ക് പറയാനുള്ളതൊക്കെ പറയാനാണ് വരുന്നതെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ഇന്ത്യ അവരുടെ നിലപാടുകള്‍ പറയട്ടെ. പക്ഷേ, കാശ്മീര്‍ ചര്‍ച്ചാവിഷയമാകുക തന്നെ വേണം- ശബീര്‍ ഷാ പറഞ്ഞു.

Latest