Connect with us

National

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല ചര്‍ച്ച: പാക്കിസ്ഥാന്‍ പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: ഇന്ത്യ- പാക് വാക്‌പോരിനൊടുവില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല (എന്‍ എസ് എ) ചര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറി. ഉപാധികളോടെയുള്ള ചര്‍ച്ച അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്. തീവ്രവാദം മാത്രം കേന്ദ്രബിന്ദുവാക്കി ചര്‍ച്ചക്ക് തയ്യാറല്ലെന്നും കാശ്മീര്‍ വിഷയവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നും പാക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. ഹുര്‍റിയത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ച അനുവദിക്കാത്ത സാഹചര്യത്തില്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയിലേക്ക് ചര്‍ച്ചക്കെത്തില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.
കാശ്മീര്‍, ഹുര്‍റിയത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ലെങ്കില്‍ ചര്‍ച്ചയില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ക്കായി സര്‍താജ് അസീസ് ഇന്ത്യയിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും ഇരു രാജ്യങ്ങളും നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് എത്തേണ്ടിയിരുന്നത്. റഷ്യയിലെ ഉഫയില്‍ നടന്ന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല ചര്‍ച്ചക്ക് ധാരണയിലെത്തിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച, ഇരു രാഷ്ട്രങ്ങളുടെയും അതിര്‍ത്തി സൈന്യത്തിലെ ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച, അതുപോലെ ഡി ജി എം ഒ തലത്തിലുള്ള ചര്‍ച്ച എന്നിവക്കാണ് പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായതെന്ന് സുഷമാ സ്വരാജ് പറഞ്ഞു. തീവ്രവാദം മാത്രമാണ് ചര്‍ച്ചാ വിഷയമെന്നും അവര്‍ വ്യക്തമാക്കി. ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നുവെന്ന് വ്യക്തമാക്കി സര്‍താജ് അസീസ് ഇസ്‌ലാമാബാദില്‍ വാര്‍ത്താ സമ്മേളനം വിളിച്ചതിനു പിന്നാലെയാണ് സുഷമാ സ്വരാജ് നിലപാട് വ്യക്തമാക്കിയത്.
എന്‍ എസ് എ തലത്തിലുള്ള ചര്‍ച്ച അട്ടിമറിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും സുഷമ കുറ്റപ്പെടുത്തി. ഉഫയിലെ ധാരണക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് പാക്കിസ്ഥാനില്‍ എതിര്‍പ്പ് നേരിടേണ്ടിവന്നെന്നും അതാണ് ചര്‍ച്ച റദ്ദാക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നും സുഷമ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്ക് ഒരുക്കമാണ്. അത് ഭീകരതയില്‍ മാത്രമായിരിക്കും. ആ തരത്തിലുള്ള ചര്‍ച്ചക്ക് പാക്കിസ്ഥാനെ സ്വാഗതം ചെയ്യുന്നു. ഷിംല കരാര്‍ അടിസ്ഥാനത്തില്‍ മൂന്നാമതൊരു കക്ഷി പാടില്ലെന്നും ഹുര്‍റിയത്തിനെ കക്ഷിയാക്കരുതെന്നും സുഷമ പറഞ്ഞു. ഈജിപ്തിലേക്ക് യാത്ര തിരിക്കാനിരിക്കെ പാക്കിസ്ഥാനുമായുള്ള ചര്‍ച്ച സംബന്ധിച്ച അവ്യക്തത നീക്കുന്നതിനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് സുഷമ പറഞ്ഞു.
ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ബന്ധബുദ്ധിയെ സര്‍താജ് അസീസ് രൂക്ഷമായി വിമര്‍ശിച്ചു. കൂടിക്കാഴ്ച നടന്നില്ലെങ്കില്‍ പാക്കിസ്ഥാനില്‍ തീവ്രവാദം വളര്‍ത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോ നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്ന ഫയലുകളും മറ്റും അജിത് ധോവലിന് സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് കൈമാറുമെന്നും അസീസ് പറഞ്ഞു.
അതിനിടെ, സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയിലെത്തിയ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ കസ്റ്റഡിയില്‍ എടുത്തു.
പാക് ഹൈക്കമ്മീഷണര്‍ ഹുര്‍റിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് 2014ല്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു.