Connect with us

Kerala

സി ഇ ടി വിദ്യാര്‍ഥിനിയുടെ മരണം: മുഖ്യപ്രതി അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: എന്‍ജിനീയറിംഗ് കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി ബൈജു കെ ബാലകൃഷ്ണന്‍ പോലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോളജില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് ബൈജു. ബൈജുവിനെ ഇന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഇതിനിടെ, സംഭവസമയത്ത് കോളജ് ക്യാമ്പസിലെ ഗേറ്റില്‍ ചുമതലയിലുണ്ടായിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കോളജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു.
തമിഴ്‌നാട്ടിലെ കൊടൈക്കനാലിലാണ് ബൈജു ഒളിവില്‍ താമസിച്ചിരുന്നത്. കോളജിലുണ്ടായ സംഭവത്തിന് ശേഷം ബൈക്കിലാണ് കൊടൈക്കനാലിലേക്ക് കടന്നത്. വിദ്യാര്‍ഥിനിയെ ഇടിച്ച ജീപ്പ് ഓടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ ഇന്നലെ കസ്റ്റഡിയിലെടുത്തതോടെ ബൈജു കീഴടങ്ങുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ പോലീസ് നീക്കം നടത്തിയിരുന്നുവെങ്കിലും സ്ഥലത്തെ ആള്‍ക്കൂട്ടവും സംഘര്‍ഷാവസ്ഥയും പരിഗണിച്ച് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.
തസ്‌നിയെ ഇടിച്ച ജീപ്പില്‍ ഇരുന്നും നിന്നും യാത്ര ചെയ്ത ഒമ്പത് പേരില്‍ എട്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. ജീപ്പ് ഓടിച്ചത് ബൈജുവാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിരുന്നില്ല. സി സി ടി വി ദൃശ്യങ്ങള്‍ സഹപാഠികളെ കാട്ടിയാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. ഇതിനു പിന്നാലെയാണ് ഒന്നാം പ്രതി പോലീസില്‍ കീഴടങ്ങിയത്.
ഹോസ്റ്റല്‍ സംഘത്തിലെ നൂറോളം വിദ്യാര്‍ഥികളെ കയറ്റി കോളജ് മുറ്റത്തേക്ക് ഓടിച്ചുകയറ്റിയ ലോറി കഴക്കൂട്ടത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനിയെ ഇടിച്ച ജീപ്പും ഇതിന് ഒപ്പമുണ്ടായിരുന്ന ഹോസ്റ്റല്‍ സംഘത്തിന്റെ മറ്റൊരു ജീപ്പും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
വര്‍ഷങ്ങളായി ഹോസ്റ്റലില്‍ സൂക്ഷിച്ചിരുന്ന രണ്ട് ജീപ്പുകളും ഇനി വിദ്യാര്‍ഥികള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോളജ് അധികൃതര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്യാമ്പസിലെ ഓണാഘോഷ പരിപാടിക്കിടെ ലോറിയിലും ജീപ്പിലുമായി നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ ക്യാമ്പസിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ആഘോഷം നിയന്ത്രണംവിട്ടതോടെ അമിതവേഗത്തില്‍ ഓടിയ ജീപ്പിടിച്ച് മലപ്പുറം സ്വദേശീ തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിുരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തസ്‌നി വ്യാഴാഴ്ച രാത്രി തന്നെ മരണത്തിന് കീഴടങ്ങി.

സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോളജിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ജീപ്പിലുണ്ടായിരുന്ന പത്ത് പേരെയും തിരിച്ചറിഞ്ഞത്. ജീപ്പ് ഓടിച്ചിരുന്ന ബൈജുവിന് പുറമെ ഏതൊക്കെ വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് അന്വേഷണ ചുമതലയുള്ള എ സി പി ജവഹര്‍ ജനാര്‍ദ് പറഞ്ഞു.

ഒന്നാം പ്രതി ബൈജുവിനൊപ്പം ജീപ്പിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികളെക്കൂടി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് നാലാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഇര്‍ഷാദ്, രോഹിത്, അഫ്‌നാന്‍ അലി, ബാദുഷ ബഷീര്‍ എന്നിവരെയാണ് കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ഇതിനിടെ, സംഭവസമയം ഉപയോഗിച്ച മറ്റൊരു ജീപ്പ് ഇന്നലെ ശ്രീകാര്യം തൃപ്പാദപുരത്തു നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഇതിലെ ബാറ്ററി ഇളക്കി മാറ്റിയിരുന്നു. ഈ ജീപ്പ് മുമ്പ് ശ്രീകാര്യം കട്ടേലയിലെത്തിയ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കുള്ള സ്വീകരണത്തിന് ഉപയോഗിച്ചിരുന്നു. തസ്‌നിയെ ഇടിച്ചുതെറിപ്പിച്ച ജീപ്പ് കഴിഞ്ഞ ദിവസം കാര്യവട്ടം ക്യാമ്പസിനുള്ളിലെ ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് പോലിസ് കണ്ടെത്തിയത്. ഈ ജീപ്പ് കോളജിലെ സച്ചിന്‍ എന്ന പൂര്‍വ വിദ്യാര്‍ഥിയുടെ പേരിലുള്ളതാണ്.

Latest