Connect with us

National

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരത്തില്‍ വി കെ സിങ്ങിന്റെ മകളും

Published

|

Last Updated


ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തുന്ന സമരത്തില്‍ കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി കെ സിംഗിന്റെ മകള്‍ മൃണാളിനിപങ്കെടുത്തത് കേന്ദ്ര സര്‍ക്കാറിന് വന്‍ തിരിച്ചടിയായി. പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുകയല്ലാതെ പ്രാവര്‍ത്തികമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നതിനിടയിലാണ് മുന്‍ കരസോനാ മേധാവി കൂടിയായ വി കെ സിംഗിന്റെ മകള്‍ സമരത്തില്‍ പങ്കെടുത്തത്.
സമരാനുകൂലികള്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടിയാണ് സമരപ്പന്തലില്‍ എത്തിയതെന്ന് മൃണാളിനി പറഞ്ഞു. ഞാന്‍ വിമുക്ത ഭടന്റെ മകളാണ്. എന്റെ മുത്തച്ഛനും സൈനികനായിരുന്നു. ചിലപ്പോള്‍ എന്റെ മകനും അതിലേക്ക് കടന്നേക്കാം. ഒരു റാങ്ക് ഒരു പെന്‍ഷന്‍ ന്യായമായ ആവശ്യമാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഈ വിഷയം പിതാവുമായി സംസാരിച്ചതാണ്. അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മൃണാളിനി പറഞ്ഞു. ഇത് നടപ്പാക്കാന്‍ ഏറെ വൈകിയിരിക്കുന്നു. സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മൃണാളിനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 12 മുതലാണ് ഡല്‍ഹി ജന്തര്‍ മന്തറില്‍ വിമുക്തഭടന്മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് പൊലിമ നഷ്ടപ്പെടുമെന്നതിനാല്‍ സമരം നടത്തുന്നവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. കാര്‍ഗില്‍ യുദ്ധ വിജയത്തിന് നേതൃത്വം നല്‍കിയ സൈനിക മേധാവിയെ ഇടനിലക്കാരനായി നിയോഗിച്ച് സമരം അവസാനിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തിയിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന പതിവ് പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായി ഒന്നും ഈ സ്വാതന്ത്ര്യ ദിനത്തിലും സംഭവിച്ചില്ല. സ്വാതന്ത്ര്യ ദിനത്തില്‍ സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഡല്‍ഹി പോലീസ് പിന്നീട് ക്ഷമ പറഞ്ഞിരുന്നു. സമരപ്പന്തലില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ എത്തുകയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവര്‍ പിന്തുണ പ്ര്യാപിക്കുകയും ചെയ്തത് സമരത്തിന്റെ ശക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്.
2014നെ അടിസ്ഥാനമാക്കി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാണ് വിമുക്തഭടന്മാരുടെ ഇപ്പോഴത്തെ ആവശ്യം. 2011 അടിസ്ഥാനമാക്കി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള കാര്യങ്ങളാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. ഇതുവഴി 20,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. ഒരേ റാങ്കില്‍ ഒരേ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്ക് തുല്യ പെന്‍ഷന്‍ എന്നതാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി.