Connect with us

Editorial

സിനിമകള്‍ക്കെതിരെ ഡി ജി പി പറഞ്ഞത്‌

Published

|

Last Updated

തിരുവനന്തപുരം സി ഇ ടി കാമ്പസില്‍ വിദ്യാര്‍ഥികളുടെ ആഘോഷ ആഭാസത്തിനിടെ ജീപ്പിടിച്ച് തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ഥിനി മരിച്ച സംഭവം കേരളത്തിന്റെ മുഖ്യധാരാ കലാലയ വിദ്യാഭ്യാസം എങ്ങോട്ട് സഞ്ചരിക്കുന്നുവെന്നതിന്റെ വ്യക്തമായ ചൂണ്ടു പലകയാണ്. എന്തും വഴിവിട്ട് ആഘോഷമാക്കുകയാണ് കാമ്പസ്. അടിച്ചു പൊളിക്കുകയെന്നാണ് പദപ്രയോഗം. ശരിയാണ്. ഒരു സമൂഹം ഏറെ നാളുകള്‍ കൊണ്ട് ആര്‍ജിച്ചെടുത്ത സംസ്‌കാരവും മൂല്യങ്ങളുമെല്ലാം അടിച്ചു പൊളിച്ചു കൊണ്ടാണ് ഈ കോപ്രായങ്ങള്‍ കടന്നു വരുന്നത്. ഇത് ആവേശിക്കുന്നത് നിരക്ഷരരെന്നും അപരിഷ്‌കൃതരെന്നും ആക്ഷേപിക്കപ്പെടുന്ന മനുഷ്യരെയല്ല. മറിച്ച് വിദ്യാസമ്പന്നരും പരിഷ്‌കൃതരും നാഗരികരും പുരോഗമനവാദികളുമായ യുവാക്കളെയാണ്. വലിയ വലിയ ബിരുദങ്ങള്‍ കരസ്ഥമാക്കാന്‍ വന്നവരാണ് ഇവര്‍. എന്‍ജിനീയറിംഗ് അടക്കമുള്ള പ്രൊഫഷനല്‍ ബിരുദങ്ങള്‍ നേടി ഇവര്‍ വരുന്നതും കാത്തിരിക്കുകയാണ് രക്ഷിതാക്കളും സമൂഹവും. എന്നാല്‍ ഒരു പറ്റം വിദ്യാര്‍ഥികള്‍ തികഞ്ഞ ക്രിമിനലുകളായി അധഃപതിക്കുകയാണ്. എല്ലാ തരം ലഹരിയുടെയും കൂത്തരങ്ങായി കാമ്പസുകള്‍ മാറുന്നു. മദ്യം, കഞ്ചാവ്, വിവിധതരം ലഹരി ഗുളികകള്‍ എന്നു വേണ്ട ഏത് പുതു ലഹരി വസ്തുവും കാമ്പസില്‍ സുലഭമാണ്.
പുറത്ത് നിന്നുള്ളവരെ ഇക്കാര്യത്തില്‍ പഴിക്കുന്നതില്‍ അര്‍ഥമില്ല. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇതിന്റെ ഉപഭോക്താക്കളും വാഹകരും വില്‍പ്പനക്കാരും. ഇടനിലക്കാരും എത്തിച്ചു കൊടുക്കുന്നവരും വന്‍ ലാഭം കൊയ്യുകയും ചെയ്യുന്നു. കാമ്പസിലെ ലഹരി ഉപഭോഗം നിയന്ത്രിക്കാനായി ആഭ്യന്തര വകുപ്പ് നടത്തിയ തീവ്ര ദൗത്യത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായതാണ്. പൊതു സമൂഹത്തിന് ചിന്തിക്കാനാവാത്ത നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇപ്പറയുന്നതൊക്കെ അല്‍പ്പം കടന്നു പോയ സാമാന്യവത്കരണമല്ലേ എന്ന് നിഷ്‌കളങ്കമായി ചോദിക്കുന്നവരുണ്ട്. എന്നാല്‍ അത്ര ലളിതമല്ല കാര്യങ്ങള്‍. ക്രിമിനല്‍, ലഹരി സംഘങ്ങളുടെ സാന്നിധ്യം ഓരോ കാമ്പസിലും വ്യത്യസ്ത അളവിലും തീവ്രതയിലുമായിരിക്കാം. നല്ലൊരു ശതമാനം കുട്ടികള്‍ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകി കാമ്പസ് കാലം അര്‍ഥപൂര്‍ണമാക്കുന്നുണ്ടാകാം. പക്ഷേ കാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും ഇത്തരം കുട്ടികളുടെ പഠന ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനും ഗുണ്ടാ സംഘങ്ങള്‍ എല്ലാ കാമ്പസുകളിലും ഉണ്ട് എന്നതാണ് വസ്തുത. തസ്‌നി ബഷീറിന്റെ ജീവനെടുത്തത് ഇത്തരം സംഘമാണ്. ഓണമാഘോഷിക്കാന്‍ ജീപ്പിലും ബൈക്കിലുമായി ഇരച്ചെത്തിയവരില്‍ മിക്കവരും ലഹരിയിലായിരുന്നു. ലക്കു കെട്ട ഇവര്‍ക്ക് എന്താണ് കാട്ടിക്കൂട്ടേണ്ടതെന്ന് നിശ്ചയമില്ല. മെന്‍സ് ഹോസ്റ്റലില്‍ നിന്നുള്ള സംഘമാണത്രേ ഈ താന്തോന്നിത്തരത്തിന് നേതൃത്വം കൊടുത്തത്. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് എന്തൊക്കെയാണ് നടക്കുന്നതെന്നു കൂടി ഈ സംഭവം വെളിവാക്കുന്നു. 13 വര്‍ഷം മുമ്പ് ഇതേ കാമ്പസില്‍ സമാനമായ ക്രൂരത അരങ്ങേറിയതാണ്. അന്ന് മുതല്‍ കാമ്പസില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കയറ്റുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. അതൊന്നും പക്ഷേ, ഈ ക്രിമിനല്‍ സംഘത്തിന് ബാധകമല്ല.
ഈ പ്രശ്‌നത്തില്‍ ഡി ജി പി. ടി പി സെന്‍കുമാര്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്. ഈയിടെ ഇറങ്ങിയ ചില സിനിമകള്‍ ഇത്തരം സംഭവങ്ങള്‍ക്ക് പ്രചോദനമാകുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. പ്രേമം എന്ന സിനിമയെ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ഒരു ബഹുജന വിനോദ മാധ്യമമെന്ന നിലയില്‍ സിനിമ ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളില്‍ വന്‍ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. അവര്‍ മാതൃകകള്‍ കണ്ടെത്തുന്നത് സിനിമയില്‍ നിന്നാണ്. കലാലയങ്ങളുടെ നിരുത്തരവാദപരമായ പ്രവണതകളെ മഹത്വവത്കരിക്കുകയും റാഗിംഗ് അടക്കമുള്ള എല്ലാ തരം ഗുണ്ടായിസങ്ങളെയും ഹീറോയിസമാക്കി അവതരിപ്പിക്കുകയുമാണ് സിനിമകള്‍ ചെയ്തത്. കുടിച്ചും രമിച്ചും പ്രേമിച്ചും വെട്ടിയും കുത്തിയും ആഘോഷിക്കാനുള്ള ഇടമാണ് കാമ്പസുകളെന്ന് സിനിമകള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. മര്യാദക്ക് പഠിക്കാന്‍ വരുന്നവനെ ഒന്നിനും കൊള്ളാത്തവനായി സിനിമ അപഹസിക്കുന്നു. വേഷത്തിലും നടപ്പിലും നില്‍പ്പിലും സംസാരത്തിലും നായകന്‍മാരെ തന്നിലേക്കാവാഹിച്ച മിമിക്കുകളെയാണ് ഇത്തരം സിനിമകള്‍ സൃഷ്ടിച്ചത്. ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിനിമയിലും ഉടനീളം കുടിയും അടിയുമാണ് ഉള്ളത്. ഇത്തരം സിനിമകള്‍ സമൂഹത്തില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഇവ പടച്ചു വിട്ട് കാശുണ്ടാക്കുന്നവര്‍ ആലോചിക്കാറില്ല. സിനിമകള്‍ കുറ്റകൃത്യങ്ങള്‍ക്കും അവ ഒളിപ്പിക്കുന്നതിനും പ്രചോദനമാകുന്നു. അങ്ങേയറ്റം സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമാണ് പല സിനിമകളുടെയും ഉള്ളടക്കം. അവ ന്യൂനപക്ഷങ്ങളെ തീവ്രവാദികളായി മുദ്ര കുത്തുന്നു. സവര്‍ണ ഫാസിസത്തെ മഹത്വവത്കരിക്കുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് നിയമപരമായ മുന്നറിയിപ്പ് ചെറുതായി എഴുതിക്കാണിച്ചത് കൊണ്ട് സിനിമ സൃഷ്ടിക്കുന്ന മദ്യാപാന മാതൃകകള്‍ മായ്ക്കാനാകില്ല. നായക നടന്‍ (അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമായി) താടി നീട്ടിയാല്‍ താടി വളര്‍ത്തുന്ന ഫോട്ടോസ്റ്റാറ്റുകളെയല്ല കാമ്പസുകള്‍ക്ക് വേണ്ടത്. വിവേകവും പക്വതയും മൂല്യബോധവുമുള്ള യുവതയാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. ആ മൂല്യബോധം വളര്‍ത്തിയെടുക്കുകയെന്നതാണ് യഥാര്‍ഥ കാമ്പസ് രാഷ്ട്രീയം. ക്രിമിനലുകളെ സംരക്ഷിക്കുന്നതിന് പകരം എസ് എഫ് ഐപ്പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഈ രാഷ്ട്രീയം തിരിച്ചറിയണം.