Connect with us

National

ട്രെയിനുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ നിര്‍ഭയ ഫണ്ട് ഉപയോഗിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ 20,000 കോച്ചുകളില്‍ സി സി ടി വി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. 700 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക നിര്‍ഭയ ഫണ്ടില്‍ നിന്ന് കണ്ടെത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. പുതിയ ലൈനുകളുടെ ജോലി, ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം, യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍, സുരക്ഷാ സംവിധാനം ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഈയടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തുവെന്ന് ഒരു മുതിര്‍ന്ന റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സി സി ടി വി ക്യാമറ സ്ഥാപിക്കുന്ന കാര്യവും ഈ യോഗത്തിലാണ് തീരുമാനമായത്. ക്യാമറകള്‍ സ്ഥാപിക്കാന്‍ നേരത്തേ തന്നെ പദ്ധതിയിട്ടതാണെങ്കിലും ഏതാനും സബര്‍ബന്‍ ട്രെയിനുകളിലെ കോച്ചുകളില്‍ മാത്രമാണ് ഇത് സാധ്യമായത്.
ഫണ്ടിന്റെ അപര്യാപ്തത തന്നെയാണ് പ്രശ്‌നം. ഡല്‍ഹിയില്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ രൂപവത്കരിച്ച നിര്‍ഭയ ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കാന്‍ വനിതാ ശിശു ക്ഷേമ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് റെയില്‍വേ.
സുരക്ഷിതത്വത്തിന് ഏറെ പ്രധാന്യം കനല്‍കുന്നുണ്ടെന്നും ഇത് വനിതകളെയും കുട്ടികളുടെയും പ്രശ്‌നങ്ങളെ വലിയ തോതില്‍ അഭിസംബോധന ചെയ്യുന്നതിനാല്‍ നിര്‍ഭയ ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കണമെന്നുമാണ് റെയില്‍വേ പറയുന്നത്.
2013ല്‍ രൂപവത്കരിച്ച നിര്‍ഭയ ഫണ്ട് സ്ത്രീകളുടെ സുരക്ഷക്കായി സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക. 3000 കോടിയുടെ ഫണ്ടാണ് ആകെയുള്ളത്. വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് നോഡല്‍ മന്ത്രാലയം.
ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച എ സി 3 ടൈര്‍ കോച്ചുകളില്‍ സി സി ടി വി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ലേഡീസ് കംമ്പാര്‍ട്ട്‌മെന്റിലും ജനറല്‍ കംപാര്‍ട്ടമെന്റിലും സി സി ടി വി ക്യാമറ സ്ഥാപിക്കാനാണ് റെയില്‍വേ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പ്രധാന സ്റ്റേഷനുകളിലും ഇതിനകം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇത് സുരക്ഷാ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍ ഇനി ശുചിത്വം അടക്കമുള്ള വിഷയങ്ങളുടെ ഏകോപനത്തിന് ഈ ക്യാമറകളുടെ സഹായം ഉപയോഗിക്കാനാണ് പദ്ധതി.