Connect with us

National

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; എല്‍ പി ജി തുക കേന്ദ്രം നല്‍കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി ഉപയോഗിക്കുന്ന സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിന്‍ഡറുകളുടെ വില സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തിരികെ കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉച്ചഭക്ഷണ പദ്ധതിക്കുള്ള എല്‍ പി ജി സിലിന്‍ഡര്‍ പൊതുവിപണിയിലെ വിലക്ക് മാത്രമേ ലഭ്യമാകൂവെന്ന് ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അധികം ചെലവായ തുക സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തിരികെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
2015 ഏപ്രില്‍ ഒന്ന് മുതല്‍ അധികമായി ഉപയോഗിക്കുന്ന സബ്‌സിഡിയില്ലാത്ത എല്‍ പി ജി സിലിന്‍ഡറിന് ചെലവായ തുക തിരികെ നല്‍കേണ്ടതില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഉച്ചക്കഞ്ഞി പദ്ധതിയെ തകര്‍ക്കുന്നതിന് തുല്യമായ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. തങ്ങള്‍ക്ക് അധിക ബാധ്യത വരുത്തുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനിരിക്കുകയാണ് സംസ്ഥാനങ്ങള്‍.
ഉച്ചഭക്ഷണ പദ്ധതിക്കുള്ള എല്‍ പി ജി സിലിന്‍ഡറുകള്‍ പൊതുവിപണിയിലെ വിലക്ക് മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ മെയിലാണ് ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ബജറ്റില്‍ പദ്ധതി തുക മുപ്പത് ശതമാനം വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക ഭാരം സംസ്ഥാന സര്‍ക്കാറുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നിരവധി സാമൂഹിക പദ്ധതികള്‍ക്കുള്ള കേന്ദ്ര നീക്കിയിരിപ്പ് വെട്ടിക്കുറച്ചിട്ടുണ്ടെന്ന് എച്ച് ആര്‍ ഡി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2012-13, 13- 14 സാമ്പത്തിക വര്‍ഷങ്ങളില്‍ അധികമായി ഉപയോഗിച്ച സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറുകള്‍ക്ക് ചെലവായ തുക ധനകാര്യ മന്ത്രാലയത്തിന്റെ സമ്മതത്തോടെ എച്ച് ആര്‍ ഡി മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തിരികെ നല്‍കിയിരുന്നു. ബീഹാറില്‍ മാത്രം 1.38 കോടി വിദ്യാര്‍ഥികള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുതിയ തീരുമാനം പദ്ധതിയെ ബാധിക്കുമെന്നും ബീഹാര്‍ മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം രാജ്യത്തെ 11.67 ലക്ഷം വരുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലുള്ള പത്ത് കോടി വിദ്യാര്‍ഥികള്‍ക്ക് പാകം ചെയ്ത ഭക്ഷണം നല്‍കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി ചെലവിന്റെ തൊണ്ണൂറ് ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ 75 ശതമാനവും കേന്ദ്ര സര്‍ക്കാറാണ് വഹിക്കുന്നത്. 2014- 15 ബജറ്റില്‍ പതിമൂവായിരം കോടിയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. എന്നാല്‍, 15- 16 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇത് ഒമ്പതിനായിരം കോടിയായി കുറച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തീരുമാനം.

Latest