Connect with us

National

വില കുതിക്കുന്നു, മുംബൈയില്‍ ഉള്ളി മോഷ്ടിച്ചു

Published

|

Last Updated

മുംബൈ: വിപണിയില്‍ സവാള ഉള്ളിവില കുത്തനെ ഉയരുന്നതിനിടെ മുംബൈയിലെ മാര്‍ക്കറ്റില്‍ നിന്നും 700 കിലോ ഉള്ളി മോഷണം പോയി.
സിയോണ്‍ മേഖലയിലെ മൊത്ത വ്യാപാര കടയില്‍ നിന്നാണ് ഉള്ളി മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട ഉള്ളിയുടെ വില ഏകദേശം 50,000 രൂപ വരുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ഉള്ളി മോഷണം പോയത് കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്.
14 ചാക്കുകളിലുണ്ടായിരുന്ന ഉള്ളിയാണ് മോഷണം പോയതെന്ന് കടയുടമ ആനന്ദ് നായിക് പറഞ്ഞു. സംഭവത്തില്‍ വാഡാല ട്രക്ക് ടെര്‍മിനല്‍ പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസെടുത്തിട്ടുണ്ടെന്നും ഇത് അത്ഭുതമുണര്‍ത്തുന്ന കേസാണെന്നും സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുഹാസ് ഗരുഡ് പറഞ്ഞു.
കിലോഗ്രാമിന് ശരാശരി 80 രൂപയാണ് രാജ്യത്തെ ചില്ലറ വിപണിയിലെ ഉള്ളി വില. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി കമ്പോളമായ മഹാരാഷ്ട്രയിലെ ലാസല്‍ഗാവിലെ മൊത്ത വിപണിയില്‍ ശനിയാഴ്ച വില കിലോഗ്രാമിന് 57 രൂപയായിരുന്നു. ഡല്‍ഹി ചില്ലറ വില്‍പ്പന കടകളില്‍ ഉള്ളി വില കിലോഗ്രാമിന് 70- 80 രൂപയാണ്. മുംബൈയില്‍ ഇത് 65 രൂപയും. മറ്റിടങ്ങളില്‍ ഗതാഗത ചെലവിലും മറ്റ് നികുതികളിലുമുള്ള വ്യത്യാസത്തിനനുസരിച്ച് വില നിര്‍ണയിക്കപ്പെടും.
വിപണിയിലെ ഉള്ളിവില നിയന്ത്രിക്കാന്‍ ഉള്ളി ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ഉള്ളി പൂഴ്ത്തി വെച്ച് വില ഉയര്‍ത്തി നിര്‍ത്തുകയാണ് പതിവ്. വില വര്‍ധിക്കുമ്പോള്‍ തന്നെ പൂഴ്ത്തി വെപ്പ് തുടങ്ങും. ഇത് ഉള്ളി ലഭ്യത പിന്നെയും കുറക്കും. പൂഴ്ത്തി വെപ്പും കരിഞ്ചന്തയും തടയാന്‍ ശക്തമായ നടപടിയെടുക്കാതെ ഇറക്കുമതി പോലും ഫലപ്രദമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലാവസ്ഥയിലുണ്ടായ മാറ്റത്തിലും കാലം തെറ്റിയുള്ള മഴയിലും ഉള്ളി ഉത്പദനം കുത്തനെ ഇടിഞ്ഞതാണ് വില ഉയരാന്‍ കാരണമായിരിക്കുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest