Connect with us

National

അസം: വെള്ളപ്പൊക്ക ബാധിതര്‍ ആറരലക്ഷം, മരണം 12 ആയി

Published

|

Last Updated

ഗുവാഹത്തി: അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 19 ജില്ലകളിലായി ആറര ലക്ഷം പേര്‍ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നും മഴ തുടരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴയെത്തുടര്‍ന്ന് 1400 ഓളം ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ധുബ്‌രി ജില്ലയിലെ നാഷനല്‍ ഹൈവേ 31ന് അടുത്താണ് ഇന്നലെ രണ്ട് പേര്‍ മുങ്ങി മരിച്ചതെന്ന് അസാം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(എ എസ് ഡി എം എ) വൃത്തങ്ങള്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എ എസ് ഡി എം എ അധികൃതര്‍ അറിയിച്ചു. കൊക്രാജര്‍, ലഖിംപൂര്‍, ദെമാജി, ചിരാഗ്, ടിന്‍സൂക്കിയ, സോനിത്പൂര്‍, ബാര്‍പേട്ട, ജോറത്, കാംരൂപ്, ദരാഗ് ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. നാല് പേര്‍ കൊക്രാജറിലും രണ്ട് പേര്‍ വീതം ലഖിംപൂരിലും ബൊംഗൈഗാവ്, ബസ്‌ക, സോനിത്പൂര്‍, ചിരാഗ് എന്നിവടങ്ങളില്‍ ഓരോ പേരുമാണ് മരിച്ചത്.
വെള്ളിയാഴ്ച മുതല്‍ തുടരുന്ന മഴയില്‍ നിരവധി പേര്‍ക്ക് വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടു. 570,500 ല്‍ അധികം ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചതായും 1.8 ലക്ഷത്തോളം ആളുകളുടെ വീടുകള്‍ക്ക് നാശം സംഭവിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആയിരത്തിലധികം പേര്‍ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബംഗൈഗാവ് ജില്ലയിലാണ് ഏറ്റവും വലിയ ദുരിതമുള്ളത്. ഇവിടെ 168,000 പേരാണ് വെള്ളപ്പൊക്കം സംബന്ധിച്ച ദുരിതത്തിനിരയായത്. 164,000 പേര്‍ കെടുതി അനുഭവിക്കുന്ന കൊക്രാജര്‍ ആണ് രണ്ടാമത്.
ബ്രഹ്മപുത്രയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ എല്ലാ ഫെറി സര്‍വീസുകളും നിര്‍ത്തി വെക്കാന്‍ കാംരൂപ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ബ്രഹ്മപുത്രയിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ അപകടനിലക്ക് മുകളിലാണ്. വെള്ളപ്പൊക്കത്തില്‍ 54 പ്രധാന റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

---- facebook comment plugin here -----

Latest