Connect with us

Kerala

അന്യായ പോലീസ് തടങ്കല്‍: യുവാവിന് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: യുവാവിനെ അന്യായമായി പോലീസ് കതടങ്കലില്‍ വെച്ച സംഭവത്തില്‍ സര്‍ക്കാര്‍ 50,000 രൂപ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. രണ്ട് മാസത്തിനകം തുക നല്‍കിയ ശേഷം ഉത്തരവാദികളായ ഉദേ്യാഗസ്ഥരില്‍ നിന്ന് ആവശ്യമെങ്കില്‍ സര്‍ക്കാറിന് ഈടാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം വെട്ടൂര്‍ കാവില്‍ വീട്ടില്‍ സാഹില നല്‍കിയ പരാതിയിലാണ് നടപടി. സാഹിലയുടെ സഹോദരന്‍ അബുതാലിഫിനെ ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് വെട്ടൂര്‍ പള്ളിക്ക് സമീപത്ത് നിന്ന് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ ഏപ്രില്‍ ഒമ്പതിന് കൊട്ടാരക്കര പോലീസ് അബുതാലിഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാര്‍ച്ച് 25ന് ഇയാളെ കൊണ്ടുപോയത് വേഷം മാറിയെത്തിയ പോലീസുകാരാണ്.
കമ്മീഷന്റെ നിര്‍ദേശാനുസരണം എസ് പി. എ ജെ തോമസുകുട്ടി സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തിയിരുന്നു. കൊട്ടാരക്കര സ്റ്റേഷനിലെ ക്രൈം സ്‌ക്വാഡ് അബുതാലിഫിനെ അന്യായമായി കസ്റ്റഡിയില്‍ സൂക്ഷിച്ചെന്ന് കമ്മീഷന്‍ കണ്ടെത്തി. പരാതി ലഭിച്ചതിന് ശേഷമാണ് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കമ്മീഷന്‍ കണ്ടെത്തി.
അബുതാലിഫിനെ അന്യായ തടങ്കലിലാക്കിയതിന് ഉത്തരവാദികളായ പോലീസുകാര്‍ക്ക് പോലീസ് അക്കാദമിയില്‍ പരിശീലനം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഈ ഉദേ്യാഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണം. കൊട്ടാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത അനേ്വഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അനേ്വഷിക്കണം. കുറ്റസമ്മതമൊഴി സമ്മര്‍ദം ചെലുത്തി രേഖപ്പെടുത്തിയതാണോ എന്ന് പരിശോധിക്കണം. പരാതിക്കാരിയെയോ അബുതാലിഫിനെയോ ഉപദ്രവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കി രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി, ഡി ജി പി. ടി പി സെന്‍കുമാറിന് നിര്‍ദേശം നല്‍കി.

Latest