Connect with us

Kerala

വി എസ്സിന്റെ കെയറോഫിലല്ല പാര്‍ട്ടിയില്‍ എത്തിയതെന്ന് ജി സുധാകരന്‍

Published

|

Last Updated

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശവുമായി ജി സുധാകരന്‍ എം എല്‍ എ. വി എസിന്റെ വീടിനടുത്തുള്ള പറവൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എം എല്‍ എ ഫണ്ടുപയോഗിച്ച് ജി സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ജി സുധാകരന്‍. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത് വി.എസ് നിരസിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. പുന്നപ്രയിലെ വീട്ടിലുണ്ടായിട്ടും വി എസ് ഉദ്ഘാടനത്തിനെത്തിയിരുന്നില്ല. ഇതാണ് സുധാകരനെ ചൊടിപ്പിച്ചത്.
“ചടങ്ങിലേക്ക് വി.എസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് വി എസ് അറിയിച്ചു. നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കട്ടെ. വി എസിന്റെ കെയറോഫിലല്ല താന്‍ പാര്‍ട്ടിയിലെത്തിയത്. വി എസിന്റെ അടുത്ത് കൊതിയും നുണയും ഏഷണിയുമായി താന്‍ പോയിട്ടില്ല. ഇത് പറഞ്ഞതിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തോറ്റാലും എനിക്ക് വിഷമമില്ല. എന്റെ വാര്‍ഡില്‍ സി പി എം തോറ്റിട്ടില്ല. വി എസിന്റെ വാര്‍ഡില്‍ 200 വോട്ടിന് തോറ്റിട്ടുണ്ടെന്നും സുധാകരന്‍ തുറന്നടിച്ചു.