Connect with us

Gulf

യു എ ഇ പ്രതീക്ഷയുടെ നക്ഷത്രം

Published

|

Last Updated

ഗള്‍ഫ് സഹകരണ രാജ്യങ്ങളിലെ (ജി സി സി) പ്രധാന അംഗമാണ് യു എ ഇ. സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യു എ ഇ, കെട്ടുറപ്പിനുള്ള ഒരു ജി സി സിക്കു ശ്രമിച്ചുകൊണ്ടിരിക്കുന്നു. സംസ്‌കാരം, കാലാവസ്ഥ, പ്രകൃതി സ്രോതസ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വലിയ വ്യത്യാസവും ഈ രാജ്യങ്ങള്‍ തമ്മിലില്ല.
യമന്‍, ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ സഹോദര രാജ്യങ്ങളില്‍ സമാധാനത്തിന് വേണ്ടി യത്‌നിക്കുന്നതില്‍ ജി സി സി ഒറ്റക്കെട്ടാണ്. ഈ മാസം ആദ്യം ദോഹയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ജി സി സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്വീഫ് ബിന്‍ റാശിദ് അല്‍ സയാനി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ജി സി സി ഐക്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിക്കാതെ മേഖലയില്‍ പൂര്‍ണ സമാധാനം സാധ്യമല്ലെന്ന് യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഓര്‍മിപ്പിച്ചതിനെ ഏവരും അംഗീകരിച്ചു.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വലിയ ശ്രമം ജി സി സി രൂപവത്കരണത്തിലുണ്ട്. അത് കൊണ്ടു തന്നെ ജി സി സി സംഘടിതമായി നില്‍ക്കണമെന്നും പൊതു വിഷയങ്ങളില്‍ ഏകസ്വരം പുറപ്പെടുവിക്കണമെന്നും യു എ ഇ ആഗ്രഹിക്കുന്നു.
ജി സി സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ, പൊതു കമ്പോളം എന്ന സ്വപ്‌നം പകുതി സാക്ഷാത്കരിക്കപ്പെടുമെന്നാണ് കരുതുന്നത്. റയില്‍ നിര്‍മാണത്തില്‍ യു എ ഇയാണ് മുന്നില്‍. യൂറോ മാതൃകയില്‍ പൊതു കറന്‍സി കൂടി വരുകയാണെങ്കില്‍ ലോകത്തിലെ തന്നെ വന്‍ സാമ്പത്തിക ശക്തിയായി ജി സി സി മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് തടസം.
അതേ സമയം, എണ്ണ വിലയിടിവ്, തീവ്രവാദം എന്നിവ ജി സി സി രാജ്യങ്ങളെ വേവലാതിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇതിനെ എങ്ങിനെ നേരിടണമെന്നതില്‍ യു എ ഇ അയല്‍ രാജ്യങ്ങള്‍ക്ക് മാതൃകയായി മാറുകയാണ്. വികസനക്കുതിപ്പാണ് മറുമരുന്നെന്ന് യു എ ഇ കണ്ടെത്തി. എന്നാല്‍ വികസനത്തിന് വരുമാനം വേണം.
വരുമാനത്തിന് എണ്ണയിതര സ്രോതസുകളെ ശക്തിപ്പെടുത്തുന്നതില്‍ യു എ ഇ മുന്‍പന്തിയില്‍. വിനോദ സഞ്ചാരം, റിയല്‍ എസ്റ്റേറ്റ്, വാണിജ്യം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയതിനാല്‍ ധാരാളം വിദേശികള്‍ എത്തുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നു. എണ്ണ വിലയിടിവ് വലിയ ആഘാതമായി മാറുന്നില്ല. ഊര്‍ജ ഉല്‍പാദന രംഗത്ത് പുനരുല്‍പാദക, പ്രകൃതി സൗഹൃദ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതും ശ്രദ്ധേയം. യു എ ഇയുടെ എണ്ണയിതര വരുമാനം, ആഭ്യന്തരോല്‍പാദനത്തിന്റെ (ജി ഡി പി) 30 ശതമാനത്തിലധികമാണ്. 1.54 ട്രില്യണ്‍ ദിര്‍ഹമാണ് മൊത്ത വരുമാനം. വേള്‍ഡ് എക്‌സ്‌പോ 2020 ആഗതമാകുന്നതോടെ യു എ ഇ മറ്റൊരു തലത്തിലേക്ക് ഉയരും. ജി സി സിയുടെ വാണിജ്യത്തിന്റെ കേന്ദ്രം യു എ ഇ ആകും.
ക്രമസമാധാനം, അടിസ്ഥാന സൗകര്യം തുടങ്ങിയവയില്‍ അസൂയാര്‍ഹമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ജി സി സിയില്‍ ഏറ്റവും സമാധാനമുള്ള രാജ്യമാണ് യു എ ഇ. മികച്ച റോഡുകള്‍, മെട്രോ റെയില്‍, ഹോട്ടലുകള്‍ തുടങ്ങിയവ കൊണ്ടും യു എ ഇ സമ്പന്നം.
ലോകത്ത് കാര്യക്ഷമതയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ 12-ാം സ്ഥാനത്താണ് യു എ ഇ. ആധുനിക സാങ്കേതിക വിദ്യ കൈവശപ്പെടുത്തുന്നതില്‍ രണ്ടാം സ്ഥാനം. വിശ്വസ്തമായ ഭരണകൂടമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം. ഭരണകൂട മേന്മയില്‍ ഒന്നാം സ്ഥാനം. യു എ ഇയുടെ മുന്നേറ്റം ഇനിയും തുടരട്ടെയെന്ന് ആശംസിക്കാം. ജി സി സിക്ക് ആകെ അത് ഗുണം ചെയ്യും. വിദേശികള്‍ക്കു പ്രതീക്ഷ നല്‍കും.

---- facebook comment plugin here -----

Latest