Connect with us

Gulf

ബാച്ചിലേഴ്‌സിനെ മാറ്റിയതിനെ സ്വാഗതം ചെയ്ത് കുടുംബങ്ങള്‍

Published

|

Last Updated

ഷാര്‍ജ: ബാച്ചിലേഴ്‌സിനെ മാറ്റിയതിനെ സ്വാഗതം ചെയ്ത് സ്വദേശി-പ്രവാസി കുടുംബങ്ങള്‍. നഗര പ്രാന്തങ്ങളില്‍ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്നാണ് ബാച്ചിലര്‍മാരെ മാറ്റിയിരിക്കുന്നത്. നടപടിയുടെ ആദ്യ ഭാഗമായി ഇത്തരം മേഖലകൡ താമസിക്കുന്ന ബാച്ചിലര്‍ മുറികളിലേക്കും വില്ലകളിലേക്കുമുള്ള വൈദ്യുതിയും വെള്ളവും നഗരസഭ വിച്ഛേദിച്ചിരുന്നു. ഒഴിയാന്‍ നോട്ടീസ് നല്‍കിയ ശേഷമായിരുന്നു വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചത്. ഏഷ്യക്കാരായ ബാച്ചിലര്‍മാരുടെ ആധിക്യം ഇവിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ക്കും മറ്റും വഴി വെച്ചതോടെയായിരുന്നു സ്വദേശികള്‍ ഉള്‍പെടെയുള്ള കുടുംബങ്ങള്‍ നഗരസഭയെ പരാതിയുമായി സമീപിച്ചത്. പീഡനക്കേസുകളും ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുമ്പ് ഈ മേഖല സ്വദേശികളും മറ്റ് അറബ് വംശജരും മാത്രം താമസിക്കുന്നിടമായിരുന്നുവെന്ന് താമസക്കാരില്‍ ഒരാളായ അഖീല്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി. അക്കാലത്ത് യാതൊരു പ്രശ്‌നങ്ങളും ഇവിടെ സംഭവിക്കുമായിരുന്നില്ല. ഇന്ന് സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ബാച്ചിലര്‍ താമസക്കാര്‍ പൂര്‍ണമായും മാറുന്നതോടെ പഴയ അവസ്ഥ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാരായ ബാച്ചിലര്‍മാര്‍ വില്ലകള്‍ക്ക് സമീപം വലിയ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് വാഹനം നിര്‍ത്താന്‍ അസൗകര്യം സൃഷ്ടിക്കുന്നതിനൊപ്പം സുരക്ഷക്കും ഭീഷണിയാണെന്ന് സംനാന്‍ മേഖലയിലെ താമസക്കാരനായ സ്വദേശി ലീഗല്‍ കൗണ്‍സിലര്‍ വ്യക്തമാക്കി. അവധി ദിനങ്ങളില്‍ സംഘം ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും ഇദ്ദേഹം പറഞ്ഞു.
സ്വദേശി കുടുംബങ്ങള്‍ വില്ലകള്‍ ഉപേക്ഷിച്ചതോടെയാണ് ഇവിടെ ബാച്ചിലര്‍മാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതെന്ന് സ്വദേശിയായ വയേല്‍ സിയാദ് പറഞ്ഞു.

Latest