Connect with us

Kerala

ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം: ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: അടൂര്‍ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച വിവാദ ഓണാഘോഷത്തിനു ഫയര്‍ഫോഴ്‌സ് വാഹനം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് അഗ്‌നിശമന സേനയിലെ ആറ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരെ ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ജേക്കബ് തോമസ് സസ്‌പെന്‍ഡ് ചെയ്തു.
അഗ്‌നി ശമനസേനയിലെ അടൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ ടി ഗോപകുമാര്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ ബി യേശുദാസന്‍, പി ടി ദിലീപ്, ഡ്രൈവര്‍മാരായ എസ് സോമരാജന്‍, എന്‍ രാജേഷ്, കെ ശ്യാംകുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരുന്ന ഹോംഗാര്‍ഡിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവ ദിവസം ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോട്ടയം അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സ് മേധാവി നടപടിയെടുത്തത്. വാഹനം വിദ്യാര്‍ഥികള്‍ക്ക് വിട്ടുകൊടുത്തുവെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരായ നടപടി.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓണാഘോഷത്തിലേക്ക് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. ഇതിനായി 10,000 രൂപയും അടച്ചിരുന്നു. എന്നാല്‍ ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ക്യാമ്പസിലെത്തിയ വാഹനത്തിന് മുകളില്‍ കയറുകയും വെള്ളം ചീറ്റി കൃത്രിമ മഴനൃത്തം നടത്തുകയും ചെയ്തു. വെള്ളം ഇവര്‍ക്കായി ചീറ്റിച്ചുനല്‍കിയത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരം സി ഇ ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം കോളജില്‍ പൊതുദര്‍ശനത്തിന് വെച്ച അതേ സമയത്താണ് അടൂര്‍ ഐ എച്ച് ആര്‍ ഡി കോളജില്‍ ഈ വിവാദ ഓണാഘോഷം നടന്നതെന്നതും ശ്രദ്ധേയമാണ്.

Latest