Connect with us

Business

ഓഹരി വിപണികളില്‍ കൂട്ടത്തകര്‍ച്ച

Published

|

Last Updated

ബീജിംഗ്/മുംബൈ: ലോകത്താകെയുള്ള ഓഹരി കമ്പോളങ്ങളില്‍ വന്‍ ഇടിവ്. ചൈന, അമേരിക്ക തുടങ്ങിയ വന്‍കിട രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഒരു പോലെ കമ്പോളത്തില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തി. പുതിയൊരു ആഗോള മാന്ദ്യത്തിന് കളമൊരുങ്ങുന്നതിന്റെ ലക്ഷണമാണ് ഈ ഇടിവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനീസ് കമ്പോളത്തില്‍ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനായി ചൈനീസ് അധികൃതര്‍ സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ ഫലം കണ്ടിട്ടില്ല.
അമേരിക്കന്‍ ഡൗ ജോണ്‍സ് 1089 പോയിന്റ് ഇടിഞ്ഞു. റെക്കോര്‍ഡ് ഇടിവാണ് ഇത്. 2008ലെ മാന്ദ്യകാലത്തെ ഡൗജോണ്‍സ് ഇടിവ് 777 പോയിന്റ് മാത്രമായിരുന്നു. നിക്ഷേപകര്‍ക്കിടയില്‍ പടര്‍ന്ന ഭയാശങ്കകളാണ് പ്രധാനമായും വിപണിയിലെ ഇടിവിന് കാരണമായത്. ചൈനയിലെ സാമ്പത്തിക മുരടിപ്പും അവരുടെ നാണയ നയവുമാണ് പുതിയ പ്രതിസന്ധിയുടെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്നത്.
ആഗോള വിപണയിലെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി സൂചികകളെയും തകര്‍ത്തു. 1,624.51 പോയിന്റ് താഴ്ന്ന് 25741.56ലാണ് ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 490.95 പോയിന്റ് തകര്‍ന്ന് 7809ലും. ബി എസ് ഇയില്‍ 2477 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ആറ് ശതമാനത്തിന്റെ ഇടിവാണ് സെന്‍സെക്‌സില്‍ രേഖപ്പെടുത്തിയത്. ഒരൊറ്റ ദിവസത്തില്‍ തന്നെ ഇത്രയും വലിയ തകര്‍ച്ച വിപണികള്‍ നേരിടുന്നത് ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ്. തകര്‍ച്ചയില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏഴ് ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. രൂപയുടെ മൂല്യം 0.9 ശതമാനം ഇടിഞ്ഞു. ഡോളറിനെതിരെ 66 രൂപയെന്നതാണ് ഇപ്പോഴത്തെ നില.
യൂറോപ്യന്‍ സ്റ്റോക്കുകളില്‍ അഞ്ച് ശതമാനം ഇടിവാണുണ്ടായത്. വാള്‍സ്ട്രീറ്റിലും സമാനമായ ഇടിവുണ്ടായി. ഏഷ്യന്‍ ഓഹരികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടമാണ് അനുഭവപ്പെട്ടത്. ക്രൂഡ് വില നാല് ശതമാനം കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. “ഇത് ചൈനയില്‍ നിന്ന് തുടങ്ങിയ ആശയക്കുഴപ്പമാണ്. ബുദ്ധിപരവും ദീര്‍ഘകാലത്തേക്ക് ദൃഷ്ടിയൂന്നുന്നതുമായ നാണയനയം ചൈനയടക്കമുള്ള രാജ്യങ്ങള്‍ ആവിഷ്‌കരിക്കുക മാത്രമാണ് പോംവഴി” – എ ബി എന്‍ ആംറോയിലെ മുഖ്യ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ദിദിയര്‍ ദുറേറ്റ് പറഞ്ഞു. ചൈനയിലെ മുരടിപ്പിന് പുറമെ യു എസ് വിപണികളില്‍ രൂപപ്പെട്ട കനത്ത വില്‍പ്പന സമ്മര്‍ദവും സൂചികകളുടെ തകര്‍ച്ചക്ക് കാരണമായി. ക്രൂഡ് വില അടിക്കടി താഴുന്നതും ഗ്രീസിലെ പ്രതിസന്ധിയും വിപണിയുടെ തകര്‍ച്ചക്ക് വേഗം കൂട്ടുന്നുണ്ട്. ഉത്തര കൊറിയക്കും ദക്ഷിണ കൊറിയക്കുമിടയില്‍ രൂപപ്പെടുന്ന സംഘര്‍ഷവും കമ്പോള പ്രതീക്ഷകളെ ബാധിച്ചു.