Connect with us

Articles

മാധ്യമ രംഗത്തെ മുസ്‌ലിം (അ)സാന്നിധ്യം

Published

|

Last Updated

മാധ്യമ കുലപതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നല്‍കുന്ന അംഗീകാരമാണ് പുലിസ്റ്റര്‍ അവാര്‍ഡ്. ഇത്തവണ പുലിസ്റ്റര്‍ അവാര്‍ഡ് ലഭിച്ച അമേരിക്കയിലെ ഡെയ്‌ലി ബ്രീസ് ദിനപത്രത്തിന്റെ ലേഖകന്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു മുമ്പെ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നതായി എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. പത്രപ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ജീവിതം നയിക്കാനാവാത്തതാണ് ഇദ്ദേഹത്തെ ഈ രംഗം വിടുന്നതിന് നിര്‍ബന്ധിതനാക്കിയത്. കെട്ടിട വാടകക്ക് പോലും പത്രത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം തികയുന്നില്ലെന്നാണ് റോബ് കുസാനിയ ഇതേക്കുറിച്ച് പ്രതികരിച്ചത്. നിലവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ജീവനക്കാരനാണിദ്ദേഹം. ആഗോള തലത്തില്‍ ശ്രദ്ധേയനായ സര്‍വ കഴിവുകളും ഒത്തൊരുമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെപ്പോലും പത്രസ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര രീതിയില്‍ തീറ്റിപ്പോറ്റാനാകുന്നില്ലെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
1970 മുതല്‍ കേരളത്തില്‍, വിശിഷ്യാ മലബാര്‍ മേഖലയിലെ മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെട്ട ഗള്‍ഫ് കുടിയേറ്റവും ഇതേ തുടര്‍ന്നുണ്ടായ സാമ്പത്തിക അഭിവൃദ്ധിയും ഇന്നും മുസ്‌ലിംയുവാക്കള്‍ക്കിടയില്‍ അറബിപ്പണത്തോടുള്ള ഭ്രമത്തിന് കുറവ് വരുത്തിയിട്ടില്ല. ജീവിതം കെട്ടിപ്പടുക്കുന്നതിനായി അറബ് രാഷ്ട്രങ്ങളില്‍ വിയര്‍പ്പൊഴുക്കി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ ജനതയെങ്കില്‍ ഇന്ന് കഥ മാറി. മുസ്‌ലിം സമുദായത്തില്‍ അഭ്യസ്തവിദ്യര്‍ വര്‍ധിച്ചു. അടുത്തിടെ മലപ്പുറത്തെ കുട്ടികള്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിത്തുടങ്ങി. ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയ ശതമാനം കൂടിയ ജില്ലയായി മലപ്പുറം മാറി. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ കൂടുതലുള്ള ജില്ലയും മലപ്പുറം തന്നെ. എന്നാല്‍, ഉന്നത വിദ്യാഭ്യാസമെന്നാല്‍ ഡോക്ടറും എന്‍ജിനീയറും അക്കൗണ്ടന്റും മാത്രമാണെന്ന പൊതു ധാരണയില്‍ നിന്ന് സമുദായം ഇന്നും ഒരു പടി മുന്നോട്ടു നീങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാനവിക വിഷയങ്ങളില്‍ പഠനം നടത്തുന്ന ദഅ്‌വ കോളജുകളിലെ വിദ്യാര്‍ഥികളെ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. ദഅ്‌വ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മത പ്രബോധനത്തിന്റെ വഴിയേ സഞ്ചരിക്കേണ്ടവരായതിനാല്‍ ഈ രംഗത്ത് മറ്റുള്ളവരെയാണ് ആവശ്യം.
ഏറ്റവും എളുപ്പത്തില്‍ എങ്ങനെ പണമുണ്ടാക്കാമെന്ന ചിന്തയും മുടക്കിയ പണം വളരെ വേഗം ഏത് രീതിയില്‍ തിരിച്ചു പിടിക്കാനുള്ള മോഹവുമാണ് പഠന രംഗത്ത് മാനവിക വിഷയങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ സമുദായത്തെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇതിനാലാണ് തുടക്കത്തില്‍ പ്രതിമാസം തുചമായ സംഖ്യ മാത്രം വരുമാനം ലഭിക്കുന്ന പത്ര പ്രവര്‍ത്തന രംഗത്തേക്കൊന്നും മുസലിം യുവാക്കള്‍ കാലെടുത്തു വെക്കാത്തതും. ക്ഷമയോടു കൂടി ഈ രംഗത്ത് പ്രവര്‍ത്തിച്ചാല്‍ എളുപ്പം ശോഭിക്കാനും അതുവഴി ഉയരങ്ങള്‍ കീഴടക്കാനുമാകുമെന്ന വസ്തുത പലരും വിസ്മരിക്കുകയാണ്. കൂടാതെ, പൊതു സേവനത്തിനും ഇസ്‌ലാമിക പ്രബോധനത്തിനുമുള്ള ഒരു വലിയ വാതിലും കൂടിയാണ് ഇതോടെ കൊട്ടിയടക്കപ്പെടുന്നത്. ഇന്ത്യന്‍ പത്ര പ്രവര്‍ത്തന രംഗത്തെ മുസ്‌ലിം സാന്നിധ്യം പരിശോധിച്ചാല്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ സ്പഷ്ടമാകും. 2006ല്‍ ന്യൂഡല്‍ഹിയിലെ മീഡിയ സ്റ്റഡി ഗ്രൂപ്പ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ജനസംഖ്യയില്‍ 13.4 ശതമാനം വരുന്ന മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നത് 3 ശതമാനം മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ്. അതേ സമയം 2 ശതമാനം മാത്രമുള്ള ക്രൈസ്തവരെ പ്രതിനിധാനം ചെയ്യുന്നതാവട്ടെ 4 ശതമാനം മാധ്യമ പ്രവര്‍ത്തകരും. ജനസംഖ്യയില്‍ 8 ശതമാനം മാത്രം വരുന്ന ഹൈന്ദവ വിഭാഗത്തിലെ ഉയര്‍ന്ന ജാതിക്കാരാണ് ഇന്ത്യന്‍ മാധ്യമ രംഗത്തെ ഭരിച്ചു കൊണ്ടിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ 71 ശതമാനവും ഇവരാണ്. ഇപ്പോഴും ഈ അവസ്ഥക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ വഴിയില്ല. മുസ്‌ലിം പത്രപ്രവര്‍ത്തകരെന്ന് അറിയപ്പെടുന്നവര്‍ തന്നെ പലപ്പോഴും മുസ്‌ലിം വിരോധികളോ നിരീശ്വര വാദികളോ ആണ്. ഇത്തരക്കാരെ ക്കൊണ്ട് സമുദായത്തിന് നേട്ടമൊന്നും ഉണ്ടാകാറില്ലെന്നു മാത്രമല്ല, പലപ്പോഴും കോട്ടങ്ങള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. മത വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യമില്ലാത്ത ഇവര്‍ ഏത് വിഷയങ്ങളിലും കയറി ഇടപെടുന്നതാണ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ മതത്തെ പ്രതിക്കൂട്ടിലാക്കുന്നത്.
കേരളത്തിലെ മാധ്യമ രംഗത്തേക്ക് വരികയാണെങ്കില്‍ പത്ര മേഖലയിലെ മുസ്‌ലിം ആധിക്യം രസാവഹമാണ്. 2011ലെ സെന്‍സസ് പ്രകാരം 3,34,06,061 എണ്ണം ജനസംഖ്യയുള്ള കേരളത്തില്‍ മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലായി നിലവില്‍ ആറു ദിനപത്രങ്ങളാണുള്ളത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ വെറും 25 ശതമാനം മാത്രമാണ് മുസ്‌ലിംകളെന്നും ഇതോടൊപ്പം വായിക്കാന്‍ മറക്കരുത്.എങ്കില്‍ ഏകദേശം എണ്‍പത്തിമൂന്നര ലക്ഷത്തോളം മാത്രം വരുന്ന ഒരു വിഭാഗത്തെ പ്രതിനിധീരിക്കാനാണ് ഇത്രയും പത്രങ്ങളെന്ന് ചുരുക്കം.(ഇസ്‌ലാമിക് സംഘടനകളുടെ കീഴില്‍ പ്രസിദ്ധീകരക്കപ്പെടുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ കണക്കുകളിലേക്കൊന്നും തല്‍ക്കാലം വിരല്‍ ചൂണ്ടുന്നില്ല.) ക്രൈസ്തവ സഭയുടെ കാര്‍മികത്വത്തില്‍ ദീപിക ദിനപത്രം പ്രസിദ്ധീകരിക്കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളത്തില്‍ അച്ചടിക്കുന്ന ബാക്കി പതിനൊന്ന് ദിനപത്രങ്ങളും നിഷ്പക്ഷതയുടെ പക്ഷം ചാരിയോ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ കീഴിലോ പ്രസിദ്ധീകരിക്കുന്നതാണ്. അതായത്, 56 ശതമാനം വരുന്ന ഹൈന്ദവ വിഭാഗത്തിന് പോലും സ്വന്തമെന്ന് പറയാന്‍ മലയാളത്തില്‍ ഒരു ദിനപത്രവുമില്ല.
പത്ര നടത്തിപ്പ് രംഗത്ത് ഇത്രയേറെ ആധിപത്യമുണ്ടെങ്കിലും സമുദായത്തിന്റെ വിയര്‍പ്പില്‍ വളരുന്ന ആറ് ദിനപത്രങ്ങളില്‍ ഏതെങ്കിലും ഒരു പത്രത്തിന് വന്‍കിട മാധ്യമങ്ങളോട് മത്സരിക്കാനാകുന്നുണ്ടോയെന്ന് വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. 2010ലെ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ആദ്യ നാല് ദിനപത്രങ്ങളുടെ കൂട്ടത്തില്‍ ഒരു മുസ്‌ലിം സംഘടനകള്‍ നടത്തുന്ന പത്രങ്ങളുമില്ല. മതപരമായുള്ള സാങ്കേതിക പദങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ വരെ സമുദായത്തിന്റെ ചിലവില്‍ നടന്നു പോകുന്ന പത്രങ്ങള്‍ ഉപകാരപ്പെടുന്നില്ലെന്നത് ലജ്ജാവഹമാണ്. ഒരു പദത്തില്‍ ഒരു സംസ്‌കാരം ഒളിഞ്ഞു കിടക്കുന്നുണ്ട്. പദ വ്യത്യാസത്തിലൂടെ ഒരു സംസ്‌കാരത്തെയാണ് മാധ്യമങ്ങള്‍ അരും കൊല ചെയ്യുന്നത്. നിസ്‌കാരത്തെ നമസ്‌കാരമെന്ന് മാറ്റിയാണ് പല പത്രങ്ങളും എഴുതിക്കാണുന്നത്. മുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന നിയ്യത്തോടു കൂടി തക്ബീറത്തുല്‍ ഇഹ്‌റാം കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിപ്പിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവര്‍ത്തികളും ഉള്‍ച്ചേരുന്ന നിസ്‌കാരം ഈ പ്രയോഗത്തില്‍ വരുന്നേയില്ല. ഇതു പോലെ നിരവധി സാങ്കേതിക പദങ്ങളാണ് മാധ്യമങ്ങള്‍ വികലമാക്കുന്നത്. പത്രപ്രവര്‍ത്തന രംഗത്തേക്ക് മുസ്‌ലിംകളില്‍ നിന്ന് വേണ്ടത്ര പ്രതിഭകളെ ലഭിക്കാത്തതിനാല്‍ മുസ്‌ലിം സംഘടനകളുടെ കീഴില്‍ നടത്തപ്പെടുന്ന പത്രസ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നവരില്‍ പകുതിയിലധികം പേരും മുസ്‌ലിംകളല്ലാത്തവരാണ്. പലപ്പോഴും സ്വന്തം ചിലവില്‍ മറ്റു മത വിഭാഗങ്ങളുടെ ആശയ പ്രചാരണമാധ്യമം കൂടിയാവുകയാണ് നമ്മുടെ പത്രങ്ങള്‍.
മക്തി തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യപ്രകാശമാണ് കേരളത്തിലെ പ്രഥമ മുസ്‌ലിം പത്രമായി കണക്കാക്കുന്നതെങ്കിലും ആദ്യത്തെ ലക്ഷണമൊത്ത മുസ്‌ലിം പത്രമായി അറിയപ്പെടുന്നത് 1924ല്‍ ആരംഭിച്ച് 1936ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയ അല്‍ അമീനാണ്. 1934ല്‍ മുസ്‌ലിം ലീഗിന്റെ മുഖപത്രമായി ചന്ദ്രിക ആരംഭിച്ചു. നിലവില്‍ ഏറ്റവും പഴക്കമുള്ള മുസ്‌ലിം പത്രമാണിത്. പിന്നീട് അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു പത്രത്തെക്കുറിച്ച് സമുദായത്തിന് ചിന്തിക്കേണ്ടി വന്നത് ചന്ദ്രികയില്‍ നിന്ന് വേണ്ടത്ര നീതി മുസ്‌ലംകളിലെ പ്രബല വിഭാഗത്തിന് ലഭിക്കാത്തത് കൊണ്ടാണ്. അങ്ങനെയാണ് 1984ല്‍ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ സിറാജ് പ്രസിദ്ധീകരണം തുടങ്ങിയത്. മൂന്ന് വര്‍ഷത്തിനു ശേഷം 1987ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലായി മാധ്യമവും പുറത്തിറങ്ങിത്തുടങ്ങി. പിന്നീട് 2003ല്‍ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വര്‍ത്തമാനവും 2006ല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലായി തേജസ് ദിനപത്രവും പ്രസിദ്ധീകരണമാരംഭിച്ചു. ഏറ്റവുമൊടുവിലായി 2014 സെപ്തംബര്‍ മുതല്‍ സുപ്രഭാതമെന്ന പേരില്‍ ചേളാരി വിഭാഗം സമസ്തയും സ്വന്തമായി പത്രമാരംഭിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും, ജനാധിപത്യത്തിന്റെ നാലാം തൂണായ പത്രങ്ങള്‍ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് ഒരു വിഭാഗത്തെ ഭീകരവത്കരിക്കുന്നത് തുടര്‍ക്കഥയാകുമ്പോള്‍ മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ ആറ് ദിനപത്രങ്ങളുണ്ടെന്നത് നേരിയ ആശ്വാസത്തിനെങ്കിലും വക നല്‍കുന്നുണ്ട്. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് വിഭിന്നാഭിപ്രായമുള്ള വാര്‍ത്തകളും അഭിമുഖങ്ങളും സംപ്രേഷണം ചെയ്തതിന്റെ പേരില്‍ രാജ്യത്തെ മൂന്ന് പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സന്നദ്ധമായത് മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ മുസ്‌ലിം പക്ഷ വാര്‍ത്തകളോട് കാണിച്ചിരുന്ന പക്ഷപാതം മറയാക്കിയായിരിക്കണം. എന്നാല്‍ മുസ്‌ലിംകളോട് എന്നും പുറം തിരിഞ്ഞ് നില്‍ക്കുന്ന സ്വഭാവം ഭൂഷണമല്ലെന്ന് രാജ്യത്തെ മുക്കുമൂലകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള മാധ്യമങ്ങള്‍ വന്‍കിട മാധ്യമങ്ങളെ പഠിപ്പിക്കുകയായിരുന്നു. ഇസ്‌ലാമിനെതിരായ വാര്‍ത്തകള്‍ കെട്ടിച്ചമക്കാനും അനുകൂലമായ വാര്‍ത്തകള്‍ തിരസ്‌കരിക്കാനും വന്‍കിട പത്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ സമൂഹ മധ്യേ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഒരുപരിധി വരെയെങ്കിലുമാകുന്നത് ഇത്തരം പത്രങ്ങളിലൂടെ വെളിച്ചം കാണുന്ന വാര്‍ത്തകളാണ്. നാം നിഷ്പക്ഷമെന്ന് കരുതിപ്പോരുന്ന മനോരമയും മാതൃഭൂമിയുമെല്ലാം തനി മുസ്‌ലിം വിരുദ്ധ പത്രമായിത്തന്നെയാണ് തുടരുന്നത്. മുസ്‌ലിംകളെ തീവ്രവാദികളായി പൊതുജനങ്ങള്‍ക്കിടയില്‍ സ്ഥിരമായി പ്രതിഷ്ഠിക്കാനാണ് ഇവരുടെ താത്പര്യം. 2015ല്‍ അരങ്ങേറിയ മൂന്ന് വ്യത്യസ്ത സംഭവങ്ങള്‍ ഇത് അടിവരയിടുന്നതാണ്.
ജനുവരി രണ്ടിന് ഇന്ത്യന്‍ തീരസേന ഗുജറാത്തിലെ പോര്‍ബന്തറിനു സമീപം കടലില്‍ പാക് ബോട്ട് കത്തിച്ച സംഭവം ജനുവരി മൂന്നിലെ മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധേയമാണ്. പാക് ബോട്ട് തകര്‍ത്തു; സ്‌ഫോടക വസ്തുക്കളുമായി ഇന്ത്യാ തീരത്ത് എത്തി എന്ന് മാതൃഭൂമി എഴുതിയപ്പോള്‍ മനോരമ ഒന്നുകൂടി പെരുപ്പിച്ച് 26/11 ശൈലിയില്‍ ഭീകര നീക്കം വീണ്ടും; പാക്ക് ബോട്ട് തകര്‍ത്തു എന്നാണ് ലീഡ് വാര്‍ത്തയായി നല്‍കിയത്. ഭരണകൂടവും തീരസേനയും നല്‍കിയ വിവരം മാത്രം വെച്ചായിരുന്നു ഈ രണ്ട് പത്രങ്ങളും വാര്‍ത്ത നിര്‍മിച്ചത്. പിന്നീട് ഒന്നര മാസത്തിനു ശേഷം സംഭവത്തിന്റെ നിജസ്ഥിതി കോസ്റ്റ് ഗാര്‍ഡ് ഡി ഐ ജി. ബി കെ ലോഷാലി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് വെളിപ്പെടുത്തി. അതോടെ ഭീകരരുടെ ബോട്ടാണ് കത്തിച്ചതെന്നനിലയിലുള്ള മാധ്യമ ചര്‍ച്ചകളാണ് പൊളിഞ്ഞത്.
തെലങ്കാനയിലെ വാറങ്കലില്‍ ഏപ്രില്‍ ഏഴിന് തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്ന അഞ്ച് മുസ്‌ലിം യുവാക്കളെ നിയമപാലകര്‍ വെടിവെച്ചു കൊലപ്പെടുത്തിയപ്പോള്‍ തൊട്ടു പിറ്റേന്ന് ഇറങ്ങിയ മനോരമയും മാതൃഭൂമിയും പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം പോലും നല്‍കാതെ തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന നിലയിലാണ് വാര്‍ത്തകള്‍ സൃഷ്ടിച്ചത്. തങ്ങളില്‍ നിന്ന് ആയുധം തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചവരെ ആത്മരക്ഷാര്‍ഥം വെടിവെക്കുകയായിരുന്നുവെന്ന പോലീസ് ഭാഷ്യം വാര്‍ത്തയില്‍ തിരുകിക്കയറ്റിയ ഇവര്‍ പക്ഷേ, വെടിയേറ്റ് മരിച്ചവരെല്ലാം കൈയാമം വെക്കപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചു. ഈ സംഭവം വാര്‍ത്തയില്‍ വന്നാല്‍ ജനങ്ങളില്‍ ദുരൂഹതയുണ്ടാകുമെന്ന മുത്തശ്ശി പത്രങ്ങളിലെ ന്യൂസ് ഡെസ്‌കുകളില്‍ നടന്ന ചര്‍ച്ചയുടെ പരിണിത ഫലമായിരിക്കാമിത്.
ഏറ്റവുമൊടുവില്‍, ഏഴ് വര്‍ഷത്തെ കാരാഗൃഹ വാസത്തിനു ശേഷം ഏപ്രില്‍ 30ന് ഹുബ്ലി ജില്ലാ സെഷന്‍ കോടതി തെളിവുകളുടെ അഭാവത്തില്‍ നിരുപാധികം വിട്ടയച്ച മലയാളികളുള്‍പ്പെടെയുള്ള 17 പ്രതികളെ സംബന്ധിച്ച് ഒരു കോളം വാര്‍ത്ത പോലും നല്‍കാതെ മുഖ്യധാരയെന്ന് മുറവിളികൂട്ടുന്ന ഈ രണ്ട് പത്രങ്ങളും മുസ്‌ലിം വിരോധം ഒന്നുകൂടി പ്രകടിപ്പിച്ചു. നിരോധിത സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചു, സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടത്തി, അതിനായി ആയുധങ്ങള്‍ ശേഖരിച്ചു തുടങ്ങിയ വലിയ കുറ്റങ്ങളോടെ ഏഴ് വര്‍ഷം മുമ്പ് ഇവരെ അറസ്റ്റ് ചെയ്തപ്പോള്‍ ഉലക്ക മുക്കി വെണ്ടക്കാക്ഷരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചവരാണിവറെന്ന കാര്യംകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
ആഗോള മാധ്യമ രംഗത്ത് തന്നെ ഭയാനകമായി അരികുവത്കരിക്കപ്പെട്ട സമൂഹമായി മുസ്‌ലിംകള്‍ മാറിയിട്ടുണ്ട്. 1996 നവംബര്‍ ഒന്നിന് തുടക്കം കുറിച്ച അല്‍ജസീറ ചാനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ലോകം വാഴുന്ന മാധ്യമ ഭീമന്മാരായ ജൂതന്മാര്‍ക്കിടയില്‍ മുസ്‌ലിം സാന്നിധ്യമേ ഇല്ലെന്നു പറയാം. ജനസംഖ്യയില്‍ ലോകത്ത് രണ്ടാമത് വരുന്ന മത വിഭാഗത്തിന്റെ ശബ്ദം പുറം ലോകമറിയാതെ മൂടിവെക്കാന്‍ വന്‍ കിട മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധവെക്കുന്നുണ്ട്. എന്നാല്‍, അവരെക്കുറിച്ചുള്ള കെട്ടിച്ചമച്ച വാര്‍ത്തകളും ചിത്രങ്ങളുമാവട്ടെ, ആഘോഷപൂര്‍വം അഴിച്ചു വിടാന്‍ യാതൊരു വിമുഖതയും കാണിക്കുന്നുമില്ല.

---- facebook comment plugin here -----

Latest