Connect with us

Gulf

മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍

Published

|

Last Updated

ദൈനം ദിന ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് യു എ ഇയില്‍ പഠനം വ്യാപകം. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ വര്‍ധിച്ചുവരുന്നതാണ് കാരണം. ജോലി സ്ഥലത്തും കുടുംബത്തിന്റെ നാലതിരുകള്‍ക്കകത്തും യാത്രക്കിടയിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുഗമമായ പ്രയാണത്തിന് ഭംഗം വന്ന് മാനസിക സമ്മര്‍ദത്തിനടിപ്പെട്ടവര്‍ ധാരാളം. ചിലര്‍, അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് സമയവും മനഃസമാധാനവും സ്വയം നഷ്ടപ്പെടുത്തുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ജീവിതത്തില്‍ അടുക്കും ചിട്ടയും പാലിക്കുക എന്നുള്ളതാണ്. എന്നാലും സാമ്പത്തിക ഘടകങ്ങള്‍ ഉള്‍ചേര്‍ന്നാല്‍ പരിഹാരം എളുപ്പമല്ല.
യു എ ഇയില്‍ 60 ശതമാനം ആളുകള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് “യുഗോവ്” ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വാഹനമുള്ളവര്‍ ഏറ്റവും സംഘര്‍ഷം അനുഭവിക്കുന്നത് ഗതാഗത തടസം നേരിടുമ്പോഴാണ്. ദുബൈയില്‍ നിന്ന് ഷാര്‍ജയിലെത്താന്‍ ചിലപ്പോള്‍ മണിക്കൂറുകളോളം വേണ്ടിവരും. ലക്ഷ്യസ്ഥാനം എളുപ്പമല്ലെന്നു വരുമ്പോള്‍ ദേഷ്യം പതഞ്ഞുപൊങ്ങും. ഇത് ഹൃദ്രോഗത്തിന് കാരണമാകും. യു എ ഇയില്‍ ഹൃദ്രോഗികള്‍ ലോക ശരാശരിയെക്കാള്‍ കൂടുതലാണ്. ഇടക്കിടെ ഗതാഗത സ്തംഭനം ഉണ്ടാകുന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവരില്‍ ഹൃദ്രോഗം ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളു.
സാമ്പത്തിക പ്രശ്‌നങ്ങള്‍ ആളുകളെ വലിയ ഉത്കണ്ഠയിലേക്കും നിരാശയിലേക്കും നയിക്കുന്നു. വരവറിഞ്ഞ് ചെലവു ചെയ്യുക എന്നതാണ് അത് മറികടക്കാനുള്ള ഒരു പോംവഴി. വലിയ സ്വപ്‌നങ്ങളുമായി ഗള്‍ഫിലെത്തി രക്ഷപ്പെടാന്‍മാര്‍ഗമില്ലെന്ന് കാണുമ്പോള്‍ നിരാശക്ക് കാരണമാകുന്നു.
ഇത് പതുക്കെ വിഷാദ രോഗത്തിന് വഴിമാറുന്നുവെന്ന് മാനസിക രോഗ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതും അവര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നു.
കൊള്ളപ്പലിശക്ക് വായ്പ വാങ്ങിയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ധൂര്‍ത്തടിച്ചും കുരുക്കില്‍പ്പെട്ടവര്‍ ധാരാളം. അത്തരക്കാര്‍, അനിവാര്യമായും വായ്പയില്‍ നിന്ന് ഉടന്‍ മോചിതരാകുന്നതാണ് ഉചിതം. പലിശക്കുമേല്‍ പലിശയായി, രക്ഷപ്പെടാന്‍ വയ്യാത്ത അഗാധഗര്‍ത്തത്തില്‍ അവര്‍ പതിച്ചേക്കും. ബേങ്കില്‍ നിന്ന് വായ്പ വാങ്ങി നാട്ടിലേക്ക് മുങ്ങുന്നവര്‍ക്ക് യു എ ഇയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. വഞ്ചിച്ചവരെ പിടികൂടാന്‍ ബേങ്കുകള്‍ നാട്ടിലും ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്.
കുടുംബത്തിനകത്തെ പടലപിണക്കങ്ങള്‍ വിവാഹമോചനത്തില്‍ വരെയെത്തുന്നു. മലയാളി ദമ്പതികള്‍ക്കിടയില്‍ ഇത് താരതമ്യേന കുറവാണ്. ഫിലിപ്പൈന്‍ സ്വദേശികളിലാണ് കൂടുതല്‍. പരസ്പര വിശ്വാസമില്ലാത്തതും വിവാഹേതര ബന്ധങ്ങളുമാണ് കുടുംബങ്ങളിലെ പ്രതിനായകന്‍. ഇത് പങ്കാളികളില്‍ കടുത്ത മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്നു. വിവാഹമോചിതരുടെ എണ്ണം ക്രമാതീതമായത്, സാമൂഹിക മാധ്യമങ്ങള്‍ രംഗത്തുവന്നതോടെയാണ്. ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും പരസ്പര വിശ്വാസം പ്രധാനമാണ്.
ചിട്ടയും ആത്മ വിശ്വാസവും കുറേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.