Connect with us

Gulf

വിദ്യാഭ്യാസ കൗണ്‍സില്‍ ഡയറക്ടര്‍ പുതിയ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

Published

|

Last Updated

അബുദാബി: പുതിയ അക്കാദമിക് സ്‌കൂള്‍ വര്‍ഷത്തിന്റെ ഭാഗമായി അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ അല്‍ ഫലാഹ് പ്രദേശത്തെ പുതിയ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു.
അല്‍ ഫലാഹ് പ്രദേശത്ത് പുതുതായി തുറന്ന അല്‍ അറബ് സ്‌കൂള്‍, യൂണിയന്‍ സ്‌കൂള്‍ എന്നിവയാണ് സന്ദര്‍ശിച്ചത്. അബുദാബി ജനറല്‍ സര്‍വീസസ് കമ്പനി (മുസാണ്ട) വിദ്യാഭ്യാസ ഡിവിഷന്‍ തലവന്‍ എഞ്ചിനീയര്‍ സഈദ് മുഹമ്മദ് അല്‍ മുഹൈറബി, സ്‌കൂള്‍ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സാലിം അല്‍ ളാഹിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം. അല്‍ ഫലാഹില്‍ ഒരു 10 ലക്ഷം ദിര്‍ഹം ചെലവില്‍ പത്ത് പുതിയ സ്‌കൂളുകളാണ് അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നത്. മുസാണ്ട പരിസ്ഥിതിക്ക് അനുകൂലമായ രീതിയില്‍ വിദ്യാഭ്യാസമൊരുക്കുന്നതിന് പുതിയ 10 സ്‌കൂളുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്.
ഭാവിയില്‍ അബുദാബിയില്‍ സ്ഥലസൗകര്യമില്ലാത്തതിനാല്‍ സീറ്റ് കിട്ടാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുന്നതിന് പരിഹാരമുണ്ടാക്കുന്നതിന് “ഭാവിയുടെ സ്‌കൂളുകള്‍” എന്ന ആശയത്തില്‍ നിരവധി പദ്ധതികളാണ് മുസാണ്ട ആസൂത്രണം ചെയ്തിട്ടുള്ളത്.
രാജ്യത്ത് വിദ്യാഭ്യാസ ജ്ഞാനമുള്ള നേതൃത്വത്തിന് വിദ്യാഭ്യാസത്തിന് ഒരു ദേശീയ മുന്‍ഗണന അത്യാവശ്യമാണെന്ന് ഡോ. അല്‍ ഖുബൈസി വ്യക്തമാക്കി. രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.