Connect with us

International

ഇരു കൊറിയകള്‍ക്കുമിടയില്‍ സംഘര്‍ഷം അയയുന്നു

Published

|

Last Updated

പ്യോംഗ്യാംഗ്: ഇരു കൊറിയകളുമായുള്ള കരാറിന്റെ ഭാഗമായി വടക്കന്‍ കൊറിയക്കെതിരായ സംപ്രേക്ഷണ പരിപാടി തെക്കന്‍ കൊറിയ അവസാനിപ്പിക്കും. ഇരു കൊറിയകളും തമ്മില്‍ ഏറെ സംഘര്‍ഷത്തിന് സാധ്യതയേറ്റിക്കൊണ്ടുള്ള സൈനിക വിന്യാസത്തില്‍നിന്നും പിന്‍മാറാമെന്നും ഇരുവരും ധാരണയായിട്ടുണ്ട്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് കരാറിന്റെ ഭാഗമായുള്ള നീക്കം പ്രഖ്യാപിച്ചത്. വടക്കന്‍ കൊറിയക്ക് ഹാനികരമായ വാര്‍ത്തകള്‍, കൊറിയന്‍ പോപ് സംഗീതം, മറ്റ് പരിപാടികള്‍ എന്നിവ ദക്ഷിണ കൊറിയ പ്രക്ഷേപണം ചെയ്യില്ല. ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ കരാറില്‍ രണ്ട് ദക്ഷിണ കൊറിയന്‍ സൈനികര്‍ക്ക് മൈന്‍ സ്‌ഫോടനത്തില്‍ അംഗഭംഗം വന്നതില്‍ വടക്കന്‍ കൊറിയ ക്ഷമ ചോദിക്കുന്നുണ്ട്. സംഭവത്തിന് പിറകില്‍ വടക്കന്‍ കൊറിയയാണെന്ന് തെക്കന്‍ കൊറിയ ആരോപിച്ചിരുന്നു. 1950-53 കാലത്ത് കൊറിയന്‍ യുദ്ധത്തില്‍ വേര്‍പെട്ടുപോയ കൊറിയന്‍ കുടുംബങ്ങളുടെ പുനഃസമാഗമം അടുത്തമാസം നടത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും തെക്കന്‍ കൊറിയയുടെ മധ്യസ്ഥ സംഘത്തെ നയിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിം ക്വാന്‍ ജിന്‍ പറഞ്ഞു. കുടുംബ സംഗമം സെപ്തംബറില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് അല്‍ ജസീറ ലേഖകന്‍ സിയൂളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ കരാര്‍ വരും നാളുകളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കും സാമ്പത്തിക സഹകരണമുള്‍പ്പെടെ ഇരു ഭാഗത്തിനും ചില നേട്ടങ്ങളുണ്ടാക്കുമെന്നും ലേഖകന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു കൊറിയകളും തമ്മിലുടലെടുത്ത സംഘര്‍ഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ വന്‍ സൈനിക വിന്യാസമാണ് നടന്നത്. വെള്ളിയാഴ്ചയാണ് വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോംഗ്് ഉന്‍ സൈന്യത്തോട് യുദ്ധ സജ്ജരായിരിക്കാന്‍ ആഹ്വാനം ചെയ്തത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണവുമുണ്ടായാല്‍ കനത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന് തെക്കന്‍ കൊറിയയും വ്യക്തമാക്കിയതോട് യുദ്ധ സമാനമായ സാഹചര്യം നിലവില്‍വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് വടക്കന്‍ കൊറിയ നല്‍കിയ അന്ത്യശാസന സമയം അവസാനിച്ചയുടനെയാണ് സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. വടക്കന്‍ കൊറിയക്കെതിരായ സംപ്രേക്ഷണ പരിപാടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ യുദ്ധം നേരിടാനായിരുന്നു തെക്കന്‍ കൊറിയക്കെതിരായ ഭീഷണി. ഇരു കൊറിയകളും തമ്മിലുള്ള ചര്‍ച്ചകള്‍ ദുഷ്‌ക്കരവും മണിക്കൂറുകള്‍ നീണ്ടതുമായിരുന്നെങ്കിലും അവസാനം ധാരണയിലെത്തുകയായിരുന്നു.