Connect with us

International

ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു; ഗാസയില്‍ അധ്യാപക സമരം

Published

|

Last Updated

ജറൂസലം: ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമായുള്ള ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ എന്‍ ആര്‍ ഡബ്ല്യൂ എ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ഗാസയില്‍ ആയിരക്കണക്കിന് സ്‌കൂള്‍ അധ്യാപകര്‍ തെരുവിലിറങ്ങി. സ്‌കൂള്‍ പ്രവര്‍ത്തനം ഇന്നലെയായിരുന്നു ആരംഭം കുറിക്കേണ്ടിയിരുന്നത്. സമരത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. യു എന്‍ ഏജന്‍സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം അധ്യാപകര്‍ക്ക് നല്‍കേണ്ട വാര്‍ഷിക അവധി ദിവസങ്ങളിലെ വേതനം വെട്ടിക്കുറച്ചതിനെതിരെയായിരുന്നു സമരം. അതുപോലെ ഒരോ ക്ലാസിലെയും വിദ്യാര്‍ഥികളുടെ എണ്ണം 50 ആയി ഉയര്‍ത്താനുള്ള ഏജന്‍സിയുടെ തീരുമാനത്തെയും പ്രതിഷേധക്കാര്‍ എതിര്‍ത്തു. ഇതോടെ നിരവധി അധ്യാപകര്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ് വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നും ഓരോ ക്ലാസിലെയും വിദ്യാര്‍ഥികളുടെ എണ്ണം 41 കവിയില്ലെന്നുമാണ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ ഗാസയില്‍ 245 സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും പല സ്‌കൂളുകളിലും സമരം മൂലം വിദ്യാര്‍ഥികളെത്തിയില്ല. അന്താരാഷ്ട്ര സഹായം കുറഞ്ഞുവരുന്നതാണ് ഏജന്‍സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest