Connect with us

Articles

ആഘോഷങ്ങളുടെ ആള്‍ക്കൂട്ട മനഃശാസ്ത്രം

Published

|

Last Updated

വാമനരൂപത്തിലെത്തിയ വിഷ്ണു മഹാബലിയെ പാതാളത്തിലേക്കു നാടുകടത്തിയതിലും വല്യ ചതിയായിപ്പോയി വര്‍ഷത്തിലൊരിക്കല്‍ മഹാബലിതമ്പുരാന്‍ നാട്ടിലെത്തി തന്റെ പൂര്‍വകാല പ്രജകളെ അനുഗ്രഹിച്ചു മടങ്ങി പൊയ്‌ക്കൊള്ളണം എന്ന വ്യവസ്ഥ. ഈ വ്യവസ്ഥ പ്രകാരം പ്രജാവത്സലനായ ഒരു പൊന്നു തിരുമേനി കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ ഒന്നു സന്ദര്‍ശിച്ചു മടങ്ങുന്നത് ഇത്രമേല്‍ ബഹളമയമാക്കേണ്ട വല്ലകാര്യവും ഉണ്ടോ? പണ്ടത്തെ കാലമൊന്നുമല്ലല്ലൊ. ആ പരശുരാം എക്‌സ്പ്രസിനു ഒരു എ സി ടിക്കറ്റ് സംഘടിപ്പിച്ചു കൊടുത്താല്‍ കഷ്ടിച്ച് ഒരു പകല്‍ യാത്രയുടെ ആലസ്യം അനുഭവിച്ചു മടങ്ങി പോകാവുന്നതേയുള്ളൂ. അതിനു പകരം ഈ കണ്ട പുകിലുകളെല്ലാം ഒപ്പിക്കേണ്ട വല്ലകാര്യവും ഉണ്ടോ?
ആഗസ്റ്റ് 20 തിരുവന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിംഗ് ക്യാമ്പസിലെ സുന്ദരികളും സുന്ദരന്മാരും ഓണാഘോഷം ആരംഭിക്കുമ്പോള്‍ മഹാബലി കാസര്‍കോട്ടു നിന്നും പുറപ്പെട്ടിട്ടുപോലും ഇല്ലായിരുന്നു. ഓണത്തിനു കോളജ് അടച്ചതിനു ശേഷം സ്വന്തം വീട്ടില്‍ ചെന്ന് മാതാപിതാക്കളോടും ബന്ധുമിത്രാദികളോടും കൂടി പരിപ്പും പപ്പടവും പായസവും ഒക്കെ ആയി പഴയ രീതിയില്‍ നിലത്തു ചമ്രം പടിഞ്ഞിരുന്ന വാഴയിലയില്‍ വിളമ്പിയ ഒരു സദ്യയുണ്ട് ഏമ്പക്കം വിടുന്നതില്‍ എന്തു രസം എന്നു നമ്മുടെ ന്യൂജനറേഷന്‍ പിള്ളേരു കരുതിയെങ്കില്‍ അതില്‍ തെറ്റു പറയാന്‍ കഴിയില്ല.
അവര്‍ ആഘോഷം ഒരാഴ്ച മുമ്പുതന്നെ തുടങ്ങി. ബാബു മന്ത്രി ബാറു പൂട്ടിയതുകൊണ്ടൊന്നും കേരളത്തില്‍ യാതൊരു തരത്തിലുള്ള മദ്യക്ഷാമവും അനുഭവപ്പെട്ടിട്ടില്ലെന്ന് സുപ്രീംകോടതി പോലും നിരീക്ഷിച്ചിട്ടുള്ളതാണ്. മദ്യത്തിനു പുറമെ, ചുരുങ്ങിയ ചെലവില്‍ പരീക്ഷിച്ചു ബോധ്യപ്പെടാവുന്ന ലഹരി മരുന്നുകളും നമ്മുടെ ക്യാമ്പസ് മൂരികള്‍ക്കു ഹരം പകരുന്നുണ്ടാകാം. വണ്ടി ഓടിച്ചു പഠിക്കാന്‍ പൊതുനിരത്തുകളെക്കാള്‍ എന്തുകൊണ്ടുംപറ്റിയ സ്ഥലം കോളജ് ക്യാമ്പസുകളാണെന്ന തിരിച്ചറിവും കുട്ടികള്‍ നേടിക്കഴിഞ്ഞു. പണ്ട് സൈക്കിളുകള്‍ മാത്രം ഓടിയിരുന്ന ക്യാമ്പസ് നിരത്തുകളില്‍ ആഘോഷങ്ങള്‍ക്കു കൊഴുപ്പു കൂട്ടാന്‍ ജീപ്പും ലോറിയും ജെ.സി.ബിയും ഫയര്‍എന്‍ജിനും എല്ലാം എത്തുന്നത് പതിവാണ് പോലും. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ആനപ്പുറത്തു കയറ്റി നഗരദക്ഷിഷണം നടത്തുന്ന പതിവും കേരളത്തിലെ പല വനിതാ കോളജുകളില്‍പ്പോലും നിലവിലുണ്ടത്രെ. പാവം കുട്ടികള്‍! ആഘോഷത്തിനു വേണ്ടി അവരുടെ മനസ്സു തുടിക്കുകയാണ്. “ആനന്ദം കൊണ്ടെനിക്കിരിക്കാന്‍ മേലാ” എന്ന അവസ്ഥ. പിന്നെ എന്താണ് ഒരു പോംവഴി?
എങ്ങനെ പ്രേമിക്കണം എന്നു മാത്രമല്ല ക്യാമ്പസില്‍ എങ്ങനെ പെരുമാറണം, അധ്യാപകരെ എങ്ങനെ ബഹുമാനിക്കണം എന്നൊക്കെ കൃത്യമായി ന്യൂജനറേഷന്‍ കുരങ്ങന്മാരെ പഠിപ്പിക്കുന്ന പ്രേമം’ പോലുള്ള സിനിമകള്‍ ബോക്‌സാഫീസ് ഹിറ്റാകുന്നത് വെറുതെയല്ല.“പ്രേമം സിനിമ കാണാത്ത ഒറ്റ കൗമാര പ്രായക്കാരന്‍ പോലും ഇന്നു കേരളത്തിലുണ്ടാകാന്‍ ഇടയില്ല. പഠിക്കാതെയും ക്ലാസില്‍ കയറാതെയും പരീക്ഷ പാസ്സാകാം. അധ്യാപികയെ പ്രേമിക്കാന്‍ എളുപ്പവഴി അവരെ വാഹനം ഇടിച്ചു വീഴിക്കുന്നതാണ്. ഇങ്ങനെ എത്രയെത്ര സന്ദേശങ്ങളാണ് ആ സിനിമാ ചെറുപ്പക്കാര്‍ക്കു നല്‍കുന്നത്. ഇതിലൊന്നും നമ്മുടെ സെന്‍സര്‍ ബോര്‍ഡ് വിദഗധശിരോമണികള്‍ യാതൊരു തെറ്റും കാണുന്നില്ല. വളര്‍ന്നു വരുന്ന പ്രൊഫഷനല്‍ ജ്വരം വിദ്യാര്‍ഥികളെ മാനവിക വിഷയങ്ങളില്‍ നിന്നും പാടെ അന്യവത്കരിക്കുകയാണ്. കഥയും കവിതയും ചരിത്രവും തത്വചിന്തയും മനഃശാസ്ത്രവും ഒക്കെ ഇന്നു നമ്മുടെ ക്യാമ്പസുകളില്‍ അനാഥപ്രേതങ്ങളെപ്പോലെ അലഞ്ഞു തിരിയുകയാണ്. എന്‍ജിനിയറിംഗിന്റെയും വൈദ്യശാസ്ത്ര വിഷയങ്ങളുടെയും നിയമപഠനത്തിന്റെയും ഒക്കെ നിര്‍ബന്ധിത ഭാഗമായി മാനവിക വിഷയങ്ങള്‍ കൂടെ പഠിക്കാന്‍ അവസരം ലഭിക്കത്തക്ക വിധം നമ്മുടെ പാഠ്യ പദ്ധതികള്‍ പരിഷ്‌കരിക്കണം. അല്ലാത്തപക്ഷം കുറെക്കാലം കഴിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നും പുറത്തു വരുന്നത് കുറെ റോബോട്ടുകളും കുറെ ക്രിമിനലുകളും മാത്രമായിരിക്കും.
ഓണാഘോഷാനുബന്ധ ദുരന്തങ്ങള്‍ തിരുവനന്തപുരത്തെ സി ഇ ടി ക്യാമ്പസില്‍ അവസാനിക്കുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ അതു തൃശൂര്‍ വരെ വ്യാപിച്ചു. അക്കിക്കാവ് റോയല്‍ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു ലഭിച്ച പരാതിയെക്കുറിച്ചന്വേഷിക്കാന്‍ പോലീസ് യശ്മാനന്മാര്‍ രാത്രി വിദ്യാര്‍ഥികളുടെ താമസസ്ഥലത്തെത്തിയപ്പോള്‍ ഭയന്നോടിയ ഷഹീന്‍ എന്ന വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു. ഓണം മാത്രമല്ല മരണവും മലയാളി ആഘോഷമാക്കുകയാണ്. മരിച്ചവന്റെ നിറവും ഗുണവും മണവും ഒക്കെ നോക്കി, ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന നിഗമനത്തില്‍ എതിര്‍കക്ഷി സംഘബലവും ആയി ചാടിപ്പുറപ്പെടുന്നു. പിന്നെയങ്ങോട്ട് ലങ്കയിലെത്തിയ ഹനുമാന്റെ പ്രകൃതമാണ്. കണ്ണില്‍ കാണുന്ന സര്‍വ്വതും അടിച്ചു പൊളിക്കുക, എറിഞ്ഞുടക്കുക. തൃശൂര്‍ അക്കിക്കാവ് റോയല്‍ കോളജിലും ഇതു തന്നെ സംഭവിച്ചു. പോലീസിനെ പേടിച്ചോടി കിണറ്റില്‍ വീണു മരിച്ച വിദ്യാര്‍ഥിയുടെ മരണത്തോട് ഒരു സംഘം അങ്ങനെയാണ് പ്രതികരിച്ചത്. അങ്ങനെ ഓണാഘോഷത്തിനീ വര്‍ഷം രണ്ടു യുവരക്തസാക്ഷികളെ കിട്ടിയിരിക്കുന്നു.
ആഘോഷങ്ങള്‍ അതിരുവിടുന്നതും അതിക്രമങ്ങളില്‍ കലാശിക്കുന്നതും നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിയുന്ന സന്തോഷത്തെയല്ല പുറത്തുകൊണ്ടു വരുന്നത്. മറിച്ച് നിങ്ങള്‍ ഉള്ളില്‍ ദീര്‍ഘകാലമായി അമര്‍ത്തിവെച്ചിരുന്ന അമര്‍ഷത്തെയാണ്. ആളിക്കത്തുന്ന തീജ്വാലകളെക്കാള്‍ അമര്‍ന്നു കത്തുന്ന നെരിപ്പോടുകളാണ് പലപ്പോഴും കൂടുതല്‍ അപകടകാരികളാകുന്നത്. നമ്മുടെ ചെറുപ്പക്കാരുടെ മനസ്സ് അമര്‍ന്നു കത്തുന്ന നെരിപ്പോടുകളാണ്. ക്യാമ്പസുകള്‍ അവര്‍ക്ക് മേല്‍ പലപ്പോഴും പീഡനങ്ങളാണഴിച്ചു വിടുന്നത്. സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് പാഠ്യവിഷയങ്ങള്‍ തിരഞ്ഞെടുക്കാനോ, സര്‍ഗാത്മക ജീവിതം നയിക്കാന്‍ പാകത്തില്‍ ജീവിതത്തെ പരുവപ്പെടുത്താനൊ മിക്കപ്പോഴും നമ്മുടെ ചെറുപ്പക്കാര്‍ക്കു സാധിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ അക്രമ മാര്‍ഗത്തിലേക്കു അറിയാതെ ആകൃഷ്ടരാകുന്നു. കോളജ് ക്യാമ്പസുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന നരഹത്യകളുടെ ഉത്തരവാദിത്തത്തില്‍ നിന്നും, കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും മാറി നില്‍ക്കുക സാധ്യമല്ല. ഡ്രൈവറുടെ അശ്രദ്ധ കൊണ്ടല്ലാതെയും ചിലപ്പോള്‍ വാഹനാപകടങ്ങള്‍ ഉണ്ടായി എന്നു വരാം. എന്നു കരുതി വാഹനാപകട കേസുകളില്‍ ഡ്രൈവറെ പ്രതി ചേര്‍ക്കാതിരിക്കുന്നില്ല. അതുപോലെ വിദ്യാലയങ്ങളിലെ ദുരന്തങ്ങള്‍ക്കു വിദ്യാലയ മേധാവിയുടെ പേരിലും അക്രമ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ പേരിലും കേസെടുക്കാനും ആവശ്യമെങ്കില്‍ ശിക്ഷിക്കാനും കഴിയുന്ന തരത്തില്‍ നമ്മുടെ നിയമവ്യവസ്ഥകളില്‍ മാറ്റം വരുത്തണം.
നമ്മുടെ ഇത്തരം ഓണമേളകള്‍ കണ്ടും കേട്ടും, മഹാബലി തന്റെ സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ തീര്‍ച്ചയായും പാതാളത്തിലേക്കു മടങ്ങി പോയിരിക്കും. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് മഹാബലിമാര്‍, വികൃതമായ കുടവയറും ഓലക്കുടയും കഥകളി തൊപ്പിയും പൂണുലും ഒക്കെ ധരിച്ച ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ആഘോഷ പന്തലുകളില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കോമാളിക്കളി തുടരുന്നു. സാംസ്‌ക്കാരിക തലസ്ഥാന നിവാസികള്‍ക്കിത് പുലികളിയുടെ കാലമാണ്. കേരളത്തിലെ കാടുകളില്‍ ആകെയുള്ള പുലികള്‍ കൂട്ടത്തോടെ തൃശൂര്‍ അങ്ങാടിയിലേക്കു ചേക്കേറിയ പോലുണ്ട്. ദേഹത്താകെ ചായം പൂശി കൃത്രിമ വാലും മുഖം മൂടിയും അണിഞ്ഞ മനുഷ്യപ്പുലികളും അവരെ വേട്ടയാടാന്‍ വേട്ടക്കാരന്റെ വേഷം കെട്ടി മരത്തോക്കുമായി പിന്നാലെ നടക്കുന്ന പ്രച്ഛന്നവേഷക്കാരും നല്‍കുന്ന സന്ദേശം എന്തായിരിക്കാം? മനുഷ്യര്‍ എത്ര വളര്‍ന്നാലും അവനിലെ മൃഗം മരിക്കുന്നില്ല.
ഇതൊക്കെപ്പറയുമ്പോഴും ആഘോഷങ്ങളെ നമുക്കങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ പറ്റുമോ? മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായ കാലം മുതലുള്ള ചരിത്രം ആഘോഷങ്ങള്‍ക്കുണ്ട്. സ്വന്തം മനസ്സിലെ സന്തോഷം സഹജീവികളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കാത്ത ഏതു മനുഷ്യനാണുള്ളത്. ഹിംസ്രജന്തുക്കളെ വേട്ടയാടി പിടിക്കുമ്പോള്‍, അയല്‍നാട്ടില്‍ നിന്നും അക്രമകാരികളായി എത്തുന്ന ശത്രുസൈന്യത്തെ തോല്‍പ്പിക്കുമ്പോള്‍, പ്രജാവത്സലരായ രാജാക്കന്മാരുടെ സ്ഥാനാരോഹണം, ജന്മദിനങ്ങള്‍, ചരമവാര്‍ഷികാവസരങ്ങള്‍. ഇതൊക്കെ ആയിരുന്നു മനുഷ്യ ചരിത്രത്തിലെ പൊതുവായ ആഘോഷങ്ങള്‍. ക്രമേണ, എല്ലാ ആഘോഷങ്ങള്‍ക്കും മതപരമായ ഒരു പ്രതിഛായ കൈവന്നു. പുരോഹിതന്മാര്‍ ചടങ്ങുകളുടെ പ്രധാന കാര്‍മ്മികരായി. ഐതിഹ്യകഥകളെ ചരിത്ര സംഭവങ്ങളെന്ന നിലയില്‍ സാമാന്യ ജനം തെറ്റിദ്ധരിച്ചു തുടങ്ങി. അതോടെ ആഘോഷങ്ങളുടെ തനിമ നഷ്ടപ്പെട്ടു. ജീവിതം ഒരു വല്യ ഭാരമാണെന്നും ജീവിക്കുന്നത് ആര്‍ക്കൊ എന്തിനോ വേണ്ടി അനുഷ്ഠിക്കണ്ട ഒരു പ്രായശ്ചിത്തമാണെന്നുമുള്ള ധാരണ പ്രബലപ്പെട്ടു.
മനുഷ്യമനസ്സില്‍ അടിച്ചമര്‍ത്തപ്പെട്ട വിമോചന സ്വപ്‌നങ്ങളുടെ സാക്ഷാത്ക്കാരം ആണ് ആഘോഷങ്ങളെന്നാണ് മനഃശാസ്ത്രമതം. നമ്മുടെ ഓണാഘോഷത്തിന്റെ പരിണാമം തന്നെ ശ്രദ്ധിച്ചാല്‍ ഇതു ശരിയാണെന്നു ബോദ്ധ്യപ്പെടും. ആദ്യമൊക്കെ ഇതൊരു തീറ്റ ഉത്സവമായിരുന്നു എന്നു തെളിയിക്കുന്ന ഒരു പഴമൊഴി നമുക്കും പരിചിതമാണ്. “കാണം വിറ്റും ഓണം ഉണ്ണെണം മലയാളിയുടെ ഭക്ഷണ ദാരിദ്ര്യത്തിന്റെ വിളംബരം കൂടി ആയിരുന്നു ആദ്യകാലങ്ങളിലെ ഓണസദ്യകള്‍. കുടിലിലും കൊട്ടാരത്തിലും ഒരു പോലെ ഭക്ഷണ സമൃദ്ധി ഉറപ്പു വരുത്തുന്ന സന്ദര്‍ഭങ്ങളായിരുന്നു ഓണസദ്യകള്‍. അതിന്റെ ഒരു തുടര്‍ച്ചയെന്ന വണ്ണം ആയിരിക്കണമല്ലൊ ഇപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ പൊതുഖജനാവിലെ പണം മുടക്കി എഴുന്നൂറ്റി അമ്പതു രൂപയുടെ പല വ്യഞ്ജനസാധനങ്ങള്‍ പാക്കറ്റിലാക്കി ഓണക്കിറ്റെന്ന പേരില്‍ അഞ്ഞൂറ്റി അമ്പതു രൂപക്ക് സിവില്‍ സപ്ലൈസ് സ്റ്റോറുകള്‍ വഴിവിതരണം ചെയ്ത ഊറ്റം കൊള്ളുന്നത്. അതു കരസ്ഥമാക്കാന്‍ ഒരു ദിവസത്തെ പണിക്കൂലി ഉപേക്ഷിച്ച് പാവം മലയാളി പകല്‍ വെയിലിന്റെ ചൂടത്രയും സഹിച്ച് മാവേലിസ്റ്റോറുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നു.
ഭക്ഷണ വിഷയത്തില്‍ മാത്രമല്ല വസ്ത്രവിഷയത്തിലും അങ്ങേയറ്റം ദരിദ്രമായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. കഷ്ടിച്ചു നാണം മറക്കുന്ന കോണകകീറുകളില്‍ തുടങ്ങി അരയ്ക്കു താഴെ തുടങ്ങി കാല്‍മുട്ടുകള്‍ക്കു മുകളില്‍ അവസാനിക്കുന്ന തോര്‍ത്തു മുണ്ടുകളുടെ കാലത്ത് ഒരു മുഴു നീള ഓണക്കോടി സമ്മാനമായിക്കിട്ടുക എന്നത് ഒരു വലിയ കാര്യമായിരുന്നു. അത്തരം ഗൃഹാതുരത്വത്തെ തൊട്ടുണര്‍ത്തുന്ന മട്ടില്‍ ഓണക്കാലത്തു വന്‍തോതിലുള്ള വസ്ത്രവ്യാപാരം ആണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. വിലക്കയറ്റം മാത്രമല്ല വിലക്കുറവും കൃത്രിമമായി സൃഷ്ടിക്കുന്നതില്‍ നമ്മുടെ വ്യാപാരി ലോകം അതീവ സമര്‍ത്ഥമാണ്. ‘ഡിസ്‌ക്കൗണ്ട്’ എന്ന വാക്കാണ് ഇന്നു നമുക്കേറെ ഇഷ്ടപ്പെട്ട പദം അതിന്റെ പിന്നിലെ കെണി മനസ്സിലാക്കാതെ മലയാളി ഉപഭോക്താവ് ഈ ചൂണ്ട തൊണ്ട തൊടാതെ വിഴുങ്ങുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായ സകലകുണ്ഠാമണ്ഡി സാധനങ്ങളും മലയാളി ഉപഭോക്താവ് ഓണത്തിന്റെ മറവില്‍ വാങ്ങിക്കൂട്ടുന്നു. ഓണത്തല്ലും ഓണപൂക്കളവും ഓണക്കളികളും ഒന്നുമല്ല ഓണച്ചന്തകളാണിന്നു നമുക്കു പ്രധാനം. തെരുവായ തെരുവുകളിലെല്ലാം വ്യാപാരമേളകള്‍ തകര്‍ന്നാടുകയാണ്. ഓണം കഴിഞ്ഞാല്‍ ഇവിടുത്തെ കച്ചവടസ്ഥാപനങ്ങള്‍ എല്ലാം അടച്ചുപൂട്ടി പോകും എന്ന വേവലാധിയോടെ അല്ലേ നമ്മുടെ ആളുകള്‍ ഓണം മേളകളിലെ നിറസാന്നിധ്യമാകുന്നത്. ഓണം കഴിഞ്ഞും ഓണപ്പരീക്ഷ നടത്താം എന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. അതുപോലെ ഓണം കഴിഞ്ഞാലും ഓണച്ചന്തകള്‍ നടത്താവുന്നതല്ലെ ഉള്ളൂ. പിന്നെയെന്തിനാണീ ബഹളം വെക്കലുകള്‍.
ഓണക്കാലത്ത് സ്‌കൂളുകള്‍ അടക്കുന്നു എന്നതും, ഏതാനും ദിവസങ്ങള്‍ ജോലിയൊന്നും ചെയ്യാതെ തന്നെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൂലി കിട്ടുന്നു എന്നതും തൊഴിലാളികളില്‍ ഒരു വിഭാഗം ഭാഗ്യവാന്മാര്‍ക്കു മോശമല്ലാത്ത തുക ബോണസായിക്കിട്ടുന്നു എന്നതും നല്ല കാര്യമാണ്. ആ തുകയത്രയും സ്വകാര്യ കുത്തക കമ്പനികള്‍ക്കു ലാഭമുണ്ടാക്കുന്ന തരത്തിലുള്ള വാങ്ങിക്കൂട്ടലുകള്‍ക്കു ചെലവഴിക്കുന്നു എന്നത് അധികം ആരും ശ്രദ്ധിക്കാത്ത ഒരു ചൂഷണ പ്രക്രിയയാണ്. വിലക്കുറവിന്റെ പേരു പറഞ്ഞ് അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവം ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചു കൂടാത്തതാണ്.
ഉത്സവങ്ങളല്ല ഉത്സവങ്ങളോടു ബന്ധപ്പെട്ടു പ്രചരിക്കുന്ന പ്രതിലോമപരതകളാണ് വിമര്‍ശ വിധേയമാക്കേണ്ടത്. ചതിവും വഞ്ചനയും കൈമുതലാക്കിയവര്‍ അവതാരപുരുഷന്മാരും ആരാധ്യരും ആകുകയും അവരാല്‍ നിഹനിക്കപ്പെട്ട മഹാബലിമാരും ബാലിയും ശംഭൂകനും ഒക്കെ അഭിശപ്തരായി കരുതപ്പെടുകയും ചെയ്യുന്നതെന്തു കൊണ്ടെന്ന ചോദ്യമാണുയര്‍ത്തപ്പെടേണ്ടത്. മത്സരം മാത്രം ശീലിച്ച ഒരു ലോകത്തിനു മുമ്പില്‍, ആഘോഷാവസരങ്ങളെ ആകെ മത്സരക്കളരികളാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. മറ്റാരെയെങ്കിലും തോല്‍പ്പിക്കുന്നതിലല്ലാ അവരെക്കൂടെ മനസ്സിലാക്കി അവര്‍ക്കു കൂടി നമ്മുടെ ജീവിതത്തില്‍ ഇടം നല്‍കുമ്പോഴാണ് ആഘോഷങ്ങള്‍ അര്‍ത്ഥവത്താകുക. ഒരു വര്‍ഷത്തെ മൊത്തം സങ്കടങ്ങള്‍ക്കുള്ള പരിഹാരമല്ല ഒരു ദിവസത്തെ ആഘോഷം. ജീവിതത്തില്‍ എന്നും എപ്പോഴും സന്തുഷ്ടരായിരിക്കുക എന്നത് എല്ലാ മനുഷ്യരുടെയും ജന്മാവകാശമാണ്. അതിനു തടസ്സം നില്‍ക്കുന്ന പ്രതികൂലഘടകങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യുന്നതില്‍ വേണം സര്‍ക്കാരുകളും സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും ശ്രദ്ധ പുലര്‍ത്താന്‍.

---- facebook comment plugin here -----

Latest