Connect with us

National

പട്ടേല്‍ പ്രക്ഷോഭത്തില്‍ വ്യാപക അക്രമം; മരണം എട്ടായി

Published

|

Last Updated

അഹമ്മദാബാദ് : പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാരുടെ സംവരണ പ്രക്ഷോഭം അക്രമാസക്തമായി , പട്ടേല്‍ സമുദായ സംഘടന ഇന്നലെ ആഹ്വാനം ചെയ്ത ബന്ദിനിടെ സംസ്ഥാനത്തുടനീളം വ്യാപക ആക്രമണമാണുണ്ടായത്. വിവിധ സ്ഥലങ്ങളിലുണ്ടായന അക്രമസംഭവങ്ങളിലാണ് എട്ട് മരണം. അഹമ്മദാബാദിലെ വസ്ത്രലില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേരും വടക്കന്‍ ഗുജറാത്തിലെ പാലന്‍പൂരില്‍ രണ്ട് പേരുമാണ ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പോലീസ് വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അഹമ്മദാബാദ് ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിച്ചു. പട്ടേല്‍ സമുദായത്തിലെ സമരസമിതി കണ്‍വീനറായ ഹാര്‍ദിക്ക് പട്ടേലിനെ ചൊവ്വാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തതതാണ് അക്രമത്തിന് കാരണമായത്. പ്രതിഷേധക്കാരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ 36 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഹാര്‍ദിക്ക് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകളും കോളജുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടഞ്ഞു കിടക്കും. 100 ബസുകള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. പൊതുമുതലും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. അതേസമയം എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും എല്ലാവരും ശാന്തരാകണമെന്നും ടെലിവിഷനിലൂടെ നടത്തിയ അഭ്യര്‍ഥനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാട്ടില്‍ അക്രമത്തെ ഉപകരണമാക്കുകയാണ്. അക്രമം അവലംബിക്കരുതെന്ന് ഗുജറാത്തിലൂടെ എല്ലാ സഹോദരീ സഹോദരന്മാരോടും അഭ്യര്‍ഥിക്കുന്നു. മോദി പറഞ്ഞു.
പ്രബല സമുദായവും നിര്‍ണായക വോട്ടുബാങ്കുമായ പട്ടേല്‍ സമുദായത്തിന്റെ പരസ്യ വെല്ലുവിളി സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്ക് ഭീഷണിയായാണ്. പട്ടേല്‍ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന പട്ടീദാര്‍ ആരക്ഷന്‍ ആന്ദോളന്‍ സമിതി 10 ലക്ഷം പേരെ അണിനിരത്തിയാണ് അഹമ്മദാബാദില്‍ വമ്പന്‍ പ്രതിഷേധ യോഗം നടത്തിയത്. പട്ടേല്‍ സമുദായത്തില്‍ പെട്ട യുവാക്കള്‍ക്ക് കോളജുകളില്‍ പ്രവേശനമോ സര്‍ക്കാര്‍ ജോലിയോ കിട്ടുന്നില്ലെന്നും അതിനാല്‍ ഗവണ്‍മെന്റ് ജോലിയിലും വിദ്യാഭ്യാസ രംഗത്തും 27 ശതമാനം സംവരണം വേണമെന്നും ആവശ്യപ്പെട്ടാണ് റാലി നടത്തിയത്. ഇത്തരം ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുമായി നിരവധി യുവാക്കളാണ് ചൊവ്വാഴ്ച നടന്ന റാലിയില്‍ പങ്കെടുത്തത്. അക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിലേക്ക് അയ്യായിരം അര്‍ധ സൈനിക വിഭാഗത്തെ അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. സമാധാനം നിലനിര്‍ത്താനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സംസ്ഥാന സര്‍ക്കാരിന് രാജ്‌നാഥ് എല്ലാ വിധ സസഹായവും ഉറപ്പ് നല്‍കി.
ഇതേസമയം സംസ്ഥാനത്തെ ക്രമസമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രകടനക്കാരോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പരക്കാതിരിക്കാന്‍ സംസ്ഥാനത്തെ നിരവധിയിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ താത്കാലികമായി റദ്ദ് ചെയ്തു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് താമര വിരിയില്ലെന്ന് ഹര്‍ദീക് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. 2017ലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.