Connect with us

Kasargod

ഓണാഘോഷ മറവില്‍ കഞ്ചാവ് മാഫിയ സജീവം

Published

|

Last Updated

കാസര്‍കോട്: ഓണാഘോഷത്തിന്റെ മറവില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ സജീവമായി. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, പള്ളിക്കര, ബേക്കല്‍, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കഞ്ചാവ് വിതരണം പൊടിപൊടിക്കുകയാണ്. കഞ്ചാവ്, ചരസ്, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ വിവിധ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഗൂഡ സംഘങ്ങള്‍ക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നും കര്‍ശന നടപടിയുണ്ടാകുന്നില്ല.
ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ തീവണ്ടിമാര്‍ഗം വിതരണത്തിനെത്തിക്കുന്ന ലഹരി വസ്തുക്കള്‍ ഇടനിലക്കാര്‍ മുഖേന വ്യാപകമായി വില്‍പനക്ക് കൊണ്ടുപോകുന്നു. കാഞ്ഞങ്ങാട്ട് ഇവരുടെ പ്രധാന താവളം റെയില്‍വെ സ്റ്റേഷന്‍ പരിസരമാണ്. തീവണ്ടിയാത്രക്കാരും മത്സ്യം വാങ്ങാന്‍ വരുന്നവരും സിനിമ കാണാന്‍ എത്തുന്നവരും അടക്കമുള്ളവരെ പ്രലോഭിപ്പിച്ച് ലഹരി വിപണനം കൊഴുപ്പിക്കുന്ന സംഘത്തിനെതിരെ യാതൊരു നടപടിയും ഇല്ലാത്ത സ്ഥിതിയാണുള്ളത്.
കഴിഞ്ഞദിവസം രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടിയത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമായി. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ആളുടെ നേതൃത്വത്തിലുള്ള സംഘവും മറ്റൊരു സംഘവും തമ്മിലാണ് സംഘട്ടനം നടന്നത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ. കെ ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയതോടെ കഞ്ചാവ് സംഘം മുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് കോളജ് വിദ്യാര്‍ഥിനിയെ കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ഇടവഴിയില്‍ കഞ്ചാവ് ബീഡി വലിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവ് ലഹരിയില്‍ മതി മറന്ന് ഈ ഭാഗത്ത് കൂടി നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയവര്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു.
ഇതോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ കഞ്ചാവ് സംഘത്തില്‍പ്പെട്ടവര്‍ അവിടെ വരുകയും യുവാവിനെ പിടികൂടിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍, മത്സ്യമാര്‍ക്കറ്റ്, ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ നടത്തുന്ന ഇടപാടുകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും ഇരകളാകുന്നുണ്ട്.
കാസര്‍കോട്, കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലും കഞ്ചാവ് വില്‍പനക്കാര്‍ തമ്പടിച്ചിട്ടുണ്ട്.

Latest