Connect with us

Editorial

നിയന്ത്രണങ്ങള്‍ക്കൊപ്പം ധാര്‍മിക വിദ്യാഭ്യാസവും

Published

|

Last Updated

കലാലയങ്ങളിലെ ആഘോഷങ്ങള്‍ക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം പഠിതാക്കളുടെ നല്ല ഭാവി ആരും സ്വാഗതം ചെയ്യാതിരിക്കില്ല. തിരുവനന്തപുരം സി ഇ ടിയില്‍ ഓണാഘോഷത്തിനിടെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിക്കാനിടയായ സാഹചര്യത്തിലാണ ്ക്യാമ്പസുകളിലെ അഴിഞ്ഞാട്ടം തടയാന്‍ ചില കരട് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തയാറാക്കിയത്. പ്രിന്‍സിപ്പലിന്റെ സമ്മതമില്ലാതെ ക്യാമ്പസില്‍ പ്രവേശിക്കാന്‍ പോലീസിന് അനുമതി, കോളജുകളിലെ പ്രവര്‍ത്തനങ്ങളിലും ആഘോഷങ്ങളിലും പ്രിന്‍സിപ്പലിന്റെ നിയന്ത്രണത്തിലുള്ള അച്ചടക്കസമിതിയുടെ മേല്‍നോട്ടം, വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ ചെയര്‍മാനും സ്റ്റാഫ് അഡൈ്വസര്‍ കണ്‍വീനറുമായ പ്രത്യേക സമിതിയുടെ മേല്‍നോട്ടവും അനുമതിയും, ക്ലാസ് സമയത്ത് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കല്‍, ആഘോഷമയങ്ങളില്‍ ക്യാമ്പസിനകത്ത് വാഹനങ്ങള്‍ക്ക് നിരോധം, പൂര്‍വ വിദ്യാര്‍ഥികളടക്കം പുറത്തുനിന്നുള്ളവര്‍ക്ക് ക്യാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണം തുടങ്ങി പതിനെട്ടിന നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്.
വിദ്യാര്‍ഥികളെ സംസ്‌കാര സമ്പന്നരും രാഷ്ട്രസേവനത്തിന് പ്രാപ്തരുമായി വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം. നാളെയുടെ പൗരന്മാരാണ് വിദ്യാര്‍ഥികള്‍. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്കും ഭാവിയില്‍ രംഗത്തിറങ്ങേണ്ടത് ഇവരാണ്. കലാലയങ്ങളില്‍ സ്വസ്ഥമായി പഠിപ്പിക്കാനും പഠിക്കാനുമുള്ള അന്തരീക്ഷത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പ്രവര്‍ത്തിക്കാനും അവസരവുമുണ്ടെങ്കില്‍ മാത്രമേ സാംസ്‌കാരിക പ്രബുദ്ധമായ സമൂഹമായി അവരെ വാര്‍ത്തെടുക്കാന്‍ സാധക്കുകയുള്ളു. ഇതിന് പര്യാപ്തമായ ഒരു അന്തരീക്ഷമല്ല ഇന്ന് മിക്ക കലാലയങ്ങളിലുമുള്ളത്. പഠനത്തിലുപരി ചെത്തി നടക്കാനും ആമോദിക്കാനുമാണ് വിദ്യാര്‍ഥികളില്‍ പലരും കലാലയങ്ങളിലെത്തുന്നത്. സിനിമാ, സ്‌പോര്‍ട്‌സ് രംഗത്തെ ഇഷ്ടതാരങ്ങളെ റോള്‍മോഡലായി സ്വീകരിച്ചു സ്വപ്‌ന ജീവിതം നയിക്കുന്ന ഇവര്‍ക്ക് ലക്ഷ്യ ബോധമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമില്ല. ക്യാമ്പസുകളിലെ സമാധാനാന്തരീക്ഷവും സ്വതന്ത്രമായ പ്രവര്‍ത്തന സാഹചര്യവും നഷ്ടമാക്കുന്ന ഈ വിഭാഗമാണ് റാഗിംഗ് പോലെയുള്ള ക്രൂരവിനോദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രിന്‍സിപ്പലിന്റെ അനുമതി കൂടാതെ ക്യാമ്പസിനകത്ത് പോലീസിന് പ്രവേശിച്ചു കൂടെന്ന ചട്ടം ഇവര്‍ക്ക് പ്രചോദനമാകുകയാണ്. കലാലയങ്ങളുടെ മതില്‍കെട്ടിനകത്ത് എന്ത് തന്നെ നടന്നാലും നിയമപാലകര്‍ക്ക് അവിടേക്ക് തിരിഞ്ഞു നോക്കാന്‍ നിര്‍വാഹമില്ല. അക്രമവും അഴിഞ്ഞാട്ടവും അരങ്ങേറുമ്പോള്‍ പോലീസിനെ വിളിക്കാന്‍ പ്രിന്‍സിപ്പലിന് ആഗ്രഹമുണ്ടെങ്കില്‍ തന്നെ വിദ്യാര്‍ഥികളുടെ അനിഷ്ടവും മോശമായ പ്രതികരണവും ഭയന്നു അതിന് വിമുഖത കാണിക്കുയും ചെയ്യുന്നു. ഇതുകാരണം ക്യമ്പസിന്റെ സംരക്ഷണത്തിന് പോലീസിനെ വിളിക്കാന്‍ സ്ഥാപന അധികൃതര്‍ക്ക് കോടതിയുടെ സഹായം തേടേണ്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികളെ അയക്കാന്‍ രക്ഷാകര്‍ത്താക്കളെ പ്രേരിപ്പിക്കുന്നത് കലാലയങ്ങളിലെ ഈ അരക്ഷിതാവസ്ഥയും അച്ചടക്ക രാഹിത്യവുമാണെന്ന് കോട്ടയം സി എം എസ് കോളജില്‍ അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി മുമ്പ് ചൂണ്ടിക്കാട്ടിയതാണ്. പ്രിന്‍സിപ്പലിന്റെ അനുമതി ഇല്ലാതെ തന്നെ ക്യാമ്പസില്‍ പ്രവേശിക്കാമെന്ന് വരുന്നതോടെ അഴിഞ്ഞാട്ടങ്ങള്‍ കുറേയൊക്കെ നിയന്ത്രിക്കപ്പെടും. കലാലയങ്ങളില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പുറത്തു നിന്നുള്ളവരായാല്‍ അത്തരക്കാരുടെ ക്യാമ്പസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുളള തീരുമാനവും സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താന്‍ സഹായകമാകും.
ക്യാമ്പസുകളിലെ ആഘോഷം നിയന്ത്രിക്കാനുള്ള തീരുമാനം വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് രുചിച്ചെന്ന് വരില്ല. സി ഇ ടി കോളജ് സംഭവം മുതലെടുത്ത് കോളജ് ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കാനും അടിയന്തരാവസ്ഥ സൃഷ്ടിക്കാനും ഒരുങ്ങുകയാണ് സര്‍ക്കറെന്ന പ്രതികരണം ഇതിനകം വന്നുകഴിഞ്ഞു. ഇത്തരം പരാതികള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികളെ കൂടി ഇതിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ടതുണ്ട്. സെപ്തംബര്‍ രണ്ടിന് വിദ്യാര്‍ഥി യൂനിയന്‍ നേതൃത്വങ്ങളുമായി നടക്കുന്ന ചര്‍ച്ച ഇതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുക. നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമുപരി വിദ്യാര്‍ഥികളിലെ ധാര്‍മിക ബോധവും സാന്മര്‍ഗിക ചിന്തയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം. മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനവും ധാര്‍മിക വിദ്യാഭ്യാസത്തെ പടിക്ക് പുറത്തു നിര്‍ത്തിയതുമാണ് അരാജകത്വത്തിന്റെയും അസാന്മാര്‍ഗികതയുടെയും ക്യാമ്പസിനകത്തേക്കുള്ള കടന്നുകയറ്റത്തിന് വഴിയൊരുക്കിയതെന്ന് പലരും ചൂണ്ടിക്കാട്ടിയതാണ്. നിലവില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാര്‍മിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ അച്ചടക്കവും ക്രിയാത്മക പ്രവര്‍ത്തനവും അതിന് സാക്ഷ്യവുമാണ്. ഇക്കാര്യവും സര്‍ക്കാറിന്റെയും ബന്ധപ്പെട്ടവരുടെയും സത്വര ചിന്തക്ക് വിഷയീഭവിക്കേണ്ടതുണ്ട്.