Connect with us

Articles

വെള്ളിത്തിരകളുടെ സ്വാധീനം

Published

|

Last Updated

കൗണ്‍സിലിംഗിനു വേണ്ടി വന്നിരിക്കുന്നത് 20 വയസുള്ള യുവാവാണ്. തന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി അവന്‍ അടുപ്പത്തിലാണ്. ജീവിതം പ്രണയിച്ച് അടിച്ചു പൊളിക്കാനുള്ളതല്ലെന്നും ഓരോരുത്തര്‍ക്കും ഓരോ ജീവിതദൗത്യമുണ്ടെന്നും ഒരു വ്യക്തിത്വ വികസന ശില്‍പ്പശാലയില്‍ നിന്ന് അവന്‍ കേട്ടു. ഈ പ്രണയം ശരിയോ തെറ്റോ എന്ന ചോദ്യവുമായാണ് അവന്‍ വന്നിരിക്കുന്നത്. സിനിമയില്‍ നിന്ന് പ്രചോദിതനായാണ് താന്‍ പ്രണയത്തിലേക്ക് നടന്നു പോയതെന്ന് അവന്‍ പറയുകയുണ്ടായി. ഏതു സിനിമ എന്ന ചോദ്യത്തിന് സിനിമകളിലെല്ലാം അത്തരം രംഗങ്ങളുണ്ടാകുമല്ലോ എന്ന് അവന്‍ മറുപടി പറഞ്ഞു.
ഏറ്റവും ഒടുവില്‍ ഡി ജി പി ടി പി സെന്‍കുമാറും കാര്യം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ്. അതിനു മുമ്പ് സംവിധായകന്‍ കമല്‍ സമാന ആശയം പങ്കുവെച്ചിരുന്നു. സിനിമ യുവാക്കളേയും കുട്ടികളേയും വഴിതെറ്റിക്കുന്നു. സിനിമ നിര്‍ഗമിക്കുന്ന ആശയങ്ങളുടെ മഴവെള്ള പാച്ചിലില്‍ ഒഴുകിപ്പോകുന്ന കൗമാരത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. പുതിയ കാലത്തെ യുവാക്കളുടെ അപകടകരമായി മാറിയ ജീവിതരീതിയും സിനിമയും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെകുറിച്ചും പഠനം ആവശ്യമാണ്. മനുഷ്യന്റെ ഓരോ പ്രായത്തിനും അതിന്റെതായ സ്വാഭാവികതയുണ്ട്. അതാത് പ്രായത്തില്‍ അനുഭവിക്കേണ്ടതല്ലാത്ത കാര്യങ്ങള്‍ അനുഭവിക്കാനിടയായാല്‍ അസ്വാഭാവികത വളരുകയായി. ബാലവേലയിലേര്‍പ്പെട്ട് കഠിനമായ കായികാദ്ധ്വാനങ്ങള്‍ക്ക് വിധേയമാവുന്ന കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പരിണാമവും മുതിര്‍ന്നവര്‍ അനുഭവിക്കേണ്ട കാര്യങ്ങള്‍ സ്‌ക്രീനിലൂടെയാണെങ്കിലും കുട്ടികള്‍ അനുഭവിക്കാനിടയായാല്‍ അവരുടെ മനസ്സിന് സംഭവിക്കുന്നതും ഈ അസ്വാഭാവികതയാണ്. കൊലയും, സെക്‌സും കണ്ടു വളരുന്ന ഒരു കുട്ടി ചുറ്റിലുമുള്ള ലോകത്തെ ആ രീതിയില്‍ നോക്കി കണ്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
സിനിമ നിരൂപകനായ ഡോ: കെ. എസ് ഡേവിഡ് സിനിമയെ പല വിഭാഗമായി വര്‍ഗീകരിച്ചു കൊണ്ട് പറയുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമകള്‍ എന്ന വിഭാഗം ഉണ്ടെങ്കിലും അത്തരം വര്‍ഗീകരണം ഇന്ന് പ്രസക്തമല്ല എന്ന്. മിക്കവാറും എല്ലാ സിനിമകളും ലൈംഗിക ചുവയുള്ളതായതുകൊണ്ട് തന്നെ പ്രത്യേകം ഒരു വര്‍ഗീകരണം ആവശ്യമില്ലാതായി വന്നേക്കാം. ശ്ലീലത്തിന്റെയും അശ്ലീലത്തിന്റെയും ഇടയിലെ അതിര്‍ വരമ്പുകള്‍ തേഞ്ഞുമാഞ്ഞില്ലാതാകുന്നത് മുതിര്‍ന്നവരുടെ ലോകത്താണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം നിസ്സാരമെന്ന് കരുതുന്ന ലൈംഗികതയുടെ ശരീര ഭാഷയും, അംഗവിക്ഷേപവും ഗോഷ്ടികളും ചേഷ്ടകളും തെറ്റായ സന്ദേശം നല്‍കുന്നതാണ്. സമൂഹത്തിന്റെ മെച്ചപ്പെട്ട നിലനില്‍പ്പിന് കാലങ്ങളായി നിയമങ്ങളും മൂല്യബോധങ്ങളും നിലനിന്നിട്ടുണ്ട്. ആവശ്യഘട്ടങ്ങളില്‍ മൂല്യ ബോധങ്ങളിലും നിയമങ്ങളിലും മാറ്റം ആകാമെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യം സമൂഹത്തിന്റെ മൊത്തത്തിലുള്ള നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചുകൊണ്ടാവരുത്.
മോഷന്‍ പിക്ച്ചര്‍ റിസര്‍ച്ച് കൗണ്‍സിലും പൈന്‍ ഫണ്ട് എന്ന സംഘടനയും ചേര്‍ന്ന് അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനം പ്രശസ്തമാണ്. കുട്ടികള്‍ കാണുന്ന ഇരുപത് കൊലപാതക സീനുകളില്‍ പന്ത്രണ്ട് എണ്ണവും അവര്‍ ഓര്‍ത്തിരിക്കുകയും സത്യമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. കുട്ടികളില്‍ സാമൂഹ്യ വിരുദ്ധ സ്വഭാവം വേരുപിടിപ്പിക്കുന്നതില്‍ സിനിമക്ക് പങ്കുണ്ട്. ആറ് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ദുരന്തങ്ങളും സംഘട്ടനങ്ങളും അപകടങ്ങളും ഏറെ സ്വാധീനിക്കുന്നുണ്ട്. രക്ഷിതാവിനോടൊപ്പം ഈ രംഗങ്ങള്‍ കാണുന്ന കുട്ടി പുറമെ ശാന്തനാണെങ്കിലും അവന്റെ മനസ്സില്‍ സംഘര്‍ഷങ്ങളുടെയും വിചാരങ്ങളുടെയും കടലിരമ്പമാണ് നടക്കുന്നത്. മുതിര്‍ന്നവര്‍ക്ക് യഥാര്‍ത്ഥവും മിഥ്യതയും തമ്മിലുള്ള വിവേചനം അറിയുന്നതുകൊണ്ടാണ് ഇതൊന്നും അവരെ ബാധിക്കാത്തത് എന്ന് വരെ പഠനം പറഞ്ഞുവെക്കുന്നു. മുതിര്‍ന്നവരായിട്ടും അതിന്റേതായ മാനസിക വളര്‍ച്ച കൈവരിക്കാത്തവരെ ഇതെല്ലാം എങ്ങനെ ബാധിക്കുന്നു എന്നതിനെ പറ്റിയുള്ള ഒരു പഠനം വര്‍ത്തമാന കേരളം ആവശ്യപ്പെടുന്നുണ്ട്.
സിനിമയുടെ ഭാഗമായ ചടുല നൃര്‍ത്തങ്ങളുടെ അകമ്പടിയോടെ അടിച്ചുടച്ച് തിമിര്‍ത്താടുന്ന പാട്ടുസീനുകള്‍ അനുവാചകരിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ധാരാളം. സാഹിത്യകാരിയായ കെ.പി സുധീര പറയുന്നത് ശ്രദ്ധിക്കുക. “”ഇന്നത്തെ യുവതലമുറയുടെ വേഷവും ശരീര ഭാഷയും മാറിയിരിക്കുകയാണ്. അവരുടെ സംഗീതം ഹെവി മെറ്റല്‍ മ്യൂസിക്കിന്റെ ആധിക്യമാണ്. ഇത്തരം സംഗീതം കേള്‍ക്കേണ്ടി വരുന്ന കുട്ടികളില്‍ കുറ്റവാസന അധികമായിരിക്കും. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ശുദ്ധ സംഗീതം കേള്‍ക്കാനിടയാകുന്ന കുട്ടി നന്മ നിറഞ്ഞവനും ശാന്തനുമായിരിക്കും””. നിഷേധാത്മകമായ പരിതസ്ഥിതി സമൂഹത്തിന്റെ ആപാദചൂഡം ഗ്രസിച്ചു കഴിഞ്ഞ ഈ കാലത്ത് ഒരു കുട്ടിക്കും അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ജീവിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത്തരം പ്രവണതകളെ സാമൂഹിക പ്രശ്‌നമായി കണ്ട് അതിനെതിരെ നയതന്ത്ര നീക്കം ആവശ്യമാണ്.
സിനിമ ഒരു കലാപ്രവര്‍ത്തനമാണല്ലോ. പണ്ഡിതന്മാര്‍ കലയെ വിശേഷിപ്പിക്കുന്നത് സമൂഹത്തിന്റെ പരിച്ഛേദമെന്നാണ്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഉണ്ടാകുന്നത് എന്ന് ഊഹിക്കാം. സിനിമ നിര്‍മ്മിക്കുന്ന സാംസ്‌കാരികവും സാമൂഹ്യവുമായ ചുറ്റുപാടിനെ യഥാര്‍ഥ ജീവിതത്തിലേക്ക് ആവാഹിക്കുന്ന പ്രതിലോമപരമായ ഒരവസ്ഥയാണ് ഇന്നുള്ളത്. ട്രന്റ് നിര്‍മിക്കുകയും അതിനനുസരിച്ച് ആടുന്ന ഒരു ജനവിഭാഗത്തെ വാര്‍ത്തെടുക്കുകയും സിനിമ വിജയിപ്പിക്കുകയും ചെയ്യുന്ന മാര്‍ക്കറ്റിംഗ് തന്ത്രമാണ് പ്രയോഗവത്കരിക്കുന്നത്. മനുഷ്യന്റെ അധമ വികാരങ്ങളെ വിറ്റ് പണം കൊയ്യുന്നഏര്‍പ്പാടാണ് സിനിമ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിശയോക്തിയില്ല. നല്ല സിനിമയും നന്മയുടെ അംശമുള്ള സിനിമകളും ഇറങ്ങുന്നില്ല എന്നല്ല . ഒരു തിന്മയെ ചിലപ്പോള്‍ നൂറ് നന്മകള്‍ക്ക് പോലും മായ്ക്കാന്‍ സാധിക്കണമെന്നില്ല. സിനിമാ നിര്‍മാതാവും അഭിനയിക്കുന്നവരും ഒരു സാധാരണ പൗരനാകാന്‍ പാടില്ലെന്നും അവര്‍ ആവശ്യമായി ലോകപരിചയവും സാമൂഹിക അവബോധവും മന:ശാസ്ത്രവും സര്‍ഗാത്മകതയും ഉള്ളവരായിരിക്കെ തന്നെ നന്മയും നിറഞ്ഞവരായിരിക്കണമെന്ന പൊതു കാഴ്ചപ്പാടിനാണ് ഇവിടെ ക്ഷതം സംഭവിക്കുന്നത്. തലമുടിയും താടിയും പ്രത്യേക രീതിയില്‍ രൂപകല്‍പന ചെയ്ത് വെക്കുന്നത് ട്രെന്റ് നിര്‍മിക്കാനാണ്. കുറച്ച് മുമ്പ് മലയാളത്തിലെ ഒരു നടന്‍ പെണ്‍വേഷത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇത്തരം നിര്‍മിതികള്‍ കൊണ്ട് ഗുണാത്മകമായി സമൂഹത്തിന് ഒന്നും ലഭിക്കുന്നില്ല എന്ന് മാത്രമല്ല, നശീകരണാത്മകമായി ധാരാളം കാര്യങ്ങള്‍ സംഭവിക്കുന്നുമുണ്ട്. മതത്തിന്റെയും സദാചാരത്തിന്റെയും അപ്പുറത്ത് ഇതൊരു സാമൂഹിക പ്രശ്‌നമാണ്. വേഷവും രൂപവും ഭാവവും ചില ചിഹ്നങ്ങളാണ് എന്നിടത്തില്‍ നിന്നാണ് ഇതൊരു സാമൂഹിക പ്രശ്‌നമാകുന്നത്. നടന്‍ കഥാപാത്രമെന്ന നിലയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന സംസ്‌കാരത്തിന്റെയും ജീവിത വീക്ഷണത്തിന്റെയും ബഹിസ്ഫുരണമാണ് അഭിനയിക്കുമ്പോഴുള്ള വേഷവും രൂപവും ഭാവവും. ഇവയെ ഒരാള്‍ അനുകരിക്കുക മാത്രമല്ല ചെയ്യുന്നത്. അവ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തെയും ജീവിത വീക്ഷണത്തെയും സ്വാംശീകരിക്കുക കൂടിയാണ്. ഈ ചിഹ്നങ്ങളിലൂടെ സമാന ജീവിതാശയങ്ങളുള്ളവര്‍ പരസ്പരം തിരിച്ചറിയാനും ആകര്‍ഷിക്കാനും ഒരു സംഘമാകാനും സാധ്യതയേറെയാണ്. ഈ സംഘത്തിന്റെ സ്വഭാവം നിര്‍മ്മാണാത്മകമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ.
സ്ത്രീ ശാക്തീകരണത്തിനു വേണ്ടി മുറവിളികളുയരുന്ന ഈ കാലസന്ധിയിലും ചില സിനിമകള്‍ ചിത്രീകരിക്കുന്ന സ്ത്രീ ബിംബങ്ങള്‍ സ്ത്രീയെ കൂടുതല്‍ അരക്ഷിതയാക്കുന്നുണ്ട്. സ്ത്രീയെന്നാല്‍ തൊലിവെളുപ്പും പുരുഷനെന്നാല്‍ മസില്‍ കരുത്തോ “പൂവാലന്‍ ലുക്കോ” ആണെന്നുമുള്ള കാഴ്ചപ്പാടിനെ സമൂഹത്തില്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ സിനിമയും പങ്കുവഹിച്ചിട്ടുണ്ട്. പ്രേമിക്കപ്പെടുന്നവളും പീഡിപ്പിക്കപ്പെടുന്നവളും സ്വന്തം വീട്ടിനുള്ളില്‍ അസുരക്ഷിതത്വം അനുഭവിക്കുന്നവളുമായി സ്ത്രീയെ ചിത്രീകരിക്കുമ്പോള്‍ സമൂഹത്തില്‍ ആദ്യമേ വേരൂന്നിയ വികല ധാരണകള്‍ അരക്കിട്ടുറപ്പിക്കപ്പെടുകയാണ്. ഇതെല്ലാം കണ്ട് വളരുന്ന കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി തന്റെ ചുറ്റിലുമുള്ള സമൂഹത്തെ പറ്റി എന്ത് ചിന്തിക്കണം! വില്ലത്തരങ്ങളും വെറും ആഘോഷവുമല്ല ജീവിതമെന്ന് ആണ്‍കുട്ടികള്‍ക്കും സ്ത്രീ ചപലയല്ലെന്നും സമൂഹ നിര്‍മ്മിതിയില്‍ ഇടമുണ്ടെന്ന് പെണ്‍കുട്ടികള്‍ക്കും ഇനി ആരാണ് പറഞ്ഞുകൊടുക്കുക? നല്ല ഉദാഹരണങ്ങള്‍, മാതൃകകള്‍ എന്നിവ കൊണ്ടാടപ്പെടേണ്ടതുണ്ട്. സമൂഹത്തിന്റെ ശരീരത്തില്‍ ബാധിച്ച മുറിവുകള്‍ ചൊറിഞ്ഞ് ക്യാന്‍സറാക്കുന്നതിന് പകരം അവിടെ ആശ്വാസത്തിന്റെ ലേപനം പുരട്ടാന്‍ സിനിമകള്‍ക്ക് സാധിക്കണം.
സിനിമയെ പറ്റിയുള്ള ആശങ്കകളെ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡിനെ സജ്ജമാക്കണം. ഇന്ത്യയില്‍ സിനിമയെ നാലായി മാത്രമേ കാണുന്നുള്ളൂ. ഒന്ന്, എല്ലാ പ്രായക്കാര്‍ക്കും കാണാവുന്നത്. രണ്ട്, പതിനാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോട് കൂടെ കാണാവുന്നത്. മൂന്ന്, പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്നത്. നാല്, തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക വിഭാഗം (ഉദാ:അദ്ധ്യാപകര്‍) ആളുകള്‍ക്ക് മാത്രം കാണാവുന്നത്. പലവിദേശ രാഷ്ട്രങ്ങളിലും ഈ വര്‍ഗീകരണം കുറച്ചു കൂടി സൂക്ഷ്മമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കേളികേട്ട ഫ്രാന്‍സില്‍ സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമാണ്. ആറ് വയസും ഏഴ് വയസുമുള്ള കുട്ടികള്‍ക്ക് വരെ എന്ത് കാണിക്കണം, കാണിക്കരുത് എന്ന് ഓസ്‌ട്രേലിയ, ജര്‍മ്മനി, ഹംഗറി, ബ്രസീല്‍, ബള്‍ഗേറിയ എന്നീ രാഷ്ട്രങ്ങളില്‍ നിയമമുണ്ട്. ഇന്ത്യയില്‍ പിന്തുടരുന്ന സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കാലാനുസൃതമായി മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണറായിരുന്ന ശര്‍മിള ടാഗോര്‍ പറഞ്ഞിരുന്നു. സിനിമയുടെ കാര്യത്തില്‍ പ്രായപൂര്‍ത്തി തീരുമാനിക്കുന്ന വയസ് പതിനെട്ടില്‍ നിന്ന് കുറക്കണമെന്ന ഒരാവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. ഇവിടെ ഒരു ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും അലയുന്നുണ്ട്. കാണാന്‍ പാടില്ലാത്തതാണ് എന്ന് പറഞ്ഞാല്‍ കൈക്കുമ്പിളിലേക്ക് ലോകം ഒതുങ്ങിപ്പോയ കാലത്ത് കുട്ടികള്‍ കാണാതിരിക്കുമോ? പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്നോ പതിനെട്ട് വയസിന് താഴെയുള്ളവര്‍ കാണരുത് എന്നോ ഇതൊന്നും മാതൃകയാക്കരുത് എന്നോ എഴുതി വെക്കുന്നത് സ്വര്‍ണ്ണം സൂക്ഷിച്ചുവച്ച സ്ഥലത്ത് “ഇവിടെ ഒന്നും സൂക്ഷിച്ചു വച്ചിട്ടില്ല” എന്ന ബോര്‍ഡ് വെക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ സിനിമ നിര്‍മാതാവിന്റെയും അഭിനയിക്കുന്നവരുടെയും സാമൂഹിക പ്രതിബദ്ധതയെയാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

Latest