Connect with us

Kerala

ഓണത്തിന് കെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കി

Published

|

Last Updated

പാലക്കാട്: ഓണത്തിന് തിരക്കൊഴിവാക്കാന്‍ അധികസര്‍വീസ് നടത്തുന്നതിന് പകരം കെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത്. ഇത്തവണ സംസ്ഥാനത്ത് 1,456 ഷെഡ്യൂളുകളാണ് കെ എസ് ആര്‍ ടി സി വെട്ടിക്കുറച്ചിരിക്കുന്നത്. സാധാരണ ഓണത്തിന് അധിക സര്‍വീസ് നടത്തുകയാണ് പതിവ്.—സര്‍വീസ് വെട്ടിക്കുറച്ചതോടെ യാത്രക്കാരുടെ ദുരിതം വര്‍ധിക്കും. ഇതിന് പുറമെ ജീവനക്കാരില്ലെങ്കില്‍ നിലവിലെ സര്‍വീസുകള്‍ കുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കെ എസ് ആര്‍ ടി സി മേഖലാ ഓഫീസുകളില്‍ നിന്ന് എ ടി ഒ മാര്‍ക്കും ഡി ടി ഒ മാര്‍ക്കും ഉത്തരവ് അയച്ചിട്ടുണ്ട്. കോര്‍പറേഷന്റെ 850 ല്‍പ്പരം ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. ഓരോ ഡിപ്പോയിലും ശരാശരി പത്ത് ബസുകളാണ് കട്ടപ്പുറത്തുള്ളത്. ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് തുടങ്ങിയവ ലഭിക്കാത്തതാണ് കാരണം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ നൂറോളം ബസുകള്‍ ഷെഡ്ഡില്‍ കിടക്കുന്നുണ്ട്. നിര്‍ത്തലാക്കുന്ന സര്‍വീസുകള്‍ ലാഭകരമല്ലാത്ത റൂട്ടുകളിലായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.
കെ എസ് ആര്‍ ടി സി ക്ക് മൊത്തമുള്ള 5,456 ഷെഡ്യൂളുകളില്‍ 4,500 മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയുള്ള സര്‍വീസുകള്‍ ഇത്ര മാത്രമായി നിജപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഷെഡ്യൂളുകള്‍ കുറക്കുന്നത് സംബന്ധിച്ച് 94 ഡിപ്പോകള്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കി. പാലക്കാട് ഡിപ്പോയില്‍ മൊത്തമുള്ള 101 ഷെഡ്യൂളില്‍ 71 എണ്ണം മതിയെന്നാണ് ഉന്നതതലങ്ങളില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. ഇവിടെ മാത്രം 16 ബസുകള്‍ കട്ടപ്പുറത്താണ്. കാസര്‍കോട് 99 ഷെഡ്യൂളുകളില്‍ 75 എണ്ണമാണ് ഇപ്പോഴുള്ളത്. കണ്ണൂരില്‍ 120 ഷെഡ്യൂളില്‍ 85 ഉം മലപ്പുറത്ത് 75ല്‍ 53ഉം തൃശൂരില്‍ 94ല്‍ 60ഉം ആണ് നിലവിലുള്ളത്. ഈ സ്ഥിതി തുടരാനാണ് മേഖലാ ഓഫീസില്‍ നിന്നുള്ള നിര്‍ദേശം. സ്‌പെയര്‍ പാര്‍ട്‌സും ടയറുമില്ലാതെ ബസുകള്‍ കട്ടപ്പുറത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. ജോലിക്കാര്‍ ഇല്ലാതാകുന്നപ്പോള്‍ ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയാണ് അധികൃതര്‍ രക്ഷപ്പെടുന്നത്. ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധിയും കെ എസ് ആര്‍ ടിസിയുടെ പ്രവര്‍ത്തനത്തെതാളം തെറ്റിക്കുകയാണ്. ജൂണ്‍ വരെയുള്ള വരവ് ചെലവ് വ്യക്തമാക്കുന്നത് ഓരോ മാസത്തെയും നഷ്ടം 103 കോടി രൂപയാണ്.— പ്രതിമാസ ശരാശരി വരുമാനം 167 കോടി രൂപയും ചെലവ് 270. 08 കോടിയുമാണ്. 1760 കോടി രൂപയുടെ വായ്പയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളത്. ഇതില്‍ ഓരോ മാസവും 65. 87 കോടി രൂപ തിരിച്ചടക്കണം. പലിശ മാത്രം 12.71 കോടി രൂപ നല്‍കണം. തിരിച്ചടവില്‍ സിംഹ ഭാഗവും കെ ടി ഡി എഫ് സിക്കാണ്. പലിശ ഉള്‍പ്പെടെ 56.5 കോടി രൂപയാണ് കെ എസ്ആര്‍ ടി സി നല്‍കുന്നത്. പാലക്കാട് ജില്ലാ സഹകരണ ബേങ്കിന് 5. 2 കോടി രൂപ മാസംതോറും നല്‍കേണ്ടതുണ്ട്. ഹഡ്‌കോ (1.27), എല്‍ ഐ സി (0. 42), കെ എസ് ടി സൊസൈറ്റി (0. 13) എന്നിങ്ങനെ മാസംതോറും തിരിച്ചടവ് പുറമെയുണ്ട്. എല്‍ ഐ സി വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ട് ഏറെക്കാലമായി. 3674. 13 കോടി രൂപയുടെ ആസ്തിയുള്ള കോര്‍പറേഷന് 1,760. 27 കോടി രൂപയുടെ ബാധ്യതയാണുള്ളത്. കൂടിയ പലിശ നിരക്കില്‍ കടം വാങ്ങിയതാണ് കോര്‍പറേഷനെ വെട്ടിലാക്കിയത്. മിക്ക സ്ഥലങ്ങളിലും കോടികള്‍ വിലമതിക്കുന്ന വസ്തു വകകള്‍ കോര്‍പറേഷനുണ്ട്. എന്നാല്‍ ഇവയുടെ രേഖകള്‍ കോര്‍പറേഷന്റെ കൈവശമില്ല. സര്‍ക്കാര്‍ ഭൂമി കോര്‍പറേഷന് രേഖാമൂലം കൈമാറിയാല്‍ മാത്രമേ ബേങ്കുകളിലേക്ക് വായ്പ മാറ്റാന്‍ കഴിയുകയുള്ളൂ. കെ ടി ഡി എഫ് സി യില്‍ നിന്നുള്ള 1366. 19 കോടി രൂപ വായ്പയുടെ പലിശ നിരക്ക് കുറക്കാന്‍ കഴിഞ്ഞാല്‍ കോര്‍പറേഷന് നേട്ടമുണ്ടാകും. എന്നാല്‍ ഇതിനുള്ള നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല.

Latest