Connect with us

Kerala

മഹത്വ രാജന്റെ യന്ത്രത്തകരാറ് കൊണ്ട് രക്ഷപ്പെട്ടത് 13 ജീവനുകള്‍

Published

|

Last Updated

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മഹത്വരാജന്‍ എന്ന മത്സ്യബന്ധന ബോട്ടിന്റെ പ്രൊപ്പല്ലര്‍ ഒടിഞ്ഞത് ദൈവനിയോഗമാണെന്ന് ബോട്ടിന്റെ ഡ്രൈവറായ ലാലന്‍ പറയുന്നത് വെറുതെയല്ല.
യന്ത്രത്തകരാറിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയില്‍ മഹത്വരാജന്‍ കെട്ടിയിട്ട് ജീവനക്കാര്‍ വിശ്രമിക്കുന്നതിനിടയിലാണ് അവരുടെ കണ്‍മുന്നില്‍ ബോട്ടപകടം നടക്കുന്നത്. ബോട്ടിലെ നാല് ജീവനക്കാര്‍ ചേര്‍ന്ന് മരണത്തിന്റെ വായില്‍ നിന്ന് രക്ഷിച്ചെടുത്തത് രണ്ട് പിഞ്ചു കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടെ 13 പേരുടെ വിലമതിക്കാനാകാത്ത ജീവനുകളാണ്.
അപകടത്തിനിടയാക്കിയ വെസലേല്‍ എന്ന ഓണ്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ഉരുക്കു വള്ളം ടൂറിസ്റ്റ് ജെട്ടിക്ക് തൊട്ടുപടിഞ്ഞാറു ഭാഗത്തുള്ള ഡീസല്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച ശേഷം ടോപ് ഗിയറില്‍ മുന്നോട്ടു കുതിച്ചപ്പോള്‍ തന്നെ കണ്ടു നിന്നവര്‍ അപകടം മണത്തു. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചി ജെട്ടിയിലേക്ക് ഭാരത് എന്ന യാത്രാ ബോട്ട് അടുത്തു കൊണ്ടിരിക്കുമ്പോഴാണ് കൂറ്റന്‍ വള്ളം ബോട്ടിന് നേരെ കുതിച്ചെത്തിയത്. കണ്ടു നിന്നവര്‍ ബഹളം വെക്കുന്നതിനിടെ നിമിഷാര്‍ഥത്തിനിടയില്‍ വള്ളം ബോട്ടില്‍ ഇടിച്ചു കയറി.
ഉരുക്കുവള്ളം ഇടിച്ചു കയറി പപ്പടം പോലെ തകര്‍ന്ന ബോട്ട് വെള്ളത്തില്‍ മുങ്ങുന്നതു കണ്ട് മഹത്വരാജന്‍ ബോട്ടിലെ ഡ്രൈവര്‍ നായരമ്പലം പുതുപ്പറമ്പില്‍ വീട്ടില്‍ ലാലനും മത്സ്യത്തൊഴിലാളികളായ നായരമ്പലം സ്വദേശികള്‍ ദീപു, അജി, പീറ്റര്‍ എന്നിവരും കാരിയര്‍ ബോട്ടായ ഡിങ്കിയില്‍ യാത്രാബോട്ടിനടുത്തേക്ക് കുതിച്ചു.
വെള്ളത്തില്‍ മുങ്ങിത്താണു കൊണ്ടിരുന്ന സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഒന്നൊന്നായി ഇവര്‍ കൈപിടിച്ച് ജീവിതത്തിലേക്ക് വലിച്ചു കയറ്റി. മൂന്ന് തവണ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയെ ലാലന്‍ പൊക്കിയെടുക്കുമ്പോള്‍ ജീവന്‍ ഉണ്ടോ എന്നു പോലും ഉറപ്പില്ലായിരുന്നു.
കുട്ടിയെ ഉയര്‍ത്തിയെടുത്ത് തലയില്‍ കമഴ്ത്തിക്കിടത്തി കുടിച്ച വെള്ളം ഛര്‍ദിപ്പിച്ചതോടെയാണ് ശ്വാസം നേരെ വീണതെന്ന് ലാലന്‍ പറയുന്നു. രണ്ട് കുട്ടികളെയും അഞ്ച് സ്ത്രീകളെയും ആറ് പുരുഷന്മാരെയും ഇവര്‍ തങ്ങളുടെ കാരിയര്‍ ബോട്ടില്‍ കരക്കെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ മത്സ്യബന്ധനത്തിന് കടലില്‍ പോയതാണ് ഈ ബോട്ട്. യന്ത്രത്തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് രാവിലെ തീരത്തേക്ക് മടങ്ങി. ഉച്ചയോടെ ഫോര്‍ട്ട്‌കൊച്ചിയിലെ ടൂറിസ്റ്റ് ജെട്ടിയില്‍ അടുപ്പിച്ചപ്പോള്‍ ബോട്ടിന്റെ പ്രൊപ്പല്ലര്‍ ഒടിഞ്ഞു പോയി ബോട്ട് നന്നാക്കുന്നതിനായി കാത്തുകിടക്കുമ്പോഴാണ് കണ്‍മുന്നില്‍ വന്‍ദുരന്തം അരങ്ങേറിയതും തൊഴിലാളികള്‍ രക്ഷകരായി മാറിയതും.