Connect with us

Kozhikode

കൂട്ട സ്ഥലം മാറ്റം: മുക്കത്ത് ഭരണം സ്തംഭിക്കുന്നു

Published

|

Last Updated

മുക്കം: മുക്കം ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന പരാതിയുമായി പ്രസിഡന്റ് രംഗത്ത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പായി ഓഫീസിലെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന എല്ലാ ജീവനക്കാരെയും ധൃതി പിടിച്ച് സ്ഥലം മാറ്റുന്നത് ഗ്രാമ പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന പരാതിയുമായാണ് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് രംഗത്തെത്തിയിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, അക്കൗണ്ടന്റ്, മൂന്ന് യുഡി ക്ലാര്‍ക്കുമാര്‍ എന്നിവരെയാണ് ഒന്നിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്.

നിലവിലുള്ള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചാര്‍ജ് എടുത്തിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. സ്ഥലം മാറ്റം ആവശ്യപ്പെട്ട എല്ലാ ജീവനക്കാരെയും ഒരുമിച്ച് സ്ഥലം മാറ്റി ഉത്തരവിറക്കുന്നത് ഇതാദ്യമാണെന്നാണ് പറയുന്നത്. സ്ഥലം മാറ്റപ്പെടുന്ന ജീവനക്കാര്‍ക്ക് പകരം വരേണ്ട ജീവനക്കാര്‍ എത്തുന്നതിനു മുമ്പ് തന്നെ നിലവിലുള്ളവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്ന് സെക്രട്ടറിയെ നിര്‍ബന്ധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. രണ്ട് യു ഡി ക്ലാര്‍ക്കുമാര്‍ക്ക് ഇതുവരെ പകരം ആള്‍ വന്നിട്ടില്ല. ഓഫീസിലെ സെക്രട്ടറിയടക്കം മുഴുവന്‍ പ്രധാനപ്പെട്ടയാളുകളും പുതിയ ആളുകളായതിനാല്‍ ഓഫീസിലെത്തുന്നവര്‍ കടുത്ത പ്രയാസങ്ങള്‍ നേരിടേണ്ടി വരും. ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഗ്രാമ പഞ്ചായത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനുള്ള ഗൂഢശ്രമമാണിതിന് പിന്നിലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു.

Latest