Connect with us

Kozhikode

ഓണം ഓര്‍മകള്‍ അയവിറക്കി കിടപ്പുരോഗികള്‍ ഒത്തുകൂടി

Published

|

Last Updated

മുക്കം: പഴയ കാലത്തെ ഓണവും അതിന്റെ തുടിക്കുന്ന ഓര്‍മകളുമായി അവര്‍ ഗ്രെയ്‌സിന്റെ മുറ്റത്ത് ഒരിക്കല്‍ കൂടി ഒത്തുകൂടി. നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളര്‍ന്ന മുപ്പതോളം പേരാണ് ഓണാഘോഷത്തിന്റെ ആവേശത്തില്‍ പങ്ക് ചേരാന്‍ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയറില്‍ വേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും മറന്ന് ഒത്തുകൂടിയത്. നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികളുടെ ഓണാഘോഷത്തില്‍ പങ്ക് ചേരാന്‍ പി ടി എ റഹീം എം എല്‍ എയും എത്തി. മലയോര മേഖലയിലെ നൂറ് കണക്കിന് കിടപ്പു രോഗികള്‍ക്ക് സാന്ത്വനമേകിക്കൊണ്ടിരിക്കുന്ന ഗ്രെയ്‌സ് പാലിയേറ്റീവ് കെയറിന് അഡ്വ. പി ടി എ റഹീം എം എല്‍ എ ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍ നല്‍കി. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ ചെലഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്ന പരിപാടിയില്‍ കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്ക് സ്‌പോണ്‍സര്‍ ചെയ്ത ലക്ഷം രൂപയുടെ ജനറേറ്റും ഗ്രെയ്‌സിന് നല്‍കി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി സി അന്‍വര്‍ മുഖ്യ പ്രഭാഷണം നടത്തി. ആനിയമ്മ അലക്‌സ്, ജില്ലാ പഞ്ചായത്തംഗം ഷെറീന സുബൈര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി ടി ബാബു, കെ സി നൗഷാദ്, ഒ ശരീഫുദ്ദീന്‍, എം എ സൗദ സംസാരിച്ചു. രാവിലെ നടന്ന ഓണാഘോഷ പരിപാടി എഴുത്തുകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശബ്‌ന പൊന്നാട് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. നട്ടെല്ല് രോഗികളടക്കം നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച സീനിയര്‍ വളണ്ടിയര്‍ കെ കെ ആലി ഹസനെ അനുമോദിച്ചു.