Connect with us

Kozhikode

മഹല്ല് മദ്‌റസയിലെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: മഹല്ല് കമ്മിറ്റി

Published

|

Last Updated

കിഴക്കോത്ത്: പന്നൂര്‍ മഹല്ലുകമ്മിറ്റിക്കു കീഴിലെ മദ്‌റസയില്‍വെച്ച് മഹല്ല് കുടുംബ സംഗമം എന്ന പേരില്‍ ഒരുവിഭാഗം നടത്താന്‍ നിശ്ചയിച്ച പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചേളാരിക്കാരുടെ പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പാകുന്നതുവരെ മഹല്ല് കമ്മിറ്റി എന്ന പേരില്‍ ഇരുവിഭാഗവും മഹല്ല് കമ്മിറ്റിക്ക് കീഴിലെ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പരിപാടികള്‍ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മഹല്ല് നിവാസികള്‍ ആര്‍ ഡി ഒക്ക് പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച വൈകീട്ട് തഹസില്‍ദാര്‍, എസ് ഐ എന്നിവരുടെ സാന്നിധ്യത്തില്‍ സബ് കലക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് തഹസില്‍ദാറും പോലീസും റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മദ്‌റസയില്‍ പരിപാടി നടത്തേണ്ടെന്ന് ഉത്തരവിട്ടു. ഇരുവിഭാഗവും സംയുക്തമായി അപേക്ഷ നല്‍കിയാല്‍ പരിപാടി നടത്താമെന്നും സബ് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ താമരശ്ശേരി തഹസില്‍ദാറുടെയും കൊടുവള്ളി സി ഐയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മഹല്ലിന്റെ വഖഫ് സ്വത്തായ മദ്‌റസയില്‍ പരിപാടി നടത്തേണ്ടതില്ലെന്നും പകരം പ്രാദേശിക ലീഗ് നേതാവായ കെ ആലി മാസ്റ്ററുടെ വീട്ടില്‍ നടത്താമെന്നുമാണ് ധാരണയായത്. എന്നാല്‍ സബ് കലക്ടറുടെ ഉത്തരവിന് വിരുദ്ധമായി കെ എം സി സി നേതാവായ ഇബ്‌റാഹീം എളേറ്റില്‍ മദ്‌റസയില്‍ പ്രസംഗം ആരംഭിച്ചു. മൈക്ക് ഉപയോഗിച്ച് പ്രസംഗിക്കുന്നത് റോഡിലുണ്ടായിരുന്ന പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താനായി മഹല്ല് നിവാസികളായ ചിലര്‍ എത്തിയപ്പോള്‍ മദ്‌റസക്കു മുന്നിലുണ്ടായിരുന്നവര്‍ ഫോട്ടോ എടുക്കുകയും അസഭ്യം പറയുകയുമായിരുന്നു. പിന്നീട് മദ്‌റസയില്‍നിന്ന് കൂടുതല്‍ ആളുകളെ വരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ പോലീസിനു നേരെ തട്ടിക്കയറുകയും ചെയ്തു. മദ്‌റസയില്‍നിന്ന് ഓടിയെത്തിയവരെ പോലീസ് അടിച്ചോടിക്കുകയും പലര്‍ക്കും പരുക്കേല്‍കുകയുമുണ്ടായി. വസ്തുതകള്‍ ഇതായിരിക്കെ കാന്തപുരം വിഭാഗം അക്രമം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം വഴിതിരിച്ചു വിടാനും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികളായ അഹമ്മദ്കുട്ടി ഹാജി, കൊല്ലരുതൊടുകയില്‍ അഹമ്മദ്കുട്ടി മാസ്റ്റര്‍, കല്ലരംകണ്ടി ഉമ്മര്‍ ഹാജി, പി മുഹമ്മദ് യൂസുഫ് ഹാജി, കണ്ണഞ്ചേരി അബ്ദുര്‍റഹ്മാന്‍, ചടങ്ങയില്‍ ജമാലുദ്ദീന്‍, പുളിയാറക്കല്‍ അബൂബക്കര്‍ ഹാജി അറിയിച്ചു.