Connect with us

Kozhikode

നൂറെണ്ണത്തിന് ആയിരം രൂപ; ഓണവിപണിയില്‍ താരമായി വാഴ ഇലയും

Published

|

Last Updated

കോഴിക്കോട്: ഓണാഘോഷമെന്നാല്‍ പ്രധാനമായും വിഭാവസമൃദ്ധമായ സദ്യതന്നെയാണ്. എത്രപരിഷ്‌കാരം വരുത്തിയാലും ഓണസദ്യ വാഴയിലയില്‍ തന്നെ ഉണ്ണുന്നതാണ് മലയാളിക്ക് ശീലം.
പണ്ട് കാലങ്ങളിലെല്ലാം വീട്ടിലെ പറമ്പുകളില്‍ കൃഷി ചെയ്യുന്ന വാഴയിലകള്‍ ശേഖരിച്ച് ഓണമുണ്ണുന്ന മലയാളിക്ക് ഇന്ന് മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഇതിനും അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കോഴിക്കോട് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലേക്കെല്ലാം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് വാഴയില എത്തുന്നത്. കൂടാതെ കോയമ്പത്തൂര്‍, മേട്ടുപാളയം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും ഇലയെത്തുന്നുണ്ട്. തിരുവോണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ കെട്ടുകണക്കിന് വാഴയിലകളാണ് തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കോട്ട് മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുന്നത്. 100 ഇലകള്‍ വീതമുള്ള കെട്ടൊന്നിന് 1000 രൂപയാണ് വില. തൂത്തുകുടിയില്‍ നിന്ന് വരുന്ന നാക്കിലക്ക് 400 എണ്ണമുള്ള കെട്ടിന് 3000 രൂപക്ക് മുകളിലാണ് വില. നാക്കില ഒന്നിന് എട്ട് രൂപയോളം നല്‍കണം. നഗരത്തിലെ ഹോട്ടലുകളിലെ ഓണസദ്യയും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളുമെല്ലാം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇലക്ക് വലിയ ഡിമാന്റാണെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ തിരുവോണം കഴിഞ്ഞാല്‍ വില കുത്തനെ ഇടിയുമെന്ന് വ്യാപാരികള്‍ പറയുന്നു.

Latest