Connect with us

Wayanad

ടൂജി സ്‌പെക്ട്രം കേസില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല: മുന്‍ മന്ത്രി എ രാജ

Published

|

Last Updated

ഗൂഡല്ലൂര്‍: ടൂജി സ്‌പെക്ട്രം അഴിമതി കേസില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി എ രാജ പറഞ്ഞു. ഡി എം കെയുടെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യം നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് പറയുന്നത്. ഇത് എന്താണെന്ന് മനസിലാകുന്നില്ല. കോയമ്പത്തൂര്‍ മുതല്‍ ഗൂഡല്ലൂര്‍ വരെ എനിക്ക് 250 നിവേദനങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ജനമനസുകളില്‍ ഇപ്പോഴും രാജയാണ് നീലഗിരിയുടെ എം പി. നിലവിലുള്ള എം പി നീലഗിരിക്ക് വേണ്ടി എന്താണ് ചെയ്തത്. അധികാരത്തിലേറിയാല്‍ നീലഗിരിയെ വികസനം കൊണ്ട് മൂടുമെന്ന് പറഞ്ഞവരെ ഇപ്പോള്‍ കാണുന്നില്ല. അധികാരത്തെക്കാള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് ജനസേവനമാണ്. ചില പത്രങ്ങളില്‍ ഞാന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചാണിപ്പോഴത്തെ ചര്‍ച്ച. മനുഷ്യത്വപരമായ സമീപനമാണ് ജനപ്രതിനിധികളില്‍ നിന്നുണ്ടാകേണ്ടത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഡി എം കെ അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തും. ഞാന്‍ മന്ത്രിയായിരുന്നുപ്പോഴാണ് ബി എസ് എന്‍ എല്‍ സേവനം സാധാരണ ജനങ്ങളിലേക്ക് എത്തിച്ചത്. അതുവരെ സമ്പന്നന്മാരുടെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. എ ഐ എ ഡി എം കെയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരണം നടക്കുന്നുണ്ടോയെന്നാണ് ജനങ്ങള്‍ സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ സെക്രട്ടറി കെ രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ബി എം മുബാറക്, എ ലിയാക്കത്തലി, പാണ്ഡ്യരാജ്, രവികുമാര്‍, ഗൂഡല്ലൂര്‍ എം എല്‍ എ ദ്രാവിഡമണി, ശിവാനന്ദരാജ, തമിഴ്‌ശെല്‍വന്‍, മുസ്തഫ, ടി എ റസാഖ്, കാശിലിംഗം, നാസറലി, മാങ്കോട് രാജ എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ വൈകുന്നേരം ഗൂഡല്ലൂരിലെത്തിയ രാജക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് ഗൂഡല്ലൂര്‍ ബസ്റ്റാന്‍ഡിന് മുമ്പിലും, ദേവര്‍ഷോല റോഡിലും അദ്ദേഹം പതാക ഉയര്‍ത്തി.

Latest