Connect with us

Wayanad

പുതിയ ആനത്താര; കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കമെന്ന് തമിഴ്‌നാട് കര്‍ഷക സംഘം

Published

|

Last Updated

ഗൂഡല്ലൂര്‍: വനംവകുപ്പിന്റെ പുതിയ ആനത്താരയുടെ കണ്ടെത്തല്‍ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഡനീക്കമാണെന്ന് തമിഴ്‌നാട് കര്‍ഷക സംഘം ആരോപിച്ചു. ഓവാലി, ഗൂഡല്ലൂര്‍, ദേവാല, ചേരമ്പാടി, ബിദര്‍ക്കാട് തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ ആനത്താരകള്‍ കൈയേറിയാണ് തേയിലയും മറ്റും കൃഷിയിറക്കിയിരിക്കുന്നതെന്നും കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നുമാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. 2000 ഏക്കര്‍സ്ഥലം ജനങ്ങള്‍ കൈയേറിയിരിക്കുകയാണെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ 30 വര്‍ഷമായി ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍ അനധികൃതമായി സ്ഥലം കൈയേറിയിട്ടില്ലെന്നും വനംവകുപ്പിന്റെ അവകാശവാദം പൊള്ളത്തരമാണെന്നും തമിഴ്‌നാട് കര്‍ഷക സംഘം പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. വനംവകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരെ തമിഴ്‌നാട്ടിലെ ഒമ്പത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും സമരരംഗത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ ഫണ്ട് ഉപയോഗിച്ച് കര്‍ഷകരുടെ കൈവശ ഭൂമി കൈയേറി ആനത്താരകള്‍ സൃഷ്ടിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആനകളുടെ സഞ്ചാരത്തിനാണ് കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നത്.
വനത്തില്‍ പാര്‍ത്തീനിയം വിഷചെടികളും ഉണ്ണിചെടികളും വ്യാപിച്ചതോടെയാണ് ആനകള്‍ വനംവിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്. വനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതായതോടെയാണ് ആനകള്‍ വനംവിടാന്‍ തുടങ്ങിയത്.