Connect with us

Palakkad

വിജിലന്‍ റെയ്ഡ്: ഡിപ്പോകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

Published

|

Last Updated

പാലക്കാട്: ഓണക്കാലം മുന്‍നിര്‍ത്തി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ സപ്ലൈ ഓഫീസിന് കീഴിലുള്ള അംഗീകൃത മൊത്ത വ്യാപാര ഡിപ്പോകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.
ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂറ്റനാട്, മരുതൂര്‍ അംഗീകൃത ഡിപ്പോകളിലായിരുന്നു പരിശോധന. ഇവിടെ വ്യാപക ക്രമക്കേട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡി വൈ എസ് പി എം സുകുമാരനാണ് പരിശോധനക്ക് നിര്‍ദേശം നല്‍കിയത്.
പരിശോധനയില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഗോഡൗണുകള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. നിലവില്‍ മൂവാറ്റുപുഴ സ്വദേശി മനോജ്കുമാറിന്റെ പേരിലാണ് ലൈസന്‍സുള്ളതെങ്കിലും കൂറ്റനാട് നോബിള്‍ ട്രേഡേഴ്‌സ് ഏജന്‍സിയാണ് ഇരുഗോഡൗണുകളും നടത്തിവന്നിരുന്നത്. ബന്ധപ്പെട്ട പഞ്ചായത്ത് ലൈസന്‍സോ ഫുഡ്‌സേഫ്റ്റി സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. റേഷന്‍കടക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ എടുക്കുമ്പോള്‍ അഥോറിട്ടി ലിസ്റ്റിലും സാമ്പിള്‍ ഇഷ്യു രജിസ്റ്ററിലും ഒപ്പുവച്ചിട്ടില്ലെന്നും കണ്ടെത്തി.
ബില്‍ ബുക്കില്‍ ബാച്ച് നമ്പര്‍ എഴുതി കാണുന്നില്ലെന്നും ബോധ്യപ്പെട്ടു. ക്രമരഹിതമായാണ് ഭക്ഷ്യധാന്യങ്ങള്‍ അടുക്കിവച്ചിരുന്നത്. നിര്‍ദ്ദിഷ്ട സ്ഥലത്തല്ലാതെ പുറമെ പുറമ്പോക്കില്‍ നാലുലോഡ് ഗോതമ്പ് അടുക്കിവച്ചതും കണ്ടെത്തി.
ഈ സാഹചര്യത്തില്‍ കൃത്യമായ സ്‌റ്റോക്ക് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടരവരെ നീണ്ടു. പാലക്കാട് വിജിലന്‍സ് സി ഐമാരായ എസ് സുനില്‍കുമാര്‍, കെ വിജയകുമാര്‍, എ എസ് ഐമാരായ ബി സുരേന്ദ്രന്‍, പി ജയശങ്കര്‍, ടി ജയപ്രകാശ്, എസ് സി പി ഒമാരായ എന്‍ രാജീവ്കുമാര്‍, രഞ്ജിത്ത്, വിശ്വനാഥന്‍, സി പി ഒമാരായ ഷംസീര്‍അലി, ജയശങ്കര്‍, രതീഷ്, ഗസറ്റഡ് ഓഫീസര്‍മാരായ ചിറ്റൂര്‍ ടി എസ് ഒ എസ് സെബാസ്റ്റ്യന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ദാസ്, ജില്ലാ സപ്ലൈ ഓഫീസിലെ ടി സുരേഷ്, ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം സീനിയര്‍ സൂപ്രണ്ട് അജിത്കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest