Connect with us

Wayanad

ഒമ്പത് മാസമായി പെന്‍ഷനില്ല; തിരുവോണ നാളില്‍ കുത്തിയിരിപ്പ് സമരവുമായി ഭിന്നശേഷിക്കാര്‍

Published

|

Last Updated

കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ തിരുവോണ നാളില്‍ കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. ജില്ലയില്‍ 70000ത്തിലധികം വരുന്ന ഭിന്നശേഷിക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവരായിട്ടുണ്ട്. ഇവര്‍ക്ക് ഒമ്പത് മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.
ഓണം പ്രമാണിച്ച് 800 രൂപ മാത്രമാണ് നല്‍കിയത്. മറ്റു വിഭാഗം പെന്‍ഷന്‍കാര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കിയശേഷം ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ പരിഗണിക്കുന്ന സ്ഥിതിയാണുള്ളത്. സര്‍ക്കാരിന്റെ അവഗണനക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പെന്‍ഷന്‍ കൃത്യസമയത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കാത്തത് ഈ വിഭാഗത്തോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയാണ്. പെന്‍ഷന്‍ പോസ്റ്റുമാന്‍ മുഖേന നല്‍കാനും നടപടി ഉണ്ടാകണം. ഇപ്പോള്‍ പെന്‍ഷന്‍ ബാങ്കുകള്‍ മുഖേനയും പോസ്‌റ്റോഫീസ് മുഖേനയും ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വഴി വരുന്ന പെന്‍ഷന്‍ വാങ്ങാന്‍ ഭിന്നശേഷിക്കാര്‍ക്ക് രണ്ടും മൂന്നും നിലകളില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ എത്തിപ്പെടാന്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്.
ശയ്യാവലംരായി കിടപ്പിലായിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ചെന്ന് പെന്‍ഷന്‍ വാങ്ങാന്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അഞ്ചുവര്‍ഷമായി വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നോക്കുകുത്തിയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന സ്വയംതൊഴില്‍ ധനസഹായവും സബ്‌സിഡിയും അടിയന്തിരമായി നല്‍കി ഈ വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഈ രംഗത്തും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ജപ്തി നടപടിനേരിടുന്ന ഭിന്നശേഷിക്കാരുടെ വായ്പകളെഴുതി തള്ളണം. കഴിഞ്ഞ എല്‍ ഡി എഫ്. സര്‍ക്കാര്‍ വായ്പകള്‍ എഴുതിതള്ളാനുള്ള പ്രാരംഭ നടപടികള്‍ സ്വകരിച്ചിരുന്നെങ്കിലും യു ഡി എഫ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ജോലിചെയ്ത ഭിന്നശേഷിക്കാരെ ജോലിയില്‍ സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ സംവരണം ഏര്‍പ്പെടുത്തുക, ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തിരുവനന്തപുരത്തെ സ്ഥപനം അടച്ചുപൂട്ടാതിരിക്കുക, വ്യാജവികലാംഗരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന വിവിധ ഘട്ടങ്ങളില്‍ സമരം നടത്തിയിരുന്നു. ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.
വ്യാജന്മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളടക്കം ഉപരോധിക്കുന്ന രീതിയിലേക്ക് സംഘടന സമരരീതി മാറ്റുമെന്ന് ജില്ലാ പ്രസിഡന്റ് സി എച്ച് അഷറഫ്, സെക്രട്ടറി കെ വി മോഹനന്‍, മറ്റു ഭാരവാഹികളായ എ വി. മത്തായി, റഷീദ് കണിയാമ്പറ്റ, കെ പി ജോര്‍ജ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

Latest