Connect with us

National

താജാമുല്ലി ബീഗത്തിനായി ഉയരുന്നു, മറ്റൊരു താജ്മഹല്‍

Published

|

Last Updated

ഭാര്യയുടെ സ്മരണക്കായി പണിത സൗധത്തിന് മുന്നില്‍ ഫൈസല്‍ ഹസന്‍ ഖാദ്രി

ലക്‌നൗ: പ്രിയ പത്‌നി മുംതാസ് മഹലിന് അനുപമ സ്മാരകമൊരുക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് വലിയ പ്രയാസമൊന്നും നേരിട്ടിരിക്കാനിടയില്ല. പക്ഷേ, മരിച്ചുപോയ തന്റെ ഭാര്യയുടെ സ്മരണകള്‍ അനശ്വരമാക്കാന്‍ ഉത്തര്‍പ്രദേശിലെ ബുലന്ത്ശഹ്ര്‍ സ്വദേശിയായ മുന്‍ പോസ്റ്റ്മാസ്റ്റര്‍ക്ക് കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കേണ്ടിവരുന്നത്. അദ്ദേഹം പണിയുന്നത് മറ്റൊരു താജ്മഹല്‍ തന്നെയെന്നതാണ് അതിന് കാരണം.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ത്ശഹ്‌റിന് സമീപം കാസര്‍ കലേന്‍ ഗ്രാമത്തില്‍ താമസിക്കുന്ന എണ്‍പതുകാരനായ ഫൈസല്‍ ഹസന്‍ ഖാദ്രിയാണ് പുതിയ കഥയിലെ നായകന്‍. ഇദ്ദേഹത്തിന്റെ ഭാര്യ താജാമുല്ലി ബീഗം നാല് വര്‍ഷം മുമ്പ് തൊണ്ടയിലെ അര്‍ബുദബാധയെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഭാര്യയെ അളവറ്റ് സ്‌നേഹിച്ചിരുന്ന ഫസലിന് അവരെ കുറിച്ചുള്ള ഓര്‍മകള്‍ അനശ്വരമാക്കാന്‍ മറ്റൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഭാര്യയുടെ മൃതദേഹം അടക്കം ചെയ്ത ഹരിതഭൂമിയില്‍ താജ്മഹല്‍ പോലൊരു സൗധം പണിയാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
കൊച്ചു താജ് മഹലിന്റെ നിര്‍മാണം തുടങ്ങിയപ്പോഴാണ് മനസ്സിലായത്, കൈയിലുള്ള പണമൊന്നും അതിന് തികയില്ലെന്ന്. ആദ്യം തന്റെ ഭൂമിയില്‍ നിന്ന് കുറച്ച് വിറ്റു. പിന്നെ, ഭാര്യയുടെതായുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും. അങ്ങനെ ലഭിച്ച തുക കൊണ്ട് മഖ്ബറയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പതിനൊന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് താജ്മഹലിന്റെ അതേ മാതൃകയിലുള്ള കെട്ടിടവും പൂര്‍ത്തീകരിച്ചു.
27 അടി ഉയരമുള്ള നാല് മിനാരങ്ങളും പിറകില്‍ ജലാശയവും അവിടവിടെയായി മരങ്ങളും ഒരുക്കി. കെട്ടിടത്തില്‍ മാര്‍ബിള്‍ പതിക്കുന്നതിനും ചുറ്റുവട്ടം പുല്‍ത്തകിടിയൊരുക്കുന്നതിനും ഇനിയും പണം ആവശ്യമുണ്ട്. അതിന് വഴികാണാതെ വിഷമിച്ചിരിക്കുകയാണ് ഈ എണ്‍പതുകാരന്‍.
പലരും സഹായവാഗ്ദാനവുമായി വരുന്നുണ്ടെങ്കിലും, 58 വര്‍ഷം തനിക്കൊപ്പമുണ്ടായിരുന്ന സഹധര്‍മിണിക്ക് സ്മാരകമൊരുക്കാന്‍ മറ്റാരുടെയും സഹായം വേണ്ടെന്നാണ് ഫൈസല്‍ പറയുന്നത്. അതിനിടെ, ഇദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഫൈസലിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാറും സാമ്പത്തിക സഹായം പ്രഖ്യാപിച്ചെങ്കിലും അതും വേണ്ടെന്ന നിലപാടിലാണ് പഴയ പോസ്റ്റ്മാസ്റ്റര്‍.
ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും പുതിയ താജ്മഹല്‍ കാണാന്‍ നിരവധിയാളുകളാണ് കേട്ടറിഞ്ഞെത്തുന്നത്. ഫൈസലും ഇപ്പോള്‍ ഏത് നേരവും ഈ സ്മാരക മന്ദിരത്തില്‍ തന്നെയാണ് കഴിയുന്നത്. മരിച്ചാല്‍ തന്നെയും ഇതിനകത്ത് തന്നെ അടക്കം ചെയ്യണമെന്ന് അദ്ദേഹം തന്റെ സഹോദരനോട് നിര്‍ദേശിച്ചിരിക്കുകയാണ്.
ഇനി മുഖ്യമന്ത്രിയെ ചെന്നു കാണണം, താജ്മഹല്‍ പൂര്‍ത്തിയാക്കാന്‍ സഹായം ചോദിച്ചല്ല. ഗ്രാമത്തിലുള്ള തന്റെ സ്‌കൂളിന് വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കാന്‍.

Latest