Connect with us

National

മംഗളൂരുവില്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 139 സാമുദായിക സംഘര്‍ഷങ്ങള്‍

Published

|

Last Updated

മംഗളൂരു: ഈ വര്‍ഷം ജനുവരി മുതല്‍ ഇത് വരെ മംഗളൂരുവില്‍ 139 സാമുദായിക സംഘട്ടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പോലീസ് രേഖകളും മാധ്യമ റിപ്പോര്‍ട്ടുകളും ആസ്പദമാക്കി മനുഷ്യാവകാശ സംഘടനകളിലൊന്നായ യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (പി യു സി എല്‍) എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മംഗളൂരുവിലെ ഹിന്ദു- മുസ്‌ലിം സംഘര്‍ഷങ്ങളുടെ കണക്കുകള്‍. സംഘര്‍ഷങ്ങളിലേറെയും തീവ്രഹിന്ദു ഗ്രൂപ്പുകള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടത്തിയതാണ്.
139ല്‍ 132 ഉം ബജ്‌റംഗ്ദള്‍, ഹിന്ദു ജാഗരണ്‍ വേദിക് പ്രവര്‍ത്തകര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ അക്രമങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലെയുള്ള തീവ്ര മുസ്‌ലിം സംഘടനകള്‍ക്കും സംഘര്‍ഷങ്ങളില്‍ പങ്കുണ്ട്. ബി ജെ പി ഭരണത്തിന്റെ അവസാന ഒമ്പത് മാസങ്ങളില്‍ 124 അക്രമ സംഭവങ്ങളും കോണ്‍ഗ്രസ് ഭരണത്തിലേറിയ ശേഷം ആദ്യ ഒമ്പത് മാസത്തില്‍ 100ലധികം അക്രമ സംഭവങ്ങളുമുണ്ടായി. സംഘര്‍ഷം പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാറുകള്‍ പരാജയമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മംഗളൂരുവിലെ സമുദായ ധ്രുവീകരണം വ്യക്തമാക്കുന്ന ഏറ്റവുമൊടുവിലെ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത.് കഴിഞ്ഞ തിങ്കളാഴ്ച്ച ഹിന്ദു സഹപ്രവര്‍ത്തകയെ സഹായിക്കാന്‍ ശ്രമിച്ച മുസ്‌ലിം യുവാവിനെ പൊതുസ്ഥലത്ത് കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. നഗരത്തിലെ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ സംഭവത്തെ ന്യായീകരിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
ഒരു മുസ്‌ലിമിനാല്‍ ഹിന്ദു സ്ത്രീ അപമാനിക്കപ്പെടുന്ന ഓരോ സമയത്തും അതിനെ പ്രതിരോധിക്കാനായി ബജ്‌റംഗ്ദള്‍ മുന്‍ നിരയില്‍ തന്നെയുണ്ടാവുമെന്നും ലവ് ജിഹാദും ഗോവധവും അവസാനിക്കുന്നത് വരെ ഇത്തരം അക്രമണങ്ങള്‍ തുടരുമെന്നും കര്‍ണാടക ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ ശരണ്‍ പംപ്വെല്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം രാജ്യത്തുടനീളം തീവ്രഹിന്ദുത്വ സംഘടനകള്‍ ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആസുത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ബി ജെ പിയുടെ ഭരണക്കാലത്ത് സദാചാര പോലീസുകാരെ കൊണ്ട് പൊറുതിമുട്ടിയിട്ടാണ് മംഗളൂരു ജില്ലയിലെ ജനങ്ങള്‍ കോണ്‍ഗ്രസനെ തിരെഞ്ഞെടുത്തതെന്നും മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനങ്ങളുടെ വിധിയെ മാനിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും സി പി ഐ നേതാവ് മുനീര്‍ കാട്ടിപല്ല പറഞ്ഞു. എന്നാല്‍, അക്രമ സംഭവങ്ങള്‍ക്കെതിരെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കെ ജി ജോര്‍ജ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ വര്‍ഗീയവാദികളെ ഗുണ്ടാ ആക്ടും യു എ പി എയും ചുമത്തി അറസ്റ്റ് ചെയ്യാന്‍ മംഗളുരു പോലീസിനോട് നിര്‍ദേശിക്കുമെന്നും കെ ജി ജോര്‍ജ് പറഞ്ഞു.